2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പൊലിസ് കമ്മിഷണറേറ്റ്: ഐ.പി.എസ്- ഐ.എ.എസ് തര്‍ക്കം രൂക്ഷം


കമ്മിഷണറേറ്റ് സ്ഥാപിതമായാല്‍ ജില്ലാ കലക്ടര്‍മാരുടെ കൈവശമുള്ള മജിസ്റ്റീരിയല്‍ അധികാരങ്ങള്‍കൂടി ചുമതലയുള്ള ഐ.ജി റാങ്കുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനിലേക്ക് കൈമാറേണ്ടി വരും. ഇതിനെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ക്കുകയാണ്. നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിരോധം

 

 

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജനസംഖ്യക്ക് ആനുപാതികമായി പൊലിസ് കമ്മിഷണറേറ്റ് നടപ്പാക്കണമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയെ എതിര്‍ത്ത് നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴില്‍ കമ്മിഷണറേറ്റ് സ്ഥാപിക്കണമെന്നായിരുന്നു ഡി.ജി.പിയുടെ ശുപാര്‍ശ. തെരഞ്ഞെടുപ്പിന് മുന്‍പ് കമ്മിഷണറേറ്റ് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയാണ് നിയമസെക്രട്ടറിയുടെ വിയോജനക്കുറിപ്പ്.
ചെന്നൈ, ബംഗളൂരു മാതൃകയില്‍ കേരളത്തിലും കമ്മിഷണറേറ്റ് സ്ഥാപിക്കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശയില്‍ ആഭ്യന്തര സെക്രട്ടറിയാണ് നിയമോപദേശം തേടിയത്. മെട്രോപൊളിറ്റന്‍ സിറ്റിയായി വിജ്ഞാപനം ചെയ്യണമെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം നഗരത്തിലെ ജനസംഖ്യ പത്തുലക്ഷം കഴിയണമെന്നാണ് വ്യവസ്ഥയെന്ന് നിയമസെക്രട്ടറിയുടെ കുറിപ്പില്‍ പറയുന്നു. 2011 ലെ സെന്‍സസ് പ്രകാരം രണ്ടുനഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിഞ്ഞിട്ടില്ലാത്തിനാല്‍ കമ്മിഷണറേറ്റ് പ്രായോഗികമല്ലെന്ന് നിയമസെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്മിഷണറേറ്റ് സ്ഥാപിതമായാല്‍ ജില്ലാ കലക്ടര്‍മാരുടെ കൈവശമുള്ള മജിസ്റ്റീരിയല്‍ അധികാരങ്ങള്‍കൂടി ചുമതലയുള്ള ഐ.ജി റാങ്കുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനിലേക്ക് കൈമാറേണ്ടി വരും. ഇതിനെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ക്കുകയാണ്. നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിരോധം.
എന്നാല്‍ പുതിയ നീക്കത്തിനെതിരായ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ പൊലിസ് തലപ്പത്തുള്ളവര്‍ തള്ളുകയാണ്. കമ്മിഷണറേറ്റ് സ്ഥാപിക്കാന്‍ 2014ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. ഓരോ പൊലിസ് സ്റ്റേഷന് കീഴിലേയും ജനസംഖ്യ കൃത്യമായി കണക്കാക്കി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ജനസംഖ്യ പത്തുലക്ഷം കഴിഞ്ഞുവെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും പുതിയ ന്യായങ്ങള്‍ ഉയര്‍ത്തുന്നത് കമ്മിഷണറേറ്റ് വൈകിപ്പിക്കാനുള്ള നീക്കമെന്നുമാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വാദം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.