2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പോരാട്ടം ഫിനിഷിങ് പോയിന്റിലേക്ക്; ഒടുവില്‍ വിവാദമായത് പരാമര്‍ശങ്ങളും പ്രസ്താവനകളും

വി. അബ്ദുല്‍ മജീദ്

തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഫിനിഷിങ് പോയിന്റിലേക്ക്. പതിവില്‍ കവിഞ്ഞ വാശിയേറിയ പോരിന്റെ അവസാന മണിക്കൂറുകളിലും പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് മുന്നണികള്‍. തീര്‍ത്തും പ്രവചനാതീതമായ പോരാട്ടത്തിന്റെ ശബ്ദപ്രചാരണത്തിന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരശ്ശീല വീഴും.
അവസാന ഘട്ടത്തില്‍ ദേശീയ നേതാക്കളെ കളത്തിലിറക്കി പോരാട്ടം ശരിക്കും കൊഴുപ്പിക്കുകയായിരുന്നു പ്രധാന മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, ഇടതുകക്ഷികളുടെ ദേശീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം കളത്തിലിറങ്ങി. മോദിയും ദേവഗൗഡയും സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ഇന്നലെയും സംസ്ഥാനത്തുണ്ടായിരുന്നു.
ഭരണത്തുടര്‍ച്ചയ്ക്കായി യു.ഡി.എഫും ഭരണം പിടിക്കാന്‍ എല്‍.ഡി.എഫും അരയും തലയും മുറുക്കിയുള്ള പോരാട്ടത്തിലാണ്. വിജയത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളുടെയും നേതാക്കള്‍. 80ല്‍ കുറയാത്ത സീറ്റുകള്‍ നേടുമെന്നാണ് അവസാന ഘട്ടത്തിലും ഇരുമുന്നണികളും അവകാശപ്പെടുന്നത്. നിയമസഭയില്‍ ഇതുവരെ അക്കൗണ്ട് തുറക്കാനാവാത്ത ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും അവകാശവാദത്തില്‍ ഒട്ടും പിന്നിലല്ല.
ദിവസങ്ങളുടെ ആയുസില്‍ മാത്രം കത്തിനിന്ന് മാറിമറിയുന്ന പ്രചാരണ വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ബാര്‍കോഴയിലും സോളാര്‍ തട്ടിപ്പിലും വികസനത്തിലും കൊലപാതക രാഷ്ട്രീയത്തിലുമൊക്കെ ഊന്നി തുടങ്ങിയ പ്രചാരണം വൈകാതെ മറ്റു നിരവധി വിഷയങ്ങളിലേക്കു മാറി. ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ഭൂമി കൈമാറ്റങ്ങളുമൊക്കെ പ്രചാരണവിഷയങ്ങളായി.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടതോടെ മറ്റെല്ലാ വിഷയങ്ങളും വിട്ട് മുന്നണികള്‍ അതിനു പിറകെ പോയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആ വിഷയത്തിനും പ്രചാരണത്തില്‍ പ്രാധാന്യം കുറഞ്ഞു. കേരളത്തെ സോമാലിയയുമായി താരതമ്യപ്പെടുത്തി നരേന്ദ്രമോദി തിരുവനന്തപുരത്തു നടത്തിയ പ്രസംഗവും കഴിഞ്ഞ ദിവസം ജിഷ വധവുമായി ബന്ധപ്പെട്ട് ചില ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവുമൊക്കെയാണ് കത്തിനില്‍ക്കുന്ന വിഷയങ്ങള്‍.
മിക്ക മേഖലകളിലും ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നില്‍ക്കുന്ന കേരളത്തെ പട്ടിണിയുടെ കാര്യത്തില്‍ മോദി സൊമാലിയയുമായി താരതമ്യപ്പെടുത്തിയതിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് യു.ഡി.എഫ്. പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിക്കുകയും മോദിക്ക് കത്തെഴുതുകയും ചെയ്തു. മറ്റു യു.ഡി.എഫ് നേതാക്കളും പ്രസംഗവേദികളില്‍ മോദിക്കെതിരേ ആഞ്ഞടിച്ചു. ഇടതുചേരിയില്‍ നിന്നും ഇതിന്റെ പേരില്‍ മോദിക്കെതിരേ പ്രതിഷേധമുയര്‍ന്നു. സാമൂഹ്യ മാധ്യമങ്ങളിലും കടുത്ത പ്രതിഷേധമുയരുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ‘പോ മോനെ മോദി ‘എന്ന ഹാഷ്ടാഗ് ടോപ്പ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ജിഷ വധക്കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ചില ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ഊരും പേരുമില്ലാത്ത ചില സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അവര്‍ ആഹ്വാനത്തിനു മുമ്പ് സി.പി.എമ്മുമായി ആലോചിച്ചിരുന്നില്ലെന്നും കോടിയേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത് ദലിത് സംഘടനകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്. ഊരും പേരുമില്ലാത്തവരെന്ന വിശേഷണം വഴി കോടിയേരി ദലിത് സമൂഹത്തെ അവഹേളിച്ചെന്ന വിമര്‍ശനവുമായി വിവധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ പേരില്‍ സി.പി.എമ്മിനും കോടിയേരിക്കുമെതിരായ വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News