2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നു

 

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം സജീവമായി.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം ചന്ദ്രബാബു നായിഡു തന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യയിലേക്കു മാറ്റി. ബംഗളൂരുവിലെത്തിയ അദ്ദേഹം, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുമായും ചര്‍ച്ച നടത്തിയത് പ്രതിപക്ഷത്തിനു പുതിയ ഊര്‍ജം നല്‍കുന്നുണ്ട്.
കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ വിജയിക്കാനായതു കോണ്‍ഗ്രസ്-ജെ.ഡി.എസ് കക്ഷികള്‍ക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലുണ്ടായ വിജയം ബി.ജെ.പി വിരുദ്ധ തരംഗത്തിന്റെ ഏറ്റവും വലിയ തെളിവാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിക്കെതിരേ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെടേണ്ടതുണ്ട്. ഇതിനുള്ള ശ്രമത്തിനിടയില്‍ ആരായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കാനാകില്ലെന്നും ആദ്യം രാജ്യത്തിന്റെ ഭാവിയാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന നയം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രശ്‌നങ്ങളാണ് മോദി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായത്. ഈ സാഹചര്യത്തില്‍ എല്ലാ മതേതര പാര്‍ട്ടികളും എന്‍.ഡി.എയ്‌ക്കെതിരേ ഐക്യപ്പെടണമെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും പറഞ്ഞു. 1996ല്‍ പ്രതിപക്ഷം യോജിച്ചതിനെ തുടര്‍ന്നു ദേവഗൗഡയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതുപോലുള്ള സാഹചര്യമാണ് 2019ലും സംഭവിക്കാന്‍ പോകുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
മതേതര കക്ഷികള്‍ യോജിക്കണമെന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ വിജയം ലക്ഷ്യമാക്കുന്നതെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.