2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രധാനാധ്യാപകര്‍ ശിപായിമാരായി മാറുന്ന കശ്മിരി സ്‌കൂളുകള്‍

ശ്രീനഗര്‍:ജമ്മുകശ്മിര്‍ ബാരാമുള്ള ജില്ലയിലെ റാഫിയാബാദിലെ ഒരു സ്‌കൂളിലെ നോട്ടിസ് ബോര്‍ഡില്‍ ഹെഡ്മാസ്റ്റര്‍ കം ചൗക്കിദാര്‍ എന്ന് എഴുതിവച്ചിരിക്കുന്നത് കണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാലി കൊല്ലപ്പെട്ട ജൂലൈ എട്ടുമുതല്‍ കശ്മിരില്‍ തുടങ്ങിയ അസ്വസ്ഥതയെതുടര്‍ന്ന് ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ നേരിടേണ്ടി വന്ന സ്‌കൂളുകളിലെല്ലാം പ്രധാനാധ്യാപകര്‍ ഇന്ന് ശിപായിമാരുടെ ജോലിയും ചെയ്യേണ്ടി വരുന്നു.
അക്രമികള്‍ തീയിട്ടതും അല്ലാത്തതുമായ സ്‌കൂളുകള്‍ക്ക് കാവല്‍ നില്‍ക്കേണ്ട ജോലിയിലേര്‍പ്പെടുന്ന പ്രധാനാധ്യാപകര്‍, ശിപായിമാരായി മാറിയതില്‍ ഒരുതരത്തിലുള്ള അസാധാരണത്വവും ഇല്ലാതായിരിക്കുന്നുവെന്നും അധ്യാപകര്‍ പറയുന്നു.
സംസ്ഥാനത്തെ 30ഓളം സ്‌കൂളുകളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഇപ്പോള്‍ എല്ലാ അധ്യാപകരോടും അവരവരുടെ സ്‌കൂളുകളിലേക്ക് എത്താനും രാവും പകലും സംരക്ഷണം നല്‍കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. അക്രമികള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ഇത്തരത്തിലുള്ള സംരക്ഷണം അനിവാര്യമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അധ്യാപകര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു കഴിഞ്ഞതായും ഓരോരുത്തരും അവരവരുടെ സ്‌കൂളുകളുടെ സംരക്ഷണചുമതല ഏറ്റെടുത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിലെ മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ ആരിഫ് ഇഖ്ബാല്‍ മാലിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സ്‌കൂള്‍ സംരക്ഷണത്തിനായി ഡിവിഷനല്‍ കമ്മിഷണര്‍ ബഷീര്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.
അധ്യാപകര്‍ സുരക്ഷയൊരുക്കുന്നുണ്ടെങ്കിലും 24 മണിക്കൂറും പൊലിസിന്റെ മേല്‍നോട്ടവും സ്‌കൂളിനുണ്ടാകും. സ്‌കൂളുകളിലെ ശിപായിമാര്‍ 24 മണിക്കൂറും ജോലി ചെയ്യുകയാണ്. ശിപായിമാരുടെ സേവനം ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ പ്രധാനാധ്യാപകനോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും അധ്യാപകരോ ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
കശ്മിര്‍ താഴ്്‌വരയിലെ 20 ശതമാനം സ്‌കൂളുകളില്‍ മാത്രമേ രാത്രിയിലും ശിപായിമാരുടെ സേവനം ലഭ്യമാകുന്നുള്ളൂ. അല്ലാത്തിടത്തെല്ലാം ശിപായിമാരുടെ ജോലി ചെയ്യുന്നത് പ്രധാനാധ്യാപകര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇത്തരത്തിലുള്ള ഒരു ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നയീം അഖ്തര്‍ അറിയിച്ചു. ഇതുസബംന്ധിച്ച് പരാതി ഉയര്‍ന്നാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം തങ്ങള്‍ രാവും പകലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അധ്യാപകര്‍ ആരോപിച്ചു.
വനിതാ അധ്യാപകരെ പോലും ഇത്തരത്തില്‍ സുരക്ഷാ ചുമതലക്ക് നിയോഗിക്കുന്ന സര്‍ക്കാറിന് വീണ്ടുവിചാരമില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.