2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പോളിങ് ശതമാനത്തിലെ റെക്കോര്‍ഡ് വര്‍ധനയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

വൈക്കം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡത്തിലെ പോളിങ് ശതമാനം വര്‍ധിച്ചത് അനുകൂല വിധിയെഴുത്താണെന്ന് മൂന്നു മുന്നണികളും ഒരുപോലെ അവകാശപ്പെടുമ്പോഴും മണ്ഡത്തില്‍ ലീഡ് ആര്‍ക്കാണെന്ന് ഒരു സൂചനപോലും നല്‍കാതെയാണ് ഫലപ്രഖ്യാപനത്തിന്റെ ഒരു മാസത്തെ ഇടവേളയിലേക്ക് കാര്യങ്ങളുടെ പോക്ക്.
79.85 ശതമാനം വോട്ട് ആണ് ഇത്തവണ നിയോജകമണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇത് മുന്നണികള്‍ക്ക് ഒരേസമയം ആകാംക്ഷയും ആശങ്കയുമാണ് നല്‍കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും ഒരുപോലെ പ്രചാരണരംഗത്ത് സജീവമായിരുന്നു. മുന്‍കാലങ്ങളില്‍ പ്രചാരണരംഗത്ത് യു.ഡി.എഫ് സജീവമായിരുന്നെങ്കിലും ഫലം വരുമ്പോള്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നേടുകയായിരുന്നു പതിവ്.
അതിനൊരു അപവാദം കഴിഞ്ഞ തവണ ജോസ് കെ.മാണി നേടിയ 2073 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ എന്‍.ഡി.എയുടെ സജീവസാന്നിധ്യം കാര്യങ്ങള്‍ തകിടം മറിച്ചിരിക്കുകയാണ്.
മണ്ഡലത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള ഈഴവ-പട്ടികജാതി വിഭാഗങ്ങളുടെ വോട്ട് ബി.ഡി.ജെ.എസിലൂടെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതുപോലുള്ള സാധ്യതകളില്‍ എന്‍.ഡി.എ മനക്കോട്ട കെട്ടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുനിലയില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. അതേസമയം എല്‍.ഡി.എഫ് അതിശക്തമായ മുന്നേറ്റമാണ് നടത്തിയത്.
കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി മുപ്പതിനായിരത്തിലധികം വോട്ടാണ് നേടിയത്. എന്നാല്‍ ഇത് പരമ്പരാഗതമായ യു.ഡി.എഫ് വോട്ടുകളിലാണ് വിള്ളല്‍ വീഴ്ത്തിയത്. ഇത് എല്‍.ഡി.എഫിന് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സമ്മാനിച്ചത്.
എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസിനുവേണ്ടി ഇടത് സ്ഥാനാര്‍ഥി വി.എന്‍ വാസവനോടും യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനോടും കിടപിടിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് മണ്ഡലത്തില്‍ നടന്നത്. ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്തിയായിരുന്നു എന്‍.ഡി.എയുടെ പ്രചാരണം. ഇത് ജനവികാരം അനുകൂലമാക്കുമെന്നും ചരിത്രത്തിലാദ്യമായി എന്‍.ഡി.എ നിയോജകമണ്ഡലത്തില്‍ ഇരുമുന്നണികളെയും വിറപ്പിച്ച് ശക്തമായ ലീഡ് നേടുമെന്ന് എന്‍.ഡി.എ നേതാക്കളായ എന്‍.കെ നീലകണ്ഠന്‍, എം.പി സെന്‍, പി.ജി ബിജുകുമാര്‍ എന്നിവര്‍ പറഞ്ഞു.
അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധതരംഗവും രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവുമെല്ലാം എല്ലാ മണ്ഡലങ്ങളിലുമെന്ന പോലെ വൈക്കത്തും ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. ജോസ് കെ.മാണി എം.പി വൈക്കത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ തവണ ലഭിച്ച ലീഡ് വര്‍ധിപ്പിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അക്കരപ്പാടം ശശി, കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. പി.പി സിബിച്ചന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ എന്‍.ഡി.എയുടെയും യു.ഡി.എഫിന്റെയും മോഹങ്ങളെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമായിരിക്കുമെന്നാണ് എല്‍.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് പി.സുഗതന്‍, സെക്രട്ടറി അഡ്വ. പി.കെ ഹരികുമാര്‍ എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞതവണ യു.ഡി.എഫിനു ലഭിച്ച ചെറിയ വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ മറികടന്ന് വൈക്കം നിയോജകമണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് റെക്കോര്‍ഡ് ലീഡ് നേടുമെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു. എന്‍.ഡി.എ മണ്ഡലത്തില്‍ ഒരു ഭീഷണി പോലുമല്ലെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ പറയന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.