2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

Editorial

പ്രതിജ്ഞയില്‍ അഴിയുമോ ചുവപ്പുനാട


 

മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കഴിഞ്ഞദിവസം ഒരു പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഫയലുകള്‍ ഒരുകാരണത്താലും വൈകിക്കില്ലെന്നും ഓരോ ഫയലുകളും ഓരോ ജീവിതമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രതിജ്ഞയെടുത്തത്. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് ഇത്തരമൊരു പ്രതിജ്ഞക്കു മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്. ആന്തൂര്‍ സംഭവം മലപ്പുറം ജില്ലയിലൊരിടത്തും ആവര്‍ത്തിക്കുകയില്ലെന്ന കലക്ടര്‍ ജാഫര്‍ മാലിക് നേതൃത്വം നല്‍കിയ കലക്ടറേറ്റിലെ പ്രതിജ്ഞ ശ്രദ്ധേയമായി.
സര്‍ക്കാര്‍ സേവനം അഴിമതിരഹിതവും സമയബന്ധിതവുമായി ലഭ്യമാക്കാന്‍ 32,000 ജീവനക്കാര്‍ ഒരേസമയം പ്രതിജ്ഞയെടുത്തുവെന്നത് ആഹ്ലാദകരംതന്നെ. ഇതര ജില്ലകള്‍കൂടി മലപ്പുറത്തിന്റെ മാതൃക സ്വീകരിക്കുകയാണെങ്കില്‍ അഴിമതിയുടെ സ്വന്തം സംസ്ഥാനമെന്ന ചീത്തപ്പേരു കേരളത്തിനു തുടച്ചുനീക്കാനാകും. ആന്തൂരിലെ പ്രവാസി സാജന്റെ മരണം കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ കൈക്കൂലി ചോദിച്ചു വാങ്ങുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് അഴിമതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍. വീടോ കെട്ടിടമോ നിര്‍മിക്കാന്‍ പഞ്ചായത്തില്‍ നല്‍കിയ പ്ലാന്‍ അംഗീകരിച്ചു കിട്ടാന്‍ നല്‍കുന്ന കൈക്കൂലി കെട്ടിടത്തിനു നമ്പര്‍ കിട്ടുന്നതുവരെ തുടര്‍ച്ചയായി നല്‍കേണ്ടിവരുന്നു. അഴിമതി രാജ്യത്തെ ബാധിച്ച കാന്‍സറാണെന്നു പറയുന്നത് അതു രാജ്യത്തിന്റെ വളര്‍ച്ചയെയും വികസന പ്രവര്‍ത്തനങ്ങളെയും പിന്നോട്ടടിപ്പിക്കുന്നതിനാലാണ്. ബലക്ഷയമുള്ള പാലത്തിനു കൈക്കൂലി വാങ്ങി എന്‍ജിനീയര്‍ അംഗീകാരം നല്‍കുമ്പോള്‍ എത്രയോ മനുഷ്യരുടെ ജീവനാണ് അപകടത്തിലാകുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സിന്റെ പിടിയിലായത് 764 ഉദ്യോഗസ്ഥരാണ്. തലസ്ഥാനജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവുമധികം ഉദ്യോഗസ്ഥര്‍ പിടിയിലായത്, 106 പേര്‍.

രാജ്കുമാറിനെ ഉരുട്ടികൊന്ന നെടുങ്കണ്ടം പൊലിസ് സ്റ്റേഷനില്‍ ഒരു പൊലീസുകാരന്റെ പിതാവിനോടുതന്നെ കഴിഞ്ഞവര്‍ഷം ഒരു ലക്ഷം കൈക്കൂലി വാങ്ങിയിരുന്നു. പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭിഷണിപ്പെടുത്തിയായിരുന്നു അത്. ആ സംഭവത്തില്‍ സി.ഐയെയും എസ്.ഐയെയും കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങാതെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌ക്കരണം നടത്തുന്നത്. ഇപ്പോള്‍ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍പോലും പൂര്‍ത്തിയാക്കാതെ ശമ്പളപരിഷ്‌ക്കരണ കമ്മിഷനെ നിയോഗിക്കാന്‍ പോവുകയാണ്. ഇങ്ങനെ ചെയ്തിട്ടും അഴിമതി ഇല്ലാതാകുന്നില്ല. ഉദ്യോഗസ്ഥരുടെ കര്‍മശേഷി വര്‍ധിക്കുന്നതുമില്ല.

വരാനിരിക്കുന്ന ആറു നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ഈ ദുരിതകാലത്തു ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കാന്‍ വട്ടംകൂട്ടുന്നതെന്നാണ് ആരോപണം. ശമ്പളവും പെന്‍ഷനുമായി ഇപ്പോള്‍ പ്രതിവര്‍ഷം 51,739 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 2021 ഓടെ നടപ്പാക്കുന്ന ശമ്പളപരിഷ്‌ക്കരണത്തിലൂടെ ഇത് 65,680 കോടിയായി ഉയരും. സാമ്പത്തികപ്രയാസത്താല്‍ സര്‍ക്കാര്‍ കഷ്ടപ്പെടുമ്പോഴാണ് 14,000 കോടിയുടെ വര്‍ധന. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത അവസ്ഥയില്‍ സര്‍ക്കാര്‍ ഖജനാവ് കാലിയായിരിക്കുന്ന ഒരവസരത്തില്‍ ഇത്രയും വലിയ ബാധ്യത സര്‍ക്കാര്‍ എടുക്കേണ്ടതുണ്ടോ.
വരുന്ന സര്‍ക്കാര്‍ യു.ഡി.എഫാണെങ്കില്‍ അവരുടെ ചുമലില്‍ കിടക്കട്ടെ ഭാരമെന്നു കരുതുന്നുണ്ടാകുമോ പിണറായി സര്‍ക്കാര്‍. പത്തുവര്‍ഷം കൂടുമ്പോള്‍ മതി ശമ്പള പരിഷ്‌ക്കരണമെന്നു മുന്‍ ശമ്പള പരിഷ്‌ക്കരണ കമ്മിഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ അതു തള്ളി.

രോഗിക്ക് 24 മണിക്കൂറിനകം രണ്ടുലക്ഷം രൂപവരെ സഹായം ലഭ്യമായിരുന്ന കാരുണ്യപദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. പകരം കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി വിഭാവനം ചെയ്‌തെങ്കിലും അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരാണ് കാരുണ്യ പദ്ധതി നടപ്പിലാക്കിയത്. തീര്‍ത്തും സുതാര്യമായ ഈ പദ്ധതി അര്‍ബുദം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഗുരുതരമായ രോഗികള്‍ക്ക് അനുഗ്രഹമായിരുന്നു. അത്തരമൊരു പദ്ധതി നിര്‍ത്തലാക്കിയാണു ജീവനക്കാര്‍ക്കു ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ പോകുന്നത്.

ഇതുകൊണ്ട് അഴിമതി തുടച്ചുനീക്കാനോ ഫയലുകളിലെ ചുവപ്പു നാടകള്‍ അഴിച്ചെടുക്കാനോ കഴിയില്ല. എത്ര ശമ്പള പരിഷ്‌ക്കരണ കമ്മിഷനുകള്‍ വന്നാലും അഴിമതി അര്‍ബുദം പോലെ പടരുകതന്നെ ചെയ്യും. ഓരോ ശമ്പള പരിഷ്‌ക്കരണവും അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കു സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നതു വസ്തുതയാണ്. എഴുപതു ശതമാനം ശമ്പളവര്‍ധന നല്‍കുമ്പോള്‍ ഇതിനായി കടമെടുക്കുന്ന തുകയ്ക്കു വലിയതോതിലുള്ള പലിശയാണു സര്‍ക്കാര്‍ നല്‍കേണ്ടിവരുന്നത്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഈ ബാധ്യതയുടെ ആഘാതം ഏല്‍ക്കേണ്ടിവരുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണു നിലയ്ക്കുന്നത്.

ഇത്തരമൊരു പശ്ചാതലത്തില്‍, കേരളം അഴിമതിയുടെ സ്വന്തം സംസ്ഥാനമെന്ന പഴി പേറിക്കൊണ്ടിരിക്കുന്ന ഒരവസരത്തില്‍, മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ എടുത്ത പ്രതിജ്ഞ ആശാവഹമാണ്. അഴിമതിയില്ലാതാകുമ്പോള്‍ ഫയലുകളിലെ ചുവപ്പുനാടകള്‍ അഴിയുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുകയും ചെയ്യും. ഓഫിസുകളുടെ പടികള്‍ പലവട്ടം കയറിയിറങ്ങേണ്ട ഗതികേടില്ലാതാകും.
മലപ്പുറത്തെ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ ഇത്തരം പ്രവണതകള്‍ക്ക് അന്ത്യം കുറിക്കുകയും ഇതര ജില്ലകള്‍കൂടി ഈ മാതൃക പിന്തുടരുകയും ചെയ്യേണ്ടിയിരിക്കുന്നു. മലപ്പുറത്തേതു വെറും പ്രതിജ്ഞയായി കലാശിക്കാതിരിക്കണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.