2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പോളിങ് ഏജന്റായി അരനൂറ്റാണ്ട് പിന്നിട്ട് കുഞ്ഞിക്ക

അന്തിക്കാട്: പോളിങ് ഏജന്റായി അരനൂറ്റാണ്ട് പിന്നിട്ട് പി.കെ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിക്ക. അന്തിക്കാട് കല്ലിടവഴിയില്‍ കോള്‍ പടവിനു സമീപം പുതുശേരി വീട്ടില്‍ കുഞ്ഞിക്കയാണ് പോളിങ് ഏജന്റായി പ്രവര്‍ത്തിച്ച് 50 വര്‍ഷം പിന്നിടുന്നത്. അന്തിക്കാട് ഹൈസ്‌കൂളിലെ 34-ാം ബൂത്തിലെ ഏജന്റാണ് കുഞ്ഞിക്ക. 1960 കളിലാണ് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുമായി കുഞ്ഞിക്ക ഇടപെടുന്നത്. രാഷ്ട്രീയത്തില്‍ തുടക്കമിടുന്നത് അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിട്ടാണ്. 1964ല്‍ സി.പി.ഐയും സി.പി.എമ്മുമായി മാറിയപ്പോള്‍ കഞ്ഞിക്ക സി.പി.എമ്മില്‍ നിലകൊണ്ടു. അക്കാലത്ത് വില്ലിങ്ടന്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി കല്‍പറ്റയിലും മണലൂരിലും മത്സരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ വില്ലിങ്ടനു വേണ്ടി പോളിങ് ഏജന്റായി തുടക്കമിട്ടു. തുടര്‍ന്ന് അരനൂറ്റാണ്ടിനപ്പുറം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വരെ പോളിങ് ഏജന്റായി പ്രവര്‍ത്തിച്ചു. കുഞ്ഞിക്കയുടെ സാന്നിധ്യം ഇക്കുറി തെരഞ്ഞെടുപ്പിനുണ്ടാകില്ല. പ്രായാധിക്യം മൂലം വീട്ടില്‍ തന്നെ കൂടുമെന്നാണ് ഇക്ക പറയുന്നത്. സി.പി.ഐക്കും സി.പി.എമ്മിനും ഒരു പോലെ സ്വീകാര്യനായ കുഞ്ഞിക്ക രണ്ടു കൂട്ടര്‍ക്കു വേണ്ടിയും പോളിങ് ഏജന്റായി പ്രവര്‍ത്തിക്കാറുണ്ട്. 1965ല്‍ ജോലി ലഭിച്ച് ബിലാത്തിയില്‍ പോയ ശേഷം എല്ലാ തെരഞ്ഞെടുപ്പു സമയത്തും നാട്ടിലെത്തി പോളിങ് ഏജന്റായി മാറും. 1986ല്‍ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടില്‍ തിരിച്ചെത്തിയപ്പോഴും തെരഞ്ഞെടുപ്പിന് പോളിങ് ഏജന്റായി കുഞ്ഞിക്ക മുന്നിലുണ്ടായിരുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.