2020 February 18 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രകാശം പരത്തിയ പണ്ഡിതര്‍

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്

പ്രവാചക തിരുമേനി(സ)യുടെ കാലത്തുതന്നെ വിശുദ്ധ ഇസ്‌ലാമിന്റെ ആഗമനംകൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. അവിടുത്തെ ശിഷ്യരായ സ്വഹാബികള്‍ ആണ് കേരളത്തിലെ ആദ്യ ഇസ്‌ലാമിക പ്രബോധകര്‍. പില്‍ക്കാലത്ത് വിവിധ താവഴികളില്‍പ്പെട്ട സാദാതുക്കളും ഉലമാക്കളും കേരളത്തിലെ ഇസ്‌ലാമിക ജാഗരണ പ്രക്രിയക്ക് നേതൃത്വം നല്‍കി. ആശയ വ്യതിയാനത്തിനോ അതിവൈകാരികതയ്‌ക്കോ അവസരം നല്‍കാതെ കേരള മുസ്‌ലിംകളെ പാരമ്പര്യസരണിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഈ മഹാരഥന്മാര്‍ മുഖ്യപങ്ക് വഹിച്ചു. ഈ ശൃംഖലയിലെ സുവര്‍ണ കണ്ണികളായ മൗലാനാ അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബൂബകര്‍ മുസ്‌ലിയാര്‍, റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ കാളമ്പാടി ജുമുഅത്ത് പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ മുശാവറയിലെ അംഗമായിരുന്ന അബ്ദുല്‍ അലി കോമു മുസലിയാര്‍ (1889-1943) ഈ പ്രദേശത്ത് സ്ഥിരതാമസമാക്കുന്നതോടെയാണ് കാളമ്പാടിയുടെ വൈജ്ഞാനിക പൈതൃകത്തിന് തുടക്കം കുറിക്കുന്നത്. ദീര്‍ഘകാലം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ മുദരിസായി സേവനം ചെയ്ത അദ്ദേഹം ശിഷ്യസമ്പത്തുകൊണ്ട് ഏറെ അനുഗ്രഹീതനായ പണ്ഡിതശ്രേഷ്ഠനാണ്. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന മഹാഭൂരിഭാഗം പണ്ഡിതരും മഹാനവര്‍കളുടെ ശിഷ്യപരമ്പരയില്‍പ്പെട്ടവരാണെന്നത് അത്യപൂര്‍വമായ ഒരു ബഹുമതിയാണ്. ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസലിയാര്‍, കെ.വി.മുഹമ്മദ് മുസലിയാര്‍ കൂറ്റനാട്, കൂട്ടിലങ്ങാടി ബാപ്പു മുസലിയാര്‍, ശംസുല്‍ ഉലമയുടെ സഹോദരന്മാരായ ഇ.കെ. ഉമര്‍ ഹാജി, ഇ.കെ. ഉസ്മാന്‍ ഹാജി തുടങ്ങിയവരെല്ലാം മഹാനവര്‍കളില്‍നിന്ന് നേരിട്ട് ശിഷ്യത്വം സ്വീകരിച്ചവരാണ്. വൈജ്ഞാനിക രംഗത്തെ നിസ്തുല സേവനത്തിന് പുറമെ വിവിധ ത്വരീഖത്തുകളുടെ ശൈഖായി ആത്മീയ രംഗത്തും മഹാനവര്‍കള്‍ ജ്വലിച്ചുനിന്നു.
കോമു മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യനും പിന്‍ഗാമിയുമായിരുന്നു എന്റെ അഭിവന്ദ്യ ഗുരുനാഥന്‍ കൂടിയായ ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസലിയാര്‍. വിവിധ പ്രദേശങ്ങളിലെ ദര്‍സ് പഠനത്തിനുശേഷം കോമു മുസലിയാരുടെ കീഴില്‍ പനയത്തില്‍ പള്ളിയില്‍ ഏഴുവര്‍ഷം പഠിച്ചതിനുശേഷം അദ്ദേഹം വെല്ലൂരിലേക്ക് ഉപരി പഠനത്തിന് പോയി. 1943-ല്‍ വെല്ലൂരിലെ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിനുശേഷം ഗുരുവിന്റെ അന്ത്യാഭിലാഷം പോലെ അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം ചെയ്യുകയും കാളമ്പാടിയിലെ അദ്ദേഹത്തിന്റെ വസിതിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഊരകത്തിനടുത്ത് കോട്ടുമല എന്ന പ്രദേശത്ത് ദര്‍സ് നടത്തിയാണ് ഉസ്താദ് അധ്യാപന ജീവിതം ആരംഭിച്ചത്. അതിനെത്തുടര്‍ന്നാണ് കോട്ടുമല എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്. കോട്ടുമലയില്‍ പതിനൊന്നുവര്‍ഷം ദര്‍സ് നടത്തിയതിനുശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ ഏതാനും വര്‍ഷം സേവനം ചെയ്തു. 1963-ല്‍ ജാമിഅഃനൂരിയ്യഃ സ്ഥാപിതമായപ്പോള്‍ അവിടെ മുദരിസായും, പിന്നീട് പ്രിന്‍സിപ്പലായും സേവനം ചെയ്തു. 1987 ജൂലൈ 30-ന് വഫാത്തായി.
കോട്ടുമല ഉസ്താദിനെ വാക്കിലും നോക്കിലും പിന്‍പറ്റിയ ശിഷ്യനായിരുന്നു റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസലിയാര്‍ (1938-2012). വിവിധ പ്രദേശങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയ മഹാനവര്‍കള്‍ 1993 മുതല്‍ മരണം വരെ ജാമിഅഃ നൂരിയ്യയില്‍ സേവനം ചെയ്തു. 1971-ല്‍ സമസ്ത മുശാവറ അംഗമായും, 2004-ല്‍ സമസ്തയുടെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ജീവിതാവസാനം വരെ അധ്യാപന സപര്യയില്‍ തുടരാന്‍ അവസരമുണ്ടായ മഹാന്‍ 2012 ഒക്ടോബര്‍ രണ്ടിന് വഫാത്തായി.
കോട്ടുമല ഉസ്താദിന്റെ പ്രിയ പുത്രനും എന്റെ സഹപാഠിയും സഹപ്രവര്‍ത്തകനുമായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരെയും ഇത്തരുണത്തില്‍ സ്മരിക്കേണ്ടതുണ്ട്. 1975 ല്‍ ഫൈസി ബിരുദം നേടിയ അദ്ദേഹം 1982 മുതല്‍ മരണം വരെ കടമേരി റഹ്്മാനിയ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്തു. തൊണ്ണൂറുകളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സഹകാര്യദര്‍ശിയായി സമസ്തയുടെ സമുന്നത നേതൃത്വത്തിലേക്ക് കടന്നുവന്നു. 2004 ല്‍ സമസ്ത മുശാവറ അംഗമായും താമസിയാതെ സമസ്തയുടെ സഹകാര്യദര്‍ശിയായും പിന്നീട് വിദ്യാഭ്യാസ ബോര്‍ഡിന്റെ മുഖ്യകാര്യദര്‍ശിയായും തെരഞ്ഞെടുക്കപ്പെട്ടു. ചടുലമായ പ്രവര്‍ത്തനങ്ങളുമായി കര്‍മവീഥിയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെ 2017 ജനുവരി 10 ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ഗുരുപരമ്പരയുടെ സേവനം അനല്‍പമാണെന്ന് കാണാം. 1926ലാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിതമായത്. മത നവീകരണ ചിന്തയുടെ കടന്നുകയറ്റത്തിനെതിരേയുള്ള ചെറുത്തുനില്‍പിനാണ് ആദ്യത്തെ കാല്‍നൂറ്റാണ്ട് കാലം സമസ്ത ഊന്നല്‍ നല്‍കിയത്. പാങ്ങില്‍ അഹ്്മദ്കുട്ടി മുസലിയാരും റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരുമൊക്കെയാണ് ആദ്യ വര്‍ഷങ്ങളില്‍ ഈ രംഗത്ത് തിളങ്ങിനിന്നതെങ്കില്‍ ാല്‍പ്പതുകളില്‍ കോമു മുസലിയാരുടെ ശിഷ്യരായ ശംസുല്‍ ഉലമായും കോട്ടുമല ഉസ്താദും ഈ രംഗത്തേക്കാഅതിശക്തമായി കടന്നുവന്നു. 1951ല്‍ ഇരുവരും സമസ്ത മുശാവറ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
സമസ്തയുടെ കര്‍മമേഖല വിപുലീകരിച്ചുകൊണ്ട് മദ്‌റസ പ്രസ്ഥാനത്തിന് നാന്ദി കുറിക്കപ്പെട്ടത് തൊള്ളായിരത്തി അമ്പതുകളിലാണ്. 1951-ല്‍ സമസ്ത കേരള ഇസ്‌ല മതവിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. 1957-ല്‍ ശംസുല്‍ ഉലമ സമസ്ത ജന.സെക്രട്ടറിയായും, കോട്ടുമല ഉസ്താദ് വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറിയായും, അല്‍ ബയാന്‍ പത്രാധിപരായും തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയിലെ ‘ശൈഖാനി’ എന്ന പേരില്‍ പില്‍ക്കാലത്ത് ഇരുവരും വിശ്രുതരായി. 1963-ല്‍ സമസ്ത ഫത്്‌വാ കമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോള്‍ കോട്ടുമല ഉസ്താദ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു.
വെല്ലൂര്‍ ബാഖിയാതിന്റെ മാതൃകയില്‍ കേരളത്തില്‍ മതവിദ്യാഭ്യാസരംഗത്ത് ഉപരിപഠനത്തിന് അവസരം വേണമെന്ന ചിന്താഗതി ശക്തിപ്പെട്ടത് അറുപതുകളുടെ ആരംഭത്തിലാണ്. ബാഫഖി തങ്ങള്‍, എന്റെ വന്ദ്യപിതാവ് പൂക്കോയ തങ്ങള്‍ തുടങ്ങി സാദാതുക്കളും, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ് തുടങ്ങിയ ഉലമാക്കളും, ബാപ്പുഹാജിയെപ്പോലുള്ള ഉമറാക്കളും ഒത്തൊരുമിച്ചപ്പോള്‍ ആ സ്വപ്‌നം സാക്ഷാല്‍കൃതമായി. അങ്ങനെ 1963-ല്‍ ജാമിഅഃനൂരിയ്യ യാഥാര്‍ഥ്യമായപ്പോള്‍ ശംസുല്‍ ഉലമ ജന.സെക്രട്ടറിയും, കോട്ടുമല ഉസ്താദ് പ്രഥമ മുദരിസുമായിരുന്നു. പിന്നീട് ശംസുല്‍ ഉലമ പ്രിന്‍സിപ്പല്‍ ആയി നിയമിതനാവുകയും, എന്റെ വന്ദ്യപിതാവ് ജന.സെക്രട്ടറിയാവുകയും ചെയ്തു. ജാമിഅയില്‍ ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും ശിഷ്യനായി ഏതാനും വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കരുതുന്നു.
ജാമിഅഃനൂരിയ്യഃ സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോഴാണ് കോട്ടുമല ഉസ്താദിന്റെ നിയോഗമുണ്ടായത്. അദ്ദേഹത്തിന്റെ പാവന സ്മരണക്കുവേണ്ടി ജാമിഅയിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ‘ഓസ്‌ഫോജ്‌ന’യുടെ കീഴില്‍ സ്ഥാപിതമായ കോട്ടുമല ഇസ്‌ലമിക് കോംപ്ലക്‌സ് കാളമ്പാടിയുടെ വൈജ്ഞാനിക പൈതൃകത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.
പിതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന ബാപ്പുമുസ്‌ലിയാര്‍ പിതാവ് വഹിച്ചിരുന്ന അനേകം പദവികളില്‍ പില്‍ക്കാലത്ത് അവരോധിതനായി. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സമസ്തയുടെ കര്‍മമേഖല വിപുലീകരിക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. മദ്്‌റസാ വിദ്യാഭ്യാസരംഗത്ത് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്, സമന്വയ വിദ്യാഭ്യാസരംഗത്ത് എം.ഇ.എ എന്‍ജിനീയറിങ് കോളജ്, മാധ്യമ മേഖലയില്‍ സുപ്രഭാതം ദിനപത്രം തുടങ്ങിയവ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ ശ്രദ്ധേയ സംരംഭങ്ങളാണ്.
ചുരുക്കത്തില്‍ സമസ്തയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ചാലകശക്തികളായി വിളങ്ങിനിന്ന ഒരു ഗുരുപരമ്പരയാണ് കാളമ്പാടി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അവരുടെ പേരിലുള്ള അനുസ്മരണ ചടങ്ങുകള്‍ നാളെ മുതല്‍ കാളമ്പാടിയില്‍ നടക്കുകയാണ്. അല്ലാഹു ആ മഹാരഥന്മാരുടെ സേവനങ്ങള്‍ സ്വീകരിക്കട്ടെ .

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.