2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

Editorial

പ്രതിമകൊണ്ട് രാജ്യത്ത് ഐക്യമുണ്ടാക്കാന്‍ കഴിയില്ല


സി.ആര്‍ നീലകണ്ഠന്‍@

 

രാമായണത്തെ അടിസ്ഥാനമാക്കി ഭാസന്‍ എഴുതിയതാണ് ‘പ്രതിമാനാടകം’. വംശപരമ്പരയുടെ പ്രതിമകള്‍ സ്ഥാപിച്ച അരങ്ങിലാണ് ആ നാടകം നടക്കുന്നത്. ഇവിടെ മറ്റൊരു പ്രതിമാനാടകം നടത്തുകയാണു കേന്ദ്രസര്‍ക്കാര്‍.
ഏകദേശം ഏഴായിരം കോടി രൂപ മുടക്കി രണ്ടു പ്രതിമകളാണിവിടെ ഉയരുന്നത്. ആദ്യമുയര്‍ന്നതു സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെതാണ്, ചെലവ് മൂവായിരം കോടി. രണ്ടാമത്തേത് മഹാരാഷ്ട്രയിലാണ് ഉയരാന്‍ പോകുന്നത്. ശിവജിയുടേതാണ് ആ പ്രതിമ. ചെലവ് 3600 കോടി.
രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണു പട്ടേല്‍പ്രതിമയെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇത്രയും തുക മുടക്കി ഈ പ്രതിമ നിര്‍മിച്ചതിനെക്കുറിച്ച് മോദി സര്‍ക്കാര്‍ പറയുന്ന ന്യായീകരണമിതാണ്.
‘ഇത്ര ഉയരമുള്ള മറ്റൊരു പ്രതിമ ലോകത്തെവിടെയുമില്ലെന്നതിനാല്‍ ലോകാത്ഭുതമായി പരിഗണിക്കപ്പെടും. അതുവഴി നമ്മുടെ ആത്മാഭിമാനമുയരും. വിനോദസഞ്ചാരമേഖലയില്‍നിന്നു വലിയ തുക കിട്ടും. അതിനാല്‍ മുടക്കുമുതല്‍ പാഴാകില്ല!’
എന്തുകൊണ്ട് സര്‍ദാര്‍ പട്ടേലിന്റെയും ശിവജിയുടെയും പ്രതിമകള്‍ എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയിലെ പൗരന്മാരില്‍ ലോകം ഏറ്റവുമധികം ആദരിക്കുന്ന വ്യക്തി ഏതു നിലയ്ക്കും മഹാത്മാഗാന്ധിയാണ്. (അദ്ദേഹം ജനിച്ചതും ഗുജറാത്തിലാണെന്നതിനാല്‍ ഗുജറാത്തിന്റെ അഭിമാനവും അദ്ദേഹത്തിലൂടെ ഉയരുമല്ലോ)
അപ്പോള്‍ ഖ്യാതിയും ദേശാഭിമാനവുമല്ല ഈ രണ്ടു പേരുടെ പ്രതിമ സ്ഥാപിക്കുന്നതിനു പിന്നിലെന്നു വ്യക്തം. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി നെഹ്‌റു ഇന്നത്തെ ഭരണക്കാര്‍ക്കു ചതുര്‍ത്ഥിയാണ്. ഭരണഘടനാശില്‍പ്പിയായ ഡോ. അംബേദ്കറുടെ പ്രതിമയായിക്കൂടേയെന്ന ചോദ്യത്തിനും ഇതേ ഉത്തരം തന്നെയാകും ഇവര്‍ക്കു മനസിലെങ്കിലുമുണ്ടാകുക.
സര്‍ദാര്‍ പട്ടേല്‍ മഹാനായ നേതാവായിരുന്നു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് വളരെ ഉയര്‍ന്ന സ്ഥാനമുണ്ടായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. അതു തടഞ്ഞതു മഹാത്മജിയാണെന്നു ചരിത്രം പഠിച്ചവര്‍ക്കറിയാം. തടയാന്‍ ഗാന്ധിക്കു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. സാങ്കേതികവിദ്യ, വികസനം മുതലായ കാര്യങ്ങളില്‍ നെഹ്‌റുവുമായി ഗാന്ധിക്കു കാതലായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും, മതേതരത്വമാണ് ഇപ്പോള്‍ മറ്റെന്തിനേക്കാളും മാനിക്കപ്പെടേണ്ടതെന്ന തിരിച്ചറിവുകൊണ്ടാണ് അദ്ദേഹം നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കാന്‍ കരുനീക്കം നടത്തിയത്.
എങ്കിലും പട്ടേലിനെ തഴഞ്ഞില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തരവകുപ്പു തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചു. അതിനാല്‍, പട്ടേലിനെ കോണ്‍ഗ്രസ് തഴഞ്ഞുവെന്ന മോദിവാദത്തില്‍ കഴമ്പില്ല. പക്ഷേ, അങ്ങനെ വാദിച്ചു നെഹ്‌റുവിനേക്കാള്‍ ഉയര്‍ന്നനേതാവായിരുന്നു പട്ടേലെന്നു സ്ഥാപിക്കാനാണു രാഷ്ട്രീയമായി ബി.ജെ.പി ശ്രമിക്കുന്നതെന്നതു രഹസ്യമല്ല. അതാണ് അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ അജന്‍ഡ.
നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തിലാണു രാഹുല്‍വരെയുള്ളവര്‍ കോണ്‍ഗ്രസിന്റെ പരമോന്നത നേതൃത്വത്തില്‍ ഇരിക്കുന്നത്. മഹാത്മാഗാന്ധിയുടെ പിന്‍മുറക്കാരാണെന്ന തെറ്റിദ്ധാരണ പരത്താന്‍ സാധ്യതയുള്ള പേരും വഹിച്ചാണ് നെഹ്‌റുവിന്റെ പിന്‍ഗാമികള്‍ രംഗത്തുള്ളത്.
രാജ്യത്തെ പരമോന്നത നേതാവ് പട്ടേലാണെന്നു വരുത്തി സോണിയയെയും രാഹുല്‍ ഗാന്ധിയെയും കൊച്ചാക്കണം. നെഹ്‌റുവിരുദ്ധനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരും രൂപവും ഉപയോഗിച്ചു നെഹ്‌റു പരമ്പരയെ നാണംകെടുത്തണം. നെഹ്‌റു കുടുംബത്തിന്റെ നൂലില്‍ കോര്‍ക്കപ്പെട്ട കോണ്‍ഗ്രസിനെ ആ നൂല്‍ മുറിച്ചു തകര്‍ക്കണം. ഈ താല്‍പ്പര്യമാണു പട്ടേല്‍ പ്രതിമയുടെ നിര്‍മാണത്തിലും പട്ടേല്‍ മഹത്വപ്രചാരണത്തിലുമുള്ളത്. ശിവജി പ്രതിമാ നിര്‍മാണത്തിനു പിന്നിലും ഇത്തരത്തിലൊരു ഗൂഢവര്‍ഗീയ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതു രഹസ്യമല്ല. സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന ചരിത്രപാഠങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെന്നാല്‍ മുഗളന്മാര്‍ക്കെതിരേ ചില രാജാക്കന്മാര്‍ നടത്തിയ സമരം മാത്രമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം അതില്‍പ്പെടുന്നില്ല.
മേല്‍പ്പറഞ്ഞ തരത്തിലുള്ള കേവല സങ്കുചിതതാല്‍പ്പര്യങ്ങള്‍ക്കായി ഇത്രയധികം പണം ഇന്ത്യ പോലൊരു രാജ്യം ധൂര്‍ത്തടിക്കണോയെന്ന ചോദ്യമാണു സാധാരണക്കാരുടെ മനസില്‍ ആദ്യമുയരുക. പതിനായിരക്കണക്കിന് കര്‍ഷകര്‍ കുറഞ്ഞകാലത്തിനിടയില്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ത്തന്നെ ഇതു ചെയ്യുമ്പോള്‍ അതൊരു അതിക്രമം തന്നെയല്ലേയെന്നു ജനങ്ങള്‍ ചോദിക്കുന്നു.
പട്ടിണി മാറ്റിയിട്ടു ചന്ദ്രയാന്‍ വിടാനൊക്കുമോയെന്നു ചോദിക്കുന്നതുപോലെയല്ല മനുഷ്യന് ഒരുപകാരവുമില്ലാത്ത പ്രതിമ നിര്‍മിക്കാന്‍ 6600 കോടി രൂപയെന്ന അതിഭീമമായ തുക ചെലവഴിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യം. ടൂറിസമാണു ലക്ഷ്യമെങ്കില്‍ സര്‍ക്കാര്‍ ചിന്തിക്കുന്നപോലെ കാശു വാരാനാകില്ല. ലോകാത്ഭുതങ്ങളിലൊന്നും ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രവുമായ താജ്മഹലില്‍ നിന്നുപോലും വര്‍ഷം 20 കോടി രൂപയാണു വരുമാനം. താജ്മഹലിന്റെയത്ര വരുമാനം ലഭിക്കുമെന്നു സങ്കല്‍പ്പിച്ചാല്‍ത്തന്നെ ശിവജിയും വല്ലഭ്ഭായ് പട്ടേലും ആഞ്ഞുപിടിച്ചാല്‍ മുടക്കു മുതല്‍ തിരിച്ചുകിട്ടണമെങ്കില്‍ കൊല്ലം മുന്നൂറു കഴിയണം. രാജ്യത്തിന്റെ യശസുയര്‍ത്താനാണു പ്രതിമയെന്നു മാത്രം പറയരുത്, ചിരി വരും.
ഇങ്ങനെ കോടികള്‍ മുടക്കി നിര്‍മിക്കുന്ന പ്രതിമയെ താങ്ങാനുള്ള ശേഷി ഇന്ത്യക്കുണ്ടോയെന്നതാണു മറുചോദ്യം. അതിനു പ്രതിമയുടെ ഉയരമളക്കാന്‍ മുകളിലേയ്ക്കുയര്‍ത്തിയ കണ്ണു താഴ്ത്തി താഴോട്ടു നോക്കണം, പൊള്ളുന്ന കണക്കുകളിലേയ്ക്ക്. വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്‌സ് ( ലോക പട്ടിണി സൂചിക) കഴിഞ്ഞമാസം പുറത്തുവിട്ട കണക്കുപ്രകാരം 110 രാജ്യങ്ങളില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനത പട്ടിണി കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പട്ടേല്‍ പ്രതിമ നിര്‍മിച്ചുയര്‍ത്താന്‍ ചെലവാക്കിയ പണം ക്രിയാത്മകമായി വിനിയോഗിച്ചാല്‍ ഗുജറാത്തിലെ 17 ശതമാനം ജനങ്ങളെ പട്ടിണിയില്‍നിന്നു കരകയറ്റാനാകുമായിരുന്നു.
2015ല്‍ പുറത്തുവിട്ട ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ് പ്രകാരം രാജ്യത്തെ 92 ശതമാനം കുടുംബങ്ങളുടെയും മാസവരുമാനം പതിനായിരം രൂപയില്‍ താഴെയാണ്. അതില്‍ തന്നെ 75 ശതമാനത്തിന്റേതാവട്ടെ മാസവരുമാനം വെറും 5000 രൂപയാണ്. വ്യക്തിതലത്തിലെ കണക്കെടുത്താല്‍ ഏകദേശം 67 കോടി വരുന്ന ജനതയുടെ ദിവസവരുമാനം 33 രൂപയാണ്, അതായത് വെറും മൂന്നു സിഗരറ്റ് വാങ്ങാന്‍ തികയുന്ന പണം കൊണ്ടാണ് ഏതാണ്ട് മൊത്തം യൂറോപ്പ്യന്‍ ജനതയുടെ എണ്ണത്തോളം വരുന്ന ഇന്ത്യക്കാര്‍ ഇപ്പോഴും ജീവിക്കുന്നത്.
ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ നിങ്ങള്‍ക്കു മാസം പതിനായിരം രൂപ ചെലവഴിക്കാന്‍ (പര്‍ച്ചേസിങ് കപ്പാസിറ്റി) കഴിയുമെങ്കില്‍ നിങ്ങളീ രാജ്യത്തെ അതിനു കഴിയുന്ന 23 ശതമാനം വരുന്ന ജനതയില്‍പ്പെട്ടയാളാണ്. ഇനി നിങ്ങള്‍ക്കു മാസം 5000 രൂപ ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങളീ രാജ്യത്ത് അത്ര പണം ചെലവഴിക്കാന്‍ കഴിയുന്ന 56 ശതമാനം വരുന്ന ജനതയില്‍പ്പെടും.
ചുരുക്കിപ്പറഞ്ഞാല്‍ പ്രതിമ നിര്‍മിക്കുന്നതല്ല വിഷയം, നമ്മള്‍ക്കതിനു പ്രാപ്തിയുണ്ടോയെന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കക്കൂസില്‍ മലമൂത്രവിസര്‍ജനം ചെയ്യാന്‍ കഴിയാത്ത നല്ലൊരു ശതമാനം ജനതയുള്ള നാട്ടില്‍ പൗരന്റെ ജീവിതത്തിനു വേണ്ട അടിസ്ഥാന വികസനമാണോ അതോ രാജ്യാഭിമാനമാണോ വലുത് എന്ന ചോദ്യമാണു പ്രധാനം. നോട്ടുനിരോധനവും മണ്ടന്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങളും തകര്‍ത്ത ഇന്ത്യന്‍ സാമ്പത്തിക ഘടനയെയും വില വര്‍ധനവിനെയുമൊക്കെ മറച്ചു പിടിക്കാന്‍ ഈ പ്രതിമകള്‍ ഏതായാലും മതിയാവുമെന്നു തോന്നുന്നില്ല.
രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നു കുത്തുപാളയെടുത്തിരിക്കുന്നുവെന്ന് എല്ലാ സാമ്പത്തികവിദഗ്ധരും പറയുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് 3.6 ലക്ഷം കോടി എടുത്തു ദൈനംദിന പ്രവര്‍ത്തനത്തിലെ കമ്മി കുറക്കാന്‍ ശ്രമിക്കുക വഴി സര്‍ക്കാരുമായി അവര്‍ തര്‍ക്കത്തിലാണ്. ബാങ്കിന്റെ നിലപാടിനെ ധിക്കരിച്ചു സ്വന്തം അധികാരം ഉപയോഗിച്ച് കടന്നു കയറിയാല്‍ നോട്ടു നിരോധനം പോലെ വന്‍ വിപത്താണുണ്ടാകുക എന്ന് തീര്‍ച്ച. ഇന്ത്യന്‍ രൂപ അതിന്റെ ഏറ്റവും താഴെ മൂല്യത്തിലേക്കു പോകുമ്പോള്‍ നാടിന്റെ ആത്മാഭിമാനം ഉയര്‍ത്താന്‍ ഒരു പ്രതിമ നിര്‍മിക്കുക വഴി കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്.
ഈ പ്രതിമ സ്ഥാപിക്കാന്‍ എങ്ങനെയാണ് പണം കണ്ടെത്തിയത് എന്നറിഞ്ഞാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. ബി.ജെ.പി പിരിച്ച പാര്‍ട്ടി ഫണ്ടോ അവരെ എന്നും സഹായിക്കുന്ന അംബാനി അദാനി കോര്‍പറേറ്റുകളുടെ സംഭാവനയോ അല്ല ഇത്. മറിച്ചു ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൊള്ളലാഭത്തില്‍നിന്നു നീക്കിവയ്ക്കുന്ന സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍ നിന്നാണ്. ഐ.ഒ.സി (900 കോടി), എന്‍.ജി.സി (500 കോടി), ബി.പി.സി.എല്‍, ഗെയില്‍ ഓയില്‍ ഇന്ത്യ (250 കോടി വീതം) എന്നിങ്ങനെയുള്ളവരില്‍നിന്നു നിര്‍ബന്ധിത സംഭാവന വാങ്ങിയാണു പ്രതിമ നിര്‍മിക്കുന്നത്.
ഈ എണ്ണക്കമ്പനികള്‍ക്ക് എങ്ങനെ ഇത്ര ഉദാരമതികളാകാന്‍ കഴിഞ്ഞു. പെട്രോള്‍വില ഇങ്ങനെ ഉയര്‍ത്തി നമ്മെ ചൂഷണം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നതുകൊണ്ടു മാത്രം. അപ്പോള്‍ ഈ പ്രതിമ ഉണ്ടാക്കുന്നതു ജനങ്ങളെ കൊള്ളയടിച്ച പണംകൊണ്ടു തന്നെയാണ്. പെട്രോള്‍, ഡീസല്‍ വില എല്ലാ നിലകളും ഭേദിച്ച് ഉയരുമ്പോള്‍ പാവപ്പെട്ടവന്റെ ജീവിതമാണു തകരുന്നത്.
അതു പിടിച്ചു നിര്‍ത്താന്‍ ഈ പണം നികുതി ഇളവായി നല്‍കിയാല്‍ ആത്മാഭിമാനം സംരക്ഷിക്കില്ലേയെന്നും ചോദിക്കാം. പക്ഷേ, ജനങ്ങളുടെ ജീവിതം സംരക്ഷിക്കുക വഴി അവരുടെ അഭിമാനവും രാജ്യത്തിന്റെ അഭിമാനവും ഐക്യവും സംരക്ഷിക്കണമെന്നു കരുതുന്ന ഒരു സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്നു അവര്‍ വിളിച്ചു പറയുകയാണ് ഈ പ്രതിമാനാടകത്തിലൂടെ.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നേരിടുന്ന യഥാര്‍ഥ വെല്ലുവിളിയെന്താണ്. ഒരു സംശയവും വേണ്ട ഇന്നത്തെ ഭരണകര്‍ത്താക്കള്‍ ഇന്ത്യന്‍ ഭരണഘടനയോടും അതു സൃഷ്ടിച്ച സ്ഥാപനങ്ങളോടും എടുക്കുന്ന സമീപനങ്ങളാണ്, നിയമവാഴ്ച ഇവിടെ ഇല്ലാതാക്കുന്നതാണ്. എങ്ങനെയാണ് ഇന്ത്യ ഐക്യത്തോടെ നില്‍ക്കുന്നത്. അതിനുള്ള പ്രധാന കാരണം നമ്മുടെ ഭരണഘടന തന്നെയാണ്. എല്ലാവിധ വൈവിധ്യങ്ങളെയും അംഗീകരിക്കുന്ന ഒരു മതേതര ജനാധിപത്യ വ്യവസ്ഥ ആണ് അതിന്റെ അടിസ്ഥാനം എന്ന ഉറപ്പിലാണ് നമ്മള്‍ ഇവിടെ ജീവിക്കുന്നത്. എന്നാല്‍, സ്വതന്ത്ര ഇന്ത്യക്ക് ഈ ഭരണഘടന ഉണ്ടായ കാലം മുതല്‍ തന്നെ അതിന്റെ മതേതര ജനാധിപത്യ സമീപനങ്ങളെ എതിര്‍ക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണഘടനയാണ് ഹിന്ദു രാഷ്ട്രമായ ഇന്ത്യക്കു വേണ്ടതെന്ന ആവശ്യം അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു. കിട്ടുന്ന എല്ലാ അവസരങ്ങളിലും അതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളുടെ കരുത്തും മൂല്യങ്ങളും ചോര്‍ത്തിക്കളയുന്നു.
മതേതരത്വമെന്ന വാക്കുതന്നെ ഇവര്‍ക്കു ചതുര്‍ത്ഥിയാണ്. അതൊഴിവാക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നു വാദിക്കുന്നു. അതിലൂടെ ഏക സിവില്‍കോഡ് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിലെ മതവിശ്വാസ ആരാധനാ ഭക്ഷണ വസ്ത്ര വൈവിധ്യങ്ങള്‍ ഇല്ലാതാക്കലാണു ലക്ഷ്യം. തങ്ങളുടെ സംസ്‌കാരങ്ങള്‍ക്കു നിലനില്‍പ്പില്ലെന്നു വന്നാല്‍ അവര്‍ക്കൊരിക്കലും ഇന്ത്യയുടെ ഭാഗമായി തുടരാന്‍ കഴിയില്ല. പല രാജ്യങ്ങളിലും ഇന്നു നടക്കുന്ന ആഭ്യന്തരകലാപങ്ങളും വംശീയ ഉന്മൂലനങ്ങളും ഇന്ത്യയിലും വരും.
ഭരണഘടന സംരക്ഷിക്കപ്പെടുന്നത് അതു സൃഷ്ടിച്ച സ്ഥാപനങ്ങളില്‍ കൂടിയാണ്. സ്വതന്ത്ര നീതിന്യായ സംവിധാനമെന്ന സങ്കല്‍പം തന്നെ തകര്‍ക്കുന്ന കഥകള്‍ നാലു മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജിമാര്‍ തന്നെ തുറന്നു പറഞ്ഞതു നാം കണ്ടു. സ്വതന്ത്രമായ തെരഞ്ഞെടുപ്പില്ലാതെ എന്തു ജനാധിപത്യം. അതിനായി നിയമിക്കപ്പെട്ട കമ്മിഷന്‍ ഇന്നു കേന്ദ്ര ഭരണകൂടത്തിന്റെ ദാസന്മാര്‍ മാത്രം. യന്ത്രത്തട്ടിപ്പിലൂടെ എങ്ങനേയും ജനഹിതം അട്ടിമറിച്ചു അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് ഇന്നത്തെ അവസ്ഥ.
സമത്വാധിഷ്ഠിത വികസനങ്ങള്‍ക്കു വേണ്ടിയാണ് ആസൂത്രണ ബോര്‍ഡ് ഉണ്ടായത്. അതില്ലാതായി. സാമ്പത്തികനയങ്ങള്‍ സ്വതന്ത്രമായി രൂപീകരിക്കാന്‍ കഴിയുന്ന റിസര്‍വ് ബാങ്ക് ഇന്ന് തകര്‍ച്ചയിലാണ്. സി.ബി.ഐ എന്നതിന്റെ പേരു തന്നെ തകര്‍ക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലകള്‍ കീഴ്‌പ്പെടുത്തി ഏകമുഖ വിദ്യാഭ്യാസത്തിനു വഴിയൊരുക്കുന്നു. ഇങ്ങനെയുള്ള പ്രവൃത്തികള്‍ ഭരണഘടനക്കെതിരാണെന്ന് അറിഞ്ഞിട്ടും ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ തന്നെ അതു ലംഘിക്കുന്നു. ഇതിന്റെ പേരാണു ഫാസിസം എന്നത്.
എന്തുകൊണ്ടാണ് ഇവര്‍ക്ക് ഭരണഘടനയോട് ഒട്ടും ബഹുമാനമില്ലാത്തത്. അതു കേവലം ഒരു പ്രധാനമന്ത്രിയുടെ ഫാസിസ്റ്റ് അജന്‍ഡയല്ല. നമ്മുടെ ഭരണഘടന എങ്ങനെയാണു രൂപപ്പെട്ടതെന്ന ചരിത്രം നോക്കിയാല്‍ മതി. രണ്ടു നൂറ്റാണ്ടു കാലത്തെ സ്വാതന്ത്ര്യസമരത്തിലൂടെ നാം സ്വാംശീകരിച്ച ജനാധിപത്യ മതേതര സമത്വാധിഷ്ഠിത പരമാധികാര രാഷ്ട്രസങ്കല്‍പ്പമാണു ഭരണഘടനക്കുള്ളത്. നാം സ്വാതന്ത്ര്യ സമരം നടത്തിയത് ഇങ്ങനെ ഒരു രാജ്യം ഉണ്ടാകാനാണ്.
ആ രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം, സാമൂഹ്യവും സാമ്പത്തികവുമായ നീതി, സമത്വം, തുല്യത, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനുള്ള സാഹോദര്യം എന്നിവ ഉറപ്പു നല്‍കുന്ന ഒരു ഭരണഘടന ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണല്ലോ ആമുഖത്തില്‍ തന്നെ പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം വന്നത് സ്വാതന്ത്ര്യസമരത്തില്‍ നിന്നാണ്. ആ സമരത്തില്‍ പങ്കെടുത്തവരാണ് അതിനു നേതൃത്വം നല്‍കിയവരാണ് ഈ ഭരണഘടന തയാറാക്കിയത്.
എന്നാല്‍, ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാത്തവര്‍ക്കു ഇതില്‍ ഒരു താല്പര്യവും കാണില്ല. അതുകൊണ്ട് തന്നെ അവര്‍ ഈ ഭരണഘടന അംഗീകരിക്കുന്നില്ല. അവര്‍ക്കു രാജ്യത്തിന്റെ ഐക്യം, അഖണ്ഡത തുടങ്ങിയ വാക്കുകള്‍ക്കു മറ്റൊരു അര്‍ഥമാണുള്ളത്. അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ ഇത്തരം പ്രതിമകള്‍ വേണ്ടിവരും. ഇന്ത്യ പാകിസ്താനെതിരായി നേടുന്ന ക്രിക്കറ്റ് വിജയത്തെ ഒരു യുദ്ധവിജയമായി കണക്കാക്കുന്ന ഒരു രാഷ്ട്രീയമാണ് ഇവരുടേത്. അവര്‍ക്കു പ്രതിമാനാടകങ്ങള്‍ അനിവാര്യമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.