2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

പോസ്റ്റ് ഓഫിസ് കൗണ്ടറില്‍നിന്ന് നോട്ടുകെട്ടുമായി മോഷ്ടാവ് ഇറങ്ങിയോടി!

 

തിരൂര്‍: നഗരമധ്യത്തിലെ പാന്‍ബസാര്‍ പോസ്റ്റ് ഓഫിസില്‍ പട്ടാപ്പകല്‍ ജീവനക്കാരെ കബളിപ്പിച്ചു നാലു ലക്ഷം രൂപയുടെ കവര്‍ച്ച. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയായിരുന്നു സംഭവം. സഹായാഭ്യര്‍ഥനയുമായെത്തിയ ഇതരസംസ്ഥാനക്കാരന്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു പണവുമായി മുങ്ങുകയായിരുന്നു.
പോസ്റ്റ് ഓഫിസ് ഡെപ്പോസിറ്റില്‍ വിതരണം ചെയ്യാനായി എടുത്തുവച്ച തുകയാണ് കൗണ്ടറില്‍നിന്നു കവര്‍ന്നത്. പോസ്റ്റ് മിസ്ട്രസ് ഭാര്‍ഗവിയുടെയും മറ്റൊരു ജീവനക്കാരന്റെയും കണ്ണുവെട്ടിച്ചായിരുന്നു മോഷണം. ഈ സമയത്തു പോസ്റ്റ് മിസ്ട്രസും മറ്റൊരു ജീവനക്കാരനും മാത്രമേ ഓഫിസിലുണ്ടായിരുന്നുള്ളൂ. നോട്ടീസ് കാണിച്ച് അപരിചിതന്‍ സഹായാഭ്യര്‍ഥന നടത്തിയതോടെ അയാള്‍ക്കു നല്‍കാന്‍ ചില്ലറയെടുക്കാന്‍ പോയ തക്കത്തിനു രണ്ടായിരം രൂപയുടെ കെട്ടാക്കി വച്ച നാലു ലക്ഷം രൂപയുമായി ഇതര സംസ്ഥാനക്കാരന്‍ ഓഫിസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ഇയാള്‍ പോയതിനു ശേഷമാണ് പോസ്റ്റ് മിസ്ട്രസ് ഓഫിസില്‍നിന്നു നാലു ലക്ഷം രൂപ നഷ്ടപ്പെട്ടത് അറിയുന്നത്.
ഉടന്‍തന്നെ പൊലിസില്‍ അറിയിക്കുകയും പരിസരത്താകെ അന്വേഷിക്കുകയും ചെയ്‌തെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഓഫിസിലെയും പരിസരത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി കാമറ ദൃശ്യങ്ങളില്‍നിന്നു പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍നിന്നു വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് പോസ്റ്റ് ഓഫിസ് കവര്‍ച്ചയ്ക്കും പിന്നിലെന്നു പൊലിസിനു സൂചന ലഭിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.