2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രക്ഷോഭം നിര്‍ത്താന്‍ ജാട്ട് നേതാവിന്റെ ആഹ്വാനം; ജാട്ടുകള്‍ക്കു സംവരണം നല്‍കാമെന്ന് സര്‍ക്കാര്‍

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ദിവസങ്ങളായി നടന്ന അക്രമാസക്ത പ്രക്ഷോഭത്തിനൊടുവില്‍ സംവരണം വേണമെന്ന ജാട്ടുകളുടെ ആവശ്യത്തിന് അംഗീകാരം. ജാട്ടുകളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഹരിയാനാ സര്‍ക്കാരാണ് അറിയിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി ജാട്ട് നേതാക്കളും ക്രേന്ദ്രമന്ത്രി സജ്ഞീവ് കുമാര്‍ ബാല്യന്‍, ബി.ജെ.പി എം.പി സത്യപാല്‍ സിങ്, ഹരിയാന മന്ത്രി അഭിമന്യു എന്നിവരുള്‍പ്പെടുന്ന പ്രതിനിധി സംഘവും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഹരിയാനാ സര്‍ക്കാരിന്റെ തീരുമാനം. അക്രമം തുടരരുതെന്ന് രാജ്‌നാഥ് സിങ് അഭ്യര്‍ഥിച്ചു. സംവരണം സംബന്ധിച്ച് അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കും. ജാട്ടുകളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അര്‍ധധസൈന്യത്തെ വിന്യസിച്ചിട്ടും ഹരിയാനയില്‍ ജാട്ടുകള്‍ അക്രമണമഴിച്ചുവിട്ടു. സമരത്തിന്റെ മറവില്‍ വ്യാപകകൊള്ളയും നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അക്രമത്തെയും തീവയ്പ്പിനെയും തുടര്‍ന്ന് ഒമ്പത് നഗരങ്ങളില്‍ കര്‍ഫ്യു വ്യാപിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചു. 150ലധികം പേര്‍ക്കു പരുക്കേറ്റു. ഹരിയാനയില്‍നിന്നുള്ള ജലവിതരണം നിലച്ചതിനാല്‍ ഡല്‍ഹി കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇന്നലെ ഡല്‍ഹിയിലെ പലസ്ഥലത്തും രൂക്ഷമായ കുടിവെള്ളക്ഷാമമനുഭവപ്പെട്ടു. ഇതുമൂലം ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ക്രമസമാധാനം ഉറപ്പുവരുന്നുതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍, കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവര്‍ രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. അക്രമികളെ കര്‍ശനമായി നേരിടാന്‍ സൈന്യത്തിന് കരസേനാ മേധാവി നിര്‍ദ്ദേശം നല്‍കി.

ലക്ഷ്യം നേടിയെന്നും ജനങ്ങള്‍ അക്രമം അവസാനിപ്പിക്കണമെന്നും സമരത്തിനു നേതൃത്വം നല്‍കുന്ന ജാട്ട് സംഘര്‍ഷ് സമിതി നേതാവ് ജയ്പാല്‍ സിങ് സങ്‌വാന്‍ അഭ്യര്‍ഥിച്ചു. ജാട്ടുകള്‍ക്കു സംവരണം നല്‍കുന്നതായുള്ള പ്രഖ്യാപനം വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയതായി ഹരിയാനാ മന്ത്രി ഒപി ദാന്‍കറാണ് അറിയിച്ചത്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകും. ജാട്ടുകളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സമിതി പരിശോധിക്കുമെന്നും ഒ.പി ദാന്‍കര്‍ പറഞ്ഞു.

നേതൃത്വമില്ലാത്ത ജനക്കൂട്ടം തെരുവുകള്‍ കൈയ്യടക്കിയിരിക്കുകയാണെന്നും പ്രശ്‌നപരിഹാരത്തിന് സമാന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രത്തോട് ഹരിയാന മന്ത്രി അനില്‍ വിജി അഭ്യര്‍ഥിച്ചു. ഇതിനായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസങ്ങളായി തുടരുന്ന അക്രമസമരംമൂലം ഹരിയാനാ-ഡല്‍ഹി റൂട്ടിലെ റെയില്‍, ബസ് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. കൈതാല്‍ നഗരത്തില്‍ ജാട്ടുകളും ജാട്ടുകളല്ലാത്തവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഇതെത്തുടര്‍ന്ന് ഇവിടെയും കര്‍ഫ്യു പ്രഖ്യാപിച്ചു. രോഹ്തക്, ബിവാനി, ജാജര്‍, ജിന്‍ഡ്, ഹാന്‍സി, സോണിപത്ത്, ഗോഹന്ന എന്നിവിടങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. ഈ നരഗങ്ങളിലെ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞു കിടയ്ക്കുകയാണ്. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെയും കലാപം ബാധിച്ചു. ഇതുവരെ റദ്ദാക്കിയ തീവണ്ടികളുടെ എണ്ണം ആയിരത്തില്‍ കൂടുതലാണ്. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും കച്ചവടസ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. സ്വകാര്യബാങ്കിന്റെ എ.ടി.എം കൗണ്ടറും അഗ്നിക്കിരയാക്കിയതില്‍ ഉള്‍പ്പെടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.