2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൊളിച്ച ഫ്‌ളാറ്റുകളുടെ പരിസരത്ത് പൊടിശല്യം നഗരസഭാ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു

 

 

സ്വന്തം ലേഖകന്‍
മരട്: സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നാശനഷ്ടമില്ലാതെ മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിച്ച ആശ്വാസത്തിനുമേല്‍ ആശങ്കപടര്‍ത്തി പൊടി.
മറ്റ് നഷ്ടങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും പൊടിശല്യം നാട്ടുകാരെ ദുരിതത്തിലാക്കി. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് പിന്നാലെ പൊടിശല്യം ഒഴിവാക്കാന്‍ വെള്ളം തളിക്കുമെന്ന് മരട് നഗരസഭാ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിച്ചില്ല. പൊടിശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ഇന്നലെ മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എച്ച് നദീറയെ ഉപരോധിച്ചു. വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഭക്ഷണം പാകം ചെയ്യുന്നതിനുപോലും കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വീടുകളില്‍ വെള്ളം തളിക്കാനുള്ള നടപടികള്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ചെയര്‍പേഴ്‌സണ്‍ ടി.എച്ച് നദീറ എന്നിവര്‍ കരാറുകാരായ വിജയ് സ്റ്റീല്‍, പ്രേംപ്റ്റ് ഏജന്‍സീസ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പൊടി നിയന്ത്രിക്കുന്നതിന് വെള്ളം തളിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് ടാങ്കറില്‍ വെള്ളമെത്തിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തളിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഫ്‌ളാറ്റ് അവശിഷ്ടങ്ങളില്‍ നിന്ന് പ്രദേശം മുഴുവന്‍ പൊടി നിറയുകയാണ്. പ്രദേശത്തെ വീടുകളും റോഡും വൃക്ഷങ്ങള്‍ പോലും പൊടിയില്‍ കുളിച്ചുനില്‍ക്കുകയാണ്. വാട്ടര്‍ അതോറിറ്റി പമ്പിങ് നിര്‍ത്തിവച്ചതിനാല്‍ വീടുകളില്‍ ആവശ്യത്തിന് വെള്ളവുമില്ല. ശുദ്ധജല ടാങ്കുകളില്‍ പൊടി നിറഞ്ഞിരിക്കുകയാണ്.
ഏതാനും മണിക്കൂര്‍ മാത്രം മാറിനിന്നാല്‍ മതിയെന്നാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്‍പ് അധികൃതര്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ ഫ്‌ളാറ്റ് പൊളിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും വീടുകളില്‍ താമസിക്കന്‍ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍, സമീപപ്രദേശത്തെ വീടുകളിലേക്ക് മൂന്നുമാസം കഴിഞ്ഞേ മടങ്ങാന്‍ സാധിക്കൂവെന്ന് നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജനപ്രതിനിധികള്‍ പറഞ്ഞു. പരമാവധി മൂന്നുമാസത്തെ വാടക താമസക്കാര്‍ക്കു നല്‍കുമെന്നും അറിയിച്ചിരുന്നു.
വീട് വൃത്തിയാക്കുന്നതിനും അവശിഷ്ടങ്ങള്‍ നീക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പൊടി ഒഴിവാക്കുന്നതിനുമാണ് ഈ വാഗ്ദാനം നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി. അതിനിടെ, ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് അവശിഷ്ടങ്ങള്‍ പൊട്ടിക്കുന്നതിനുള്ള ശ്രമം ചെയര്‍പേഴ്‌സണിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തടഞ്ഞു. പൊടി പൂര്‍ണമായും നീക്കം ചെയ്തശേഷം മാത്രമേ അവശിഷ്ടങ്ങള്‍ നീക്കാന്‍ അനുവദിക്കൂവെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പണികള്‍ നിര്‍ത്തിവച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.