2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ മഹാമേരുവിനെപ്പോലെ നിന്ന മാണിസാര്‍

രമേശ് ചെന്നിത്തല

 

ഏത് കൊടുങ്കാറ്റിന് നടുവിലും ഒരു മഹാമേരുവിനെപോലെ അക്ഷോഭ്യനായി നിന്ന അതുല്യ വ്യക്തിത്വമായിരുന്നു മാണിസാര്‍. അദ്ദേഹത്തിന്റെ ഈ വിയോഗം അപ്രതീക്ഷിതമായിരുന്നു. മാണിസാറിനൊപ്പം രണ്ട് കാബിനറ്റുകളില്‍ ഞാന്‍ അംഗമായിരുന്നു. 1986ല്‍ കരുണാകരന്‍ മന്ത്രിസഭയിലും 2014ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും. 1982ല്‍ ആദ്യമായി എം.എല്‍.എ ആയി നിയമസഭയിലെത്തിയ നാള്‍മുതല്‍ രോഗാതുരനായി ആശുപത്രിയില്‍ പ്രവേശിക്കുന്ന നാള്‍വരെ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാന്‍ എനിക്ക് കഴിഞ്ഞിരുന്നു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചക്കിടയില്‍ അതീവ ഊര്‍ജ്വസ്വലനായാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. അന്ന് അദ്ദേഹവുമായി ഏറെ സംസാരിക്കുകയും ചെയ്തു. ഒരു പൊതുപ്രവര്‍ത്തകന് എങ്ങനെ മികച്ച പാര്‍ലമെന്റേറിയനും ഭരണകര്‍ത്താവുമാകാമെന്ന് ഞാനടക്കമുള്ളവര്‍ പഠിച്ചത് മാണിസാറില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ എന്റെ മനസില്‍ സൃഷ്ടിച്ചത് വലിയൊരു ശൂന്യതയാണ്. ലീഡര്‍ കെ. കരുണാകരന്റെ മരണത്തിന് ശേഷം ഇത്രയേറെ ഉലച്ച ഒരു ദേഹവിയോഗം മാണിസാറിന്റെതാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഞാന്‍ ആഭ്യന്തര മന്ത്രിയും മാണിസാര്‍ ധനകാര്യമന്ത്രിയും ആയിരുന്ന സമയത്താണ് പ്രതിപക്ഷം അദ്ദേഹത്തിന്റെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും നിയമസഭയാകെ അടിച്ചുതകര്‍ക്കുകയും ചെയ്തത്. കൊടുങ്കാറ്റിന് മലയോട് എന്ത് ചെയ്യാനാകും എന്ന് പറയുന്നപോലെ അക്ഷോഭ്യനായി മാണിസാര്‍ നിയമസഭയിലേക്ക് കടന്നുവന്നു. ഒന്നിനെയും കൂസാതെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ മാണിസാര്‍ തന്റെ പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. കേരള രാഷ്ട്രീയത്തിലെ ഒരു യുഗമാണ് മാണിസാറിന്റെ ദേഹവിയോഗത്തിലൂടെ അസ്തമിക്കുന്നത്. ഇനി അദ്ദേഹത്തെപോലൊരു രാഷ്ട്രീയ നേതാവ് നമുക്കിടയില്‍ ഉണ്ടായേക്കില്ല. അദ്ദേഹം ജീവിച്ച കാലത്ത് ജീവിച്ച് അദ്ദേഹത്തോടൊപ്പം പൊതുപ്രവര്‍ത്തനം നടത്താനും നിയമനിര്‍മാണ സഭകളിലും മന്ത്രിസഭകളിലും ഇരിക്കാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ അസുലഭമായ ഭാഗ്യമായി ഞാന്‍ കരുതുന്നു. മാണിസാറിന്റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.