2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രണയത്തിന്റെ നിരാകരണവും ജീവിതത്തിന്റെ ആഘോഷവും

അടുത്തിടെ അന്തരിച്ച വിഖ്യാത അമേരിക്കന്‍ സാഹിത്യകാരന്‍ ഫിലിപ്പ് റോത്തിനെ കുറിച്ച്

 

വൈശാഖന്‍ എം.കെ

‘ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന അതല്ലെങ്കില്‍ സ്വയം തിരഞ്ഞെടുക്കുന്ന ഏറ്റവും വലിയ പീഡനം പ്രണയമാണ്. ഓരോ വ്യക്തിയും കരുതും പ്രണയത്തില്‍ അകപ്പെടുമ്പോള്‍ താന്‍ സമ്പൂര്‍ണനായെന്ന്. അവര്‍ കരുതും സ്വന്തം ആത്മാക്കള്‍ ഏറ്റവും മഹത്തരമാണെന്ന്. എന്നാല്‍ ഞാന്‍ ആ അവസ്ഥയെ കുറിച്ചു ചിന്തിക്കുന്നത് അങ്ങനെയായിരിക്കില്ല. നിങ്ങള്‍ എല്ലാം തികഞ്ഞവനായിരിക്കുന്നത് പ്രണയിക്കുന്നതിനു മുന്‍പാണ്. പ്രണയം നിങ്ങളെ മുറിവേല്‍പ്പിക്കുന്നു. ഏറ്റവും സമ്പൂര്‍ണനായി നില്‍ക്കുന്ന സമയത്ത് നിങ്ങള്‍ ആത്മപീഡനം ചോദിച്ചുവാങ്ങുന്നതിനു തുല്യമാണു പ്രണയിക്കുന്നത്.’

വിഖ്യാത അമേരിക്കന്‍ സാഹിത്യകാരന്‍ ഫിലിപ്പ് റോത്തിന്റെ പ്രശസ്ത നോവലായ ‘ദ ഡൈയിങ് ആനിമലി’ലെ ഒരു സംഭാഷണമാണിത്. മെയ് 22നു തന്റെ 85-ാം വയസില്‍ ഫിലിപ്പ് റോത്ത് അനിവാര്യമായ വിധിക്കു മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. മരണവാര്‍ത്ത പുറത്തുവന്ന സമയത്ത് ലോകം ഏറ്റവുമധികം ആലോചിച്ചെടുത്ത അല്ലെങ്കില്‍ ചര്‍ച്ച ചെയ്ത റോത്തിന്റെ സംഭാഷണങ്ങളിലൊന്നാണു മേല്‍ കുറിച്ചത്.
പ്രണയത്തെ ഇത്രമേല്‍ ആത്മപീഡനമായി കണ്ട വേറൊരു സാഹിത്യകാരന്‍ ലോകത്തുണ്ടായിരുന്നോ എന്നു പോലും നമ്മള്‍ സംശയിച്ചുപോകുന്ന തരത്തിലാണ് റോത്ത് എഴുതുന്നത്. പ്രണയത്തെ മാത്രമല്ല സ്വയം നിര്‍മിച്ചെടുക്കുന്ന ഒരുതരം അരക്ഷിതാവസ്ഥയുടെ, ഭയത്തിന്റെ ആത്മകഥാപരമായ അംശങ്ങള്‍ അദ്ദേഹത്തിന്റെ നോവലുകളില്‍ പ്രകടമാണ്. ജീവിതത്തില്‍ ഒരിക്കലും കൂടിച്ചേരാത്ത രണ്ടു കാര്യങ്ങളാണു ഭാവനയും യാഥാര്‍ഥ്യവും. അവ ഏതെങ്കിലും തരത്തില്‍ സംയോജിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു സാഹിത്യത്തിലാണ്. റോത്തിന്റെ രചനകളാണ് അസാധ്യമെന്ന് കരുതിയ ഇവയെ ഒന്നാക്കിയത്. ഒരുപക്ഷേ ഇനി ഒരിക്കലും അതു കൂടിച്ചേരുമെന്നു തോന്നുന്നില്ല. റോത്തിന്റെ തൂലിക നിലച്ചതോടെ അവ അപ്രത്യക്ഷമാകും. ലോകത്തിന്റെ നഷ്ടമല്ല ഞങ്ങളുടെ നഷ്ടമാണിതെന്ന് അമേരിക്കന്‍ ജനത റോത്തിന്റെ വിയോഗത്തെ കുറിച്ച് ഓരോ നിമിഷവും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവരുടെ വിവാദങ്ങളിലും ദുഃഖങ്ങളിലും സന്തോഷത്തിലും ഒരുപോലെ നിറഞ്ഞുനിന്ന എഴുത്തുകാരനായിരുന്നു അദ്ദേഹമെന്നതു തന്നെ കാരണം.
ലോകം ജൂതന്മാരെ സഹതാപത്തോടെ കണ്ടുതുടങ്ങിയ സമയത്താണ് ഫിലിപ്പ് റോത്തിന്റെ ജനനം. ഒരുപക്ഷേ അദ്ദേഹം വളര്‍ന്നപ്പോള്‍ ഹിറ്റ്‌ലറുടെ ക്രൂരതയില്‍ ജൂതര്‍ കൂട്ടക്കുരുതിക്കിരയാവുന്നതു കേട്ടിട്ടുണ്ടാവാനും സാധ്യതയുണ്ട്. ജൂതരോടുള്ള അമിത സ്‌നേഹം ഇങ്ങനെ വന്നതാവാനിടയുണ്ട്. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ന്യുവാര്‍ക്കിലാണ് അദ്ദേഹം ജനിച്ചത്. ജൂതകുടുംബത്തില്‍ ജനിച്ചതിനാല്‍ യാഥാര്‍ഥ്യവും ഭാവനയും ഇടകലര്‍ത്തിയുള്ള ആത്മകഥാംശം റോത്തിന്റെ രചനകളില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.

1959ല്‍ ‘ഗുഡ്‌ബൈ കൊളംബസ് ‘ എന്ന നോവല്ലയിലൂടെയാണ് റോത്ത് എന്ന ഇതിഹാസ സാഹിത്യകാരനെ ലോകം അറിയുന്നത്. സമൂഹം സ്ത്രീയെ എങ്ങനെയാണു കാണുന്നതെന്നും ആണധികാരത്തിന്റെ ഇടയില്‍ നശിച്ചുപോകുന്നതാണ് അവരുടെ ജീവിതം എന്നും പറയുന്ന പ്രശസ്തമായ ഒരു ഡയലോഗ് ഈ നോവല്ലയിലുണ്ട്. ഗ്ലാഡിസ് അമ്മായിക്ക് ജീവിതം എന്നതു നിത്യേന കടന്നുപോകുന്ന ഒരു കാര്യമാണ്. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മാലിന്യം കുഴിച്ചുമൂടുന്നതും വീട് വൃത്തിയാക്കലുമാണ്. പാവപ്പെട്ട ജൂതന്മാര്‍ക്കു കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ നല്‍കലാണ് അവര്‍ എന്നും ചെയ്തുപോന്നിരുന്നത്. ഈയൊരു സംഭാഷണം അന്നത്തെ നിരൂപകരെ പോലും ഞെട്ടിച്ചതായിരുന്നു. സാഹിത്യത്തില്‍ പോലും ആണധികാരത്തിന്റെ ചങ്ങലകള്‍ നിലനിന്നിരുന്നപ്പോള്‍ അദ്ദേഹം തന്റെ കൃതികളിലൂടെ അതിനെ മറികടന്നു. അത് ലോകത്തെമ്പാടും വിപ്ലവമുണ്ടാക്കി എന്നു പറയുന്നതാവും ശരി. ‘ഗുഡ്‌ബൈ കൊളംബസി’ന് യു.എസ് നാഷനല്‍ ബുക്ക് അവാര്‍ഡ് വാങ്ങിയ റോത്തിന് ജൂത ബുക്ക് കൗണ്‍സിലിന്റെ പുരസ്‌കാരവും ലഭിച്ചു. ഇതോടെ സ്വയം വെറുക്കുന്ന ജൂതന്‍ എന്ന കുപ്രസിദ്ധി അദ്ദേഹത്തിനു ലഭിച്ചു. തന്റെ തലമുറയില്‍പ്പെട്ടവരില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ ലഭിച്ചതും റോത്തിനാണ്. എന്നാല്‍ ഒരിക്കല്‍ പോലും നൊബേല്‍ അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
1969ല്‍ ‘പോട്‌നോയീസ് കംപ്ലയിന്റ് ‘ എന്ന പുസ്തകമാണ് അദ്ദേഹത്തെ പകരക്കാരനില്ലാത്ത എഴുത്തുകാരനാക്കിയത്. ലൈംഗികതയുടെ മറയില്ലാത്ത തുറന്നുപറച്ചിലായിരുന്നു ഈ പുസ്തകം. പോട്‌നോയി എന്ന കൗമാരക്കാരന്റെ ലൈംഗിക തൃഷ്ണകള്‍ ആത്മഭാഷണ രീതിയിലാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. യാഥാസ്ഥിതികമായ ഒരു സമൂഹം മഹാപാപമായി കണ്ടിരുന്ന ഈഡിപ്പസ് കോംപ്ലക്‌സായിരുന്നു ഇതിന് ഇതിവൃത്തം. ജൂതബാലനു സ്വന്തം അമ്മയോടു തോന്നുന്ന ലൈംഗികതയും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും കുട്ടി സൈക്കോ അനലിസ്റ്റിനോടു പറയുന്നതാണു പ്രധാനമായും നോവലില്‍ പരാമര്‍ശിക്കുന്നത്. സംഭാഷണങ്ങളും പലതും ആത്മപരിഹാസ രൂപത്തിലുള്ളതും അതോടൊപ്പം ലൈംഗികതയുടെ അതിപ്രസരമുള്ളതുമായിരുന്നു. സ്വയംഭോഗത്തിന്റെ വിവിധ സാധ്യതകളും സെക്ഷ്വല്‍ ഫാന്റസികളും തുറന്നവതരിപ്പിക്കുകയും ചെയ്തിരുന്നു പുസ്തകത്തില്‍. വിവാദങ്ങള്‍ കൊണ്ടാണു പുസ്തകം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. അതിന്റെ നിലവാരം കൊണ്ടല്ലായിരുന്നു. ജൂതവിഭാഗം ഈ നോവലിനെ കടന്നാക്രമിച്ചു. എന്തിനേറെ പറയുന്നു, അമേരിക്കന്‍ ബുദ്ധിജീവികള്‍ വരെ ഇതിനെ അശ്ലീലം എന്നാണു വിളിച്ചത്. പലരാജ്യങ്ങളിലും പുസ്തകത്തിന് സെന്‍സര്‍ഷിപ്പ് വരെ നേരിടേണ്ടി വന്നു. എന്നാല്‍ കാലക്രമത്തില്‍ എല്ലാം മാറി. റോത്തിന്റെ ഏറ്റവും മഹത്തരമായ നോവലായി കണക്കാക്കപ്പെടുന്നത് ‘പോര്‍ട്‌നോയീസ് കംപ്ലയിന്റ് ‘ തന്നെയാണ്.
റോത്ത് എന്ന സാഹിത്യകാരന്‍ പിന്നീട് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയതിനു ലോകം സാക്ഷിയാണ്. 1997ല്‍ ‘അമേരിക്കന്‍ പാസ്റ്റര്‍’ എന്ന നോവലിലൂടെ അദ്ദേഹത്തിന് പുലിസ്റ്റര്‍ പുരസ്‌കാരവും ലഭിച്ചു. ആദ്യത്തെ ഫ്രാന്‍സ് കാഫ്ക പുരസ്‌കാരവും റോത്തിനെ തേടിയാണ് എത്തിയത്. ‘ദ ഗോസ്റ്റ് റൈറ്റര്‍’, ‘സക്കര്‍മാന്‍ അണ്‍ബൗണ്ട് ‘, ‘ദ അനാട്ടമി ലെസ്സണ്‍’, ‘ദ പ്രാഗ് ഓര്‍ഗി’, ‘ദ കൗണ്ടര്‍ലൈഫ് ‘, ‘ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ് ‘, ‘ദ ഹ്യൂമന്‍ സ്റ്റെയിന്‍’, ‘എക്‌സിറ്റ് ഗോസ്റ്റ് ‘ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. റോത്ത് മരണത്തെ ഒരിക്കലും ഭയന്നില്ല. എന്നാല്‍, ജീവിതത്തെ അദ്ദേഹം എത്രയോ അധികം സ്‌നേഹിക്കുകയും ചെയ്തിരുന്നു. ‘നിങ്ങള്‍ ജീവിച്ചിരിക്കുന്ന കുറഞ്ഞ കാലയളവ് ‘ എന്നാണ് റോത്ത് ജീവിതത്തെ വിശേഷിപ്പിച്ചത്. എന്തായാലും ഫിലിപ്പ് റോത്ത് ജീവിച്ചിരുന്ന കുറഞ്ഞ കാലയളവായിരിക്കും സാഹിത്യത്തിന്റെ മികച്ച കാലങ്ങളിലൊന്നെന്നു നമുക്കു പറയാനാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.