2018 June 25 Monday
വിശുദ്ധ ഖുര്‍ആന്‍ ഞാന്‍ പരിശോധിച്ചു. അതില്‍ കുഫ്ര്‍ കഴിഞ്ഞാല്‍ പലിശയോളം പാപമുള്ളതായി മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.
ഇമാം മാലിക് (റ)

Editorial

പൊള്ള വാഗ്ദാനങ്ങളുടെ തനിയാവര്‍ത്തനം


അമ്പത് ദിവസം കൊണ്ട് ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷത്തേയും തീരാ ദുരിതത്തിലും ദാരിദ്ര്യത്തിലും ആഴ്ത്തിയതിന് ഫലപ്രദമായ ഒരു പരിഹാരവും നിര്‍ദേശിക്കാതെ തന്റെ പതിവു വാചക കസര്‍ത്തു നടത്തിയിരിക്കുകയാണ് ഡിസംബര്‍ 31ലെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് മരവിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അന്‍പത് ദിവസത്തെ ദുരിതപര്‍വം താണ്ടിയ ഇന്ത്യന്‍ ജനതയെ സമാശ്വസിപ്പിക്കുവാന്‍ പുതുവര്‍ഷാരംഭത്തില്‍ മോദി നടത്തുമെന്ന് പറഞ്ഞ പ്രഖ്യാപനത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചവരായിരുന്നു ജനത. എല്ലാ പ്രതീക്ഷകളെയും തല്ലിക്കൊഴിക്കുന്ന പ്രധാനമന്ത്രി ഇവിടെയും അതാവര്‍ത്തിച്ചു. അംഗവിക്ഷേപങ്ങളാല്‍ സരസമായും വികാരഭരിതമായും വാചക കസര്‍ത്തു നടത്തി എത്രകാലം ജനങ്ങളെ മരവിപ്പിച്ച് നിര്‍ത്താനാവും. ഉയര്‍ന്ന മൂല്യമുള്ള നോട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് അമ്പത് പൂര്‍ത്തിയാക്കിയ ദിവസം പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുമെന്നും അഞ്ഞൂറ് രൂപയുടെയും നൂറ് രൂപയുടെയും നോട്ടുകള്‍ ക്രയവിക്രയത്തിന് ലഭ്യമാകുമെന്നും ജനം പ്രതീക്ഷിച്ചു. അത്തരം പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകാന്‍ കാത്തിരുന്ന ജനം വിഢികളായി. പകരം അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രസംഗം നടത്താനാണ് പ്രധാനമന്ത്രി തന്റെ പുതുവര്‍ഷാരംഭ പ്രഖ്യാപനം ഉപയോഗപ്പെടുത്തിയത്.
പാര്‍ലമെന്റില്‍ ബജറ്റ് അവതരണത്തില്‍ ഉള്‍പ്പെടുത്തേണ്ട പലവിഷയങ്ങളും ഒരു പക്ഷേ ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് മോദി പ്രഖ്യാപിച്ചത്. നോട്ട് മരവിപ്പിച്ചതും ഇതുപോലെയായിരുന്നുവല്ലോ. വേണ്ടത്ര ആലോചനകളും മുന്നൊരുക്കങ്ങളുമില്ലാതെ നടത്തിയ നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപനം പോലെ തന്നെയായി നരേന്ദ്രമോദിയുടെ ഫ്രീ ബജറ്റ് പ്രസംഗവും. പാര്‍ലമെന്റ് സംയുക്ത സമിതി, അക്കൗണ്ട്‌സ് കമ്മിറ്റി പോലുള്ള കമ്മിറ്റികളില്‍ ചര്‍ച്ചക്കെടുത്ത് പാര്‍ലമെന്റില്‍ അവതരപ്പിച്ച് പാസാക്കേണ്ട വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിന് ഒരു ഫോര്‍മുലയും അവതരിപ്പിക്കാതിരുന്നതിലൂടെ രാജ്യത്തെ മൊത്തത്തില്‍ പ്രധാനമന്ത്രി അപായപ്പെടുത്തിയിരിക്കുകയാണ്. കള്ളപ്പണക്കാര്‍ക്കും നികുതിവെട്ടിപ്പുകാര്‍ക്കും ഭീകരവാദികള്‍ക്കുമെതിരെ എന്ന് പ്രഖ്യാപിച്ചു നടത്തിയ നോട്ട് മരവിപ്പിക്കല്‍ അവസാനം ചെന്നെത്തിയത് ഡിജിറ്റല്‍ കറന്‍സിയിലാണ്. ക്യാഷ്‌ലെസ് പദ്ധതി വഴി. ഇതിനുവഴിയൊരുക്കുന്ന കമ്പനികള്‍ കോടികളാണ് സര്‍വീസ് ചാര്‍ജ് ഇനത്തിലൂടെ തട്ടിയെടുക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി ഉണ്ടായിട്ടുമില്ല. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ആരോപണത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് മറുപടിയുണ്ടായില്ല. ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനി ഡിലാറിയുവിന് പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കാനിരിക്കുന്ന കരാര്‍ നിയമവിരുദ്ധമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. കറന്‍സി നോട്ടുകള്‍ വിദേശത്ത് അച്ചടിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റ് പബ്ലിക് അണ്ടര്‍ടെയ്ക്കിംഗ്‌സ് കമ്മിറ്റി 2013ല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ കമ്പനിയുമായുള്ള സഹകരണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പക്ഷം.
മറ്റു രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതില്‍ ഗുരുതരമായ അപകട സാധ്യതയുണ്ടെന്നും രാജ്യസുരക്ഷയെയും പരമാധികാരത്തേയും സമ്പദ് ഘടനയെയും അത് സാരമായി ബാധിക്കുമെന്നും വിദേശ കമ്പനികള്‍ കൂടുതല്‍ കറന്‍സികള്‍ അച്ചടിച്ചാല്‍ അത് തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും എത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ കറന്‍സി അച്ചടിക്കുവാന്‍ വിദേശ കമ്പനികളെ ഏല്‍പ്പിക്കരുതെന്നുമുള്ള കമ്മിറ്റിയുടെ 2013 മാര്‍ച്ച് 20ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ടാണ് ഇന്ത്യ വിലക്കിയ ഡിലാര്‍യു കമ്പനിയുമായി നോട്ട് അച്ചടിക്കുവാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കമ്പനി 2016 മുതല്‍ ഇന്ത്യയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ പ്രധാനമന്ത്രിയില്‍നിന്നും ജനത മറുപടിയായി പ്രതീക്ഷിക്കുന്നത് പരിഹാസ വാക്കുകളല്ല. ചരിത്രപരമായ ശുദ്ധീകരണമെന്ന വാചകകസര്‍ത്തിലൂടെ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുവയാണുള്ളത്. പലിശയിളവുകള്‍ ധാരാളം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനു എവിടെ നിന്ന് പണം സംഭരിക്കുമെന്ന പ്രധാനമന്ത്രി പറയുന്നുമില്ല. ബാങ്കുകള്‍ നല്‍കുമെന്ന് പറയുന്ന പലിശയിളവിന് സമാനമായ സാമ്പത്തിക സഹായം ബാങ്കുകള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍്ക്കാര്‍ ബാധ്യസ്ഥമാണ്. എല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ട്രപ്പീസ് കളിയായി മാത്രമേ കാണാനാവൂ. പാര്‍ലമെന്റിനെ നോക്ക് കുത്തിയാക്കിയുള്ള പ്രഖ്യാപനങ്ങള്‍ ഇനിയും പ്രധാനമന്ത്രിയില്‍ നിന്നും വന്നേക്കാം. പൊള്ളത്തര വാഗ്ദാനങ്ങളുടെ തനിയാവര്‍ത്തനമായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.