2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

പ്രകൃതി പഠനത്തിനു വഴിയൊരുക്കി ചൂലനൂര്‍ മയില്‍ സങ്കേതം

പെരുങ്ങോട്ടുകുറുശ്ശി: സംസ്ഥാനത്തെ ഏക മയില്‍ സങ്കേതമായ ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷണത്തില്‍ താല്‍പര്യമുളളവര്‍ക്കുമൊക്കെയായി പ്രകൃതി പഠനത്തിനു വഴിയൊരുങ്ങുന്നു. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് വനംവകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ താമസിച്ച് പ്രകൃതിയെ അനുഭവിച്ചറിയുന്ന വിധത്തിലാണ് ക്യാംപ്.
സസ്യസമ്പത്ത്, മൃഗസമ്പത്ത് എന്നിവ നേരില്‍ കണ്ടറിയാന്‍ രാവിലെ മുതല്‍ ട്രക്കിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിനുശേഷമാണ് പഠനക്ലാസുകള്‍ ആരംഭിക്കുന്നത്. ഈ മേഖലയില്‍ കണ്ടുവരുന്ന വിവിധയിനം പക്ഷികള്‍, ചിത്രശലഭങ്ങള്‍, പാമ്പുകള്‍, സസ്യങ്ങള്‍ എന്നിവയെക്കുറിച്ച് പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ പരിചയസമ്പന്നയായവര്‍ ക്ലാസെടുക്കും. നാല്‍പതു പേരടങ്ങുന്ന സംഘത്തിനാണ് താമസവും ഭക്ഷണവുമടങ്ങുന്ന ക്യാംപ് ഒരുക്കുന്നത്. മൂന്നുദിവസങ്ങളിലായി നടക്കുന്ന ക്യാംപില്‍ വൈകിട്ട് പഠിതാക്കള്‍ക്കു സാംസ്‌കാരിക പരിപാടികളവതരിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഒരുദിവസം നടക്കുന്ന ഔട്ട് ട്രക്കിങ്ങില്‍ മയില്‍സങ്കേതത്തിനുസമീപത്തുളള സാംസ്‌കാരിക സ്ഥാപനങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഡോര്‍മിറ്ററികളുമുണ്ട് താമസിക്കുന്നതിനായിട്ട്..ചൂലന്നൂര്‍ മയില്‍സങ്കേതം 3.421 ചതുരശ്ര കി മി വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ആര്‍ദ്ര ഇലപൊഴിയും വനങ്ങളും സ്വാഭാവികമായി കണ്ടുവരുന്ന മറ്റു സസ്യജന്തുജാലങ്ങളും ജൈവവൈവിധ്യത്താല്‍ അങ്ങേയറ്റം സംരക്ഷണപ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ് ചൂലനൂര്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതിവനം. പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴിലാണ് മയില്‍ സങ്കേതത്തിന്റെ പ്രവര്‍ത്തനം. ചെറിയ കുന്നുകളും ചരിവുകളും പാറ ഇടുക്കുകളുമാണ് ചൂലനൂര്‍ മയില്‍ സങ്കേതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാണുന്നത്. സ്വാഭാവികമായി കണ്ടുവരുന്ന മയിലുകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനാണ് ചൂലനൂര്‍ മയില്‍ സങ്കേതം രൂപവല്‍ക്കരിച്ച്. സംസ്ഥാനത്തെ ഏക മയില്‍ സങ്കേതമായ ഇവിടെ 337 ഇനം സസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുള്‍, മരുതി, ഇലവ്, കലയം, പാതിരി, മഞ്ഞനത്തി, പേഴ്, വേങ്ങ, ആര്യവേപ്പ്, ഏഴിലംവാല, കരിമരുത്, ആവല്‍, ഈട്ടി, മുള്ളുവേങ്ങ തുടങ്ങി നിരവധി ഔഷധ വൃക്ഷങ്ങള്‍ ഇവിടെ കണ്ടുവരുന്നുണ്ട്.
ഇതിനു പുറമെ 15 ഇനം സസ്തനികളും 76 ഇനം പക്ഷികളും ഇവിടെയുള്ള മൃഗ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയല്‍ ജീല്ലകളില്‍ നിന്നുംഅയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി വിദ്യാര്‍ത്ഥികളും ഗവേഷകരുമടങ്ങുന്നവര്‍ ദിനംപ്രതിചൂലനൂര്‍ മയില്‍ സങ്കേതത്തിലെ സന്ദര്‍ശകരായെത്തുന്നുണ്ട്. മഴക്കാലമായതോടെ മയിലുകളുടെ പീലി വിരിച്ചാടുന്ന നയനമനോഹരമായ കാഴ്ച കാണാനെത്തുന്നവരുമേറെയാണ്.
സംസ്ഥാനത്തെ ഏക മയില്‍ സങ്കേതമായചൂലനൂര്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി വനമെന്നു നാമകരണം ചെയ്തിട്ടുള്ള ചൂലനൂര്‍ മയില്‍ സങ്കേതത്തില്‍ ഒരു പ്രകൃതി പഠന ക്യാമ്പ് ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിസ്ഥിതി പഠനത്തിന്റെ വേറിട്ടൊരനുഭവമാകാനൊരുങ്ങുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.