2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍

  • ഇടയ പീഡനം: സമരത്തിന് പിന്തുണയേറുന്നു
  • ഐക്യദാര്‍ഢ്യവുമായി നിരവധി പ്രമുഖര്‍ സമരവേദിയില്‍

 

 

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്ന സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. സമരത്തെ പിന്തുണച്ച് പ്രമുഖര്‍ സമരവേദിയില്‍ എത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തിലുള്ള അഞ്ചു കന്യാസ്ത്രീകളും ഇന്നലെയും സമരത്തില്‍ പങ്കുചേര്‍ന്നു. ‘ഞങ്ങളുടെ ജീവന്‍ അപകടത്തില്‍’, ‘സ്ത്രീ പീഡകനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യുക’, ‘കര്‍ത്താവിന്റെ മണവാട്ടികളുടെ മാനത്തിന് വില പത്തേക്കര്‍’ എന്നീ പ്ലക്കാര്‍ഡുകളും ഏന്തിയാണ് ഇന്നലെയും കന്യാസ്ത്രീകള്‍ സമരപ്പന്തലില്‍ എത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാര സമരം നടത്താനാണ് കൗണ്‍സില്‍ തീരുമാനം. അതിലും കന്യാസ്ത്രീകള്‍ പങ്കെടുക്കും.
ശനിയാഴ്ച തുടങ്ങിയ സമരത്തെ അനുകൂലിച്ച് സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഇന്നലെ സമരവേദിയിലെത്തി. ബിഷപ്പുമാരും വൈദികരും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് രാവിലെ മുതല്‍ സമരവേദിയില്‍ എത്തിയത്.
സത്യദീപം എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ടില്‍, ഓര്‍ത്തഡോക്‌സ് ഗ്രീക്ക് കൊടുങ്ങല്ലൂര്‍ സഭാധ്യക്ഷന്‍ തോമസ് മാര്‍ അസ്താസിയോസ്, കപ്പൂച്ചിയന്‍ സഭയില്‍ നിന്ന് അഞ്ച് വൈദികര്‍, ഫാ. ബെന്നി മാരാംപറമ്പില്‍, പി.ടി തോമസ് എം.എല്‍.എ, റിട്ട. ജസ്റ്റിസ് കെ. കെമാല്‍ പാഷ, സി.ആര്‍. നീലകണ്ഠന്‍, തുടങ്ങിയവര്‍ വേദിയിലെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പീഡനപരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ സഹോദരന്‍ ഇന്നലെയും സമരവേദിയില്‍ എത്തി.
കന്യാസ്ത്രീയെ വാക്കുകള്‍കൊണ്ട് അപമാനിച്ച പി.സി ജോര്‍ജ് എം.എല്‍.എയുടെ അഭിപ്രായപ്രകടനത്തില്‍ വേദനയുണ്ടെന്ന് സഹോദരി വേദിയില്‍ പറഞ്ഞു. കരഞ്ഞുകൊണ്ടാണ് അവര്‍ അക്കാര്യം സംസാരിച്ചത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു.
അതേസമയം ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അട്ടിമറിക്കാന്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നീക്കം നടത്തുന്നെന്ന ആരോപണവുമായി പരാതിക്കാരിയ്ക്ക് ഒപ്പമുള്ള കന്യാസ്ത്രീകളും ബന്ധുക്കളും രംഗത്തെത്തി. നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. കേസ് ക്രൈംബ്രാഞ്ചിനു കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു.
ബിഷപ്പിനെ രക്ഷിക്കാനാണു ശ്രമം നടക്കുന്നത്. ഡി.ജി.പിയും ഐ.ജിയും ചേര്‍ന്നാണു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയാലും ഇവര്‍ തലപ്പത്തിരിക്കുന്നിടത്തോളം നീതി ലഭിക്കില്ലെന്നും അവര്‍ ആരോപിച്ചു.
സര്‍ക്കാരില്‍നിന്നും പൊലിസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ പരസ്യ സമരത്തിന് തീരുമാനിച്ചതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ ഇടപെടലും കോടതിയുമാണ് ഇനി പ്രതീക്ഷ. അധികൃതരില്‍നിന്ന് നീതി ഇനി പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ നാളെ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കും. അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

അന്വേഷണസംഘം വിപുലീകരിക്കുന്നു

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരേ ശക്തമായ വിമര്‍ശം ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനം. രണ്ട് സി.ഐമാരെയും ഒരു എസ്.ഐയെയും പുതുതായി ഉള്‍ക്കൊള്ളിച്ചാണ് സംഘം വിപുലീകരിക്കുന്നത്. ചൊവ്വാഴ്ച അന്വേഷണ സംഘത്തിന്റെ യോഗം ഐ.ജി വിളിച്ചുചേര്‍ക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിനും പൊലിസിനുമെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതും സര്‍ക്കാരിനെ സമര്‍ദത്തിലാക്കി. ഇതാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
നേരത്തെ വൈക്കം ഡിവൈ.എസ്.പിക്ക് മാത്രമാണ് കേസിന്റെ അന്വേഷണച്ചുമതല ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് അന്വേഷണ സംഘമായി വിപുലീകരിച്ചിരിക്കുകയാണ്. കടുത്തുരുത്തി, വാകത്താനം സി.ഐമാരെയും ഒരു എസ്.ഐയെയുമാണ് സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേസില്‍ കാലതാമസം വരാതിരിക്കാനാണ് സംഘം വിപുലീകരിക്കുന്നതെന്നാണ് പൊലിസ് പറയുന്നത്. കോട്ടയത്ത് ചേരുന്ന ഐ.ജിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. അന്വേഷണം ഇഴയുന്നു എന്ന ആക്ഷേപം മറികടക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.

പി.സി ജോര്‍ജിനെതിരേ പ്രാഥമികാന്വേഷണം ആരംഭിച്ചു

കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരേ കേസെടുക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമികാന്വേഷണം വെസ്റ്റ് പൊലിസ് ആരംഭിച്ചു.
പീഡനത്തിനിരയായ സ്ത്രീയെ അപമാനിക്കുന്ന വകുപ്പ് പ്രകാരമുള്ള കേസ് നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതിനിടെ, ഇതുസംബന്ധിച്ചു കന്യാസ്ത്രീയുടെ ബന്ധു ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയതായും സൂചനയുണ്ട്.
ഈ പരാതിയാണ് നിലവില്‍ വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസിനു കൈമാറിയിരിക്കുന്നതെന്നാണ് സൂചന.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.