2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

തൃക്കരിപ്പൂര്‍: ഇളമ്പച്ചിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം നടത്തിയ പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നേതൃത്വം പ്രക്ഷോഭത്തിനു തയാറെടുക്കുന്നു. കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറിയും പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ കെ.വി കുഞ്ഞികൃഷ്ണന്റെ വീടിനു നേരെ മൂന്നു തവണ അക്രമം നടന്നിട്ടും പൊലിസ് നിഷ്‌ക്രിയരായതായി തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു.
രണ്ടര വര്‍ഷം മുമ്പ് നടന്ന ആദ്യ അക്രമത്തില്‍ വീടിനു നേരെ കല്ലെറിയുകയും ചുറ്റുമതില്‍ തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലായിരുന്നു ഇത്.  ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്തും കുഞ്ഞികൃഷ്ണന്റെ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലിസ് നിര്‍ദേശത്തെ തുടര്‍ന്നു വീട്ടില്‍ സി.സി.ടി.വി സ്ഥാപിച്ച ശേഷം കഴിഞ്ഞ മാസം 10 ന് പുലര്‍ച്ചെ 1.30 ഓടെ മൂന്നാമതും അക്രമമുണ്ടായി.
താഴത്തെ കിടപ്പുമുറിയുടെ ജനല്‍ ചില്ല് കല്ലു കൊണ്ട് തകര്‍ക്കുന്നയാളെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തി തിരിച്ചറിഞ്ഞിട്ടും അറസ്റ്റുണ്ടായില്ല. പൊലിസ് പക്ഷപാതപരമായി പെരുമാറുന്നതായും അക്രമം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈയില്‍ വച്ച് പൊലിസ് നടത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണു കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് തയാറെടുത്തിട്ടുള്ളത്.  
ഇതു സംബന്ധിച്ച് ഉന്നത പൊലിസ് അധികൃതര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കും. പ്രിയദര്‍ശിനി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി മുകുന്ദന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി നിര്‍വാഹക സമിതി അംഗം പി.വി കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, കെ.വി വിജയന്‍, ടി ധനഞ്ജയന്‍, സി ദാമോദരന്‍, എം ഇബ്രാഹിം, കെ നാരായണന്‍, കെ ശ്രീധരന്‍, കെ കണ്ണന്‍, എന്‍ സുകുമാരന്‍, എം രജീഷ് ബാബു, യു.കെ ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.