2017 October 18 Wednesday
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക
ബൈബിള്‍

പ്രധാനമന്ത്രിയാകാന്‍ തയാറെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് സ്മൃതി ഇറാനി

ബെര്‍ക്‌ലി: 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയാറെന്ന് രാഹുല്‍ ഗാന്ധി. കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലിയില്‍ വിദ്യാര്‍ഥികളെ അഭിസംബാധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ വിദേശയാത്രയുമായി ബന്ധപ്പെട്ട് യു.എസിലെത്തിയതായിരുന്നു രാഹുല്‍. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയാറാണോ എന്ന ചോദ്യത്തിനു മറുപടിയായാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ പൂര്‍ണമായും തയാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസിന് പ്രത്യേകം സംഘടനാ സംവിധാനങ്ങളുണ്ടെന്നും അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇത്തരം രീതി കാണാമെന്നും രാഹുല്‍ വ്യക്തമാക്കി. അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍, മുകേഷ്, അനില്‍ അംബാനിമാര്‍ തുടങ്ങി രാജ്യത്ത് പല മേഖലകളിലും പല ആളുകളും ഇത്തരത്തില്‍ രംഗത്ത് വന്നിട്ടുള്ളവരാണെന്നും രാഹുല്‍ പറഞ്ഞു. ഒരാള്‍ കാര്യക്ഷമതയുള്ളയാളാണോ എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ആഗോള ചിന്തകരും രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് രാഹുലിന്റെ അമേരിക്കന്‍ സന്ദര്‍ശനം.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹത്തെ രാജ്യത്തെ ജനങ്ങള്‍ യാതൊരു തരത്തിലും പിന്തുണക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു വിദേശ രാജ്യത്തിരുന്ന് ഇത്തരത്തില്‍ കള്ളം പറയരുത്. സോണിയ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് പരാജയമായിരുന്നുവെന്ന് രാഹുല്‍ സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.