2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പോംപെ രോഗബാധ: ഇരയെ സഹായിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി : ശരീരത്തില്‍ എന്‍സൈമുകളുടെ ഉല്പാദനം ഇല്ലാതാകുന്ന പോംപെ രോഗ ബാധിതനായ കുട്ടിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നടപടി സ്വീകരിക്കാനാവുമോ എന്നറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തന്റെ 12 വയസുകാരനായ മകന് പോംപെ രോഗബാധയെത്തുടര്‍ന്ന് ചികിത്സ നടത്താന്‍ സര്‍ക്കാര്‍ സഹായം തേടി പട്ടാമ്പി തൃത്താല സ്വദേശി എം. മനോജ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.ബി സുരേഷ് കുമാറാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
മനോജിന്റെ ആദ്യ കുട്ടി ഇതേ രോഗത്താല്‍ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ രണ്ടാമത്തെ മകനും ഈ രോഗം ബാധിച്ചതോടെയാണ് മനോജ് സഹായം തേടി ഹൈക്കോടതിയിലെത്തിയത്. അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈ കുട്ടിക്ക് രണ്ടാഴ്ച കൂടുമ്പോള്‍ 45,000 രൂപ വിലവരുന്ന എട്ട് ഇന്‍ജക്ഷനുകള്‍ വേണ്ടി വരും. ഇപ്പോള്‍ അമേരിക്കയിലെ ഒരു മരുന്നു കമ്പനിയുടെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്.
എന്നാല്‍ വലിയ തുക വരുന്ന ഇന്‍ജക്ഷന്‍ സൗജന്യമായി ലഭ്യമാക്കാന്‍ നടപടി വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ജനിതക രോഗമായ പോംപെ ബാധിച്ച 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ കിട്ടിയിരുന്നുവെന്നും എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News