2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി അപേക്ഷകരെ കൊണ്ട് വീര്‍പ്പുമുട്ടി കൃഷിഭവനുകള്‍

താമരശ്ശേരി: കര്‍ഷകര്‍ക്ക് ആറായിരം രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭ്യമാകുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷകരെ കൊണ്ട് പൊറുതിമുട്ടി കൃഷിഭവനുകള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ഇന്നലെ എന്ന അറിയിപ്പാണ് ഏറെ പൊല്ലാപ്പായത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അവധിയും ഹര്‍ത്താലുമായതും അറിയിപ്പുകള്‍ ലഭിക്കാന്‍ വൈകിയതുമാണ് സാധാരണ ജനങ്ങളെ ആശങ്കയിലാക്കിയത്. ഈ മാസം 20 നോടകം അപേക്ഷ നല്‍കാത്തവര്‍ക്ക് 6000 രൂപയില്‍ നിന്നും 2000 രൂപ കുറച്ചാണ് ലഭിക്കുക എന്ന പ്രചാരണം തിരക്ക് വര്‍ധിക്കാന്‍ കാരണമായി. പല കൃഷിഭവനുകളും ഞായറാഴ്ചയും ഹര്‍ത്താല്‍ ദിനവും തുറന്നിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് എത്തിപ്പെടാനും അറിയാനും സാധിക്കാതെ പോയി.
താമരശ്ശേരി, ഉണ്ണികുളം, കട്ടിപ്പാറ, കോടഞ്ചേരി, കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്തുകളിലെ കൃഷിഭവനുകളില്‍ രാവിലെ എട്ടിനു മുന്‍പു തന്നെ ആള്‍ക്കാരെത്തി ക്യൂ നിന്നിരുന്നു. ജനബാഹുല്യം മൂലം പല കൃഷിഭവനുകളിലും പ്രവൃത്തികള്‍ മുടങ്ങുകയും ചെയ്തതോടെ ടോക്കണ്‍ നല്‍കി ആള്‍ക്കാരെ വിടുകയായിരുന്നു.
ചില സ്ഥലങ്ങളില്‍ ക്യൂ നിന്നവരും ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റവും നടന്നു. പദ്ധതിയുടെ അപേക്ഷ സ്വീകരിക്കല്‍ ഈ മാസം 30 വരെ നീട്ടിയതായി അറിയിച്ചിട്ടും ആരും പിരിഞ്ഞുപോകാത്തതും ഏറെ വൈകിയും കൃഷിഭവനുകളില്‍ തിരക്ക് അനുഭവപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.