2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പൊരുതി കീഴടങ്ങി

ബാറ്റിങ് നിരയുടെ സമ്പൂര്‍ണ തോല്‍വി

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി തന്നെയായിരുന്നു. അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഒറ്റടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ബാക്കി നാലിലും ഇംഗ്ലണ്ടിനായിരുന്നു ആധികാരിക ജയം. കുറച്ച് കാലമായി വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ദയനീയ പ്രകടനം തുടരുന്നുവെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്ന ആരോപണങ്ങള്‍.
എന്നാല്‍ ഇന്ത്യന്‍ പരിശീലകന്‍ വിചിത്രമായിട്ടായിരുന്നു ഇതിന് മറുപടി പറഞ്ഞത്. ഇന്ത്യ ഇപ്പോള്‍ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും നടത്തിയതിനേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പുറത്തെടുത്തതെന്നായിരുന്നു രവിശാസ്ത്രി പറഞ്ഞത്. പക്ഷെ ഇന്ത്യയേക്കാള്‍ ഒരു പിടി മുന്നിലാണ് ഇംഗ്ലണ്ട് എന്നതാണ് ഇപ്പോഴത്തെ തോല്‍വിക്ക് കാരണമെന്നായിരുന്നു രവിശാസ്ത്രിയുടെ കണ്ടുപിടുത്തം. വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ മികച്ചു നിന്നതെന്ന് പറയത്തക്ക രീതിയിലുള്ള പ്രകടനം നടത്തിയത്.
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. ബാറ്റിങ്ങ് നിര മെച്ചപ്പെടുമ്പോള്‍ ബൗളിങ് നിര പരാജയപ്പെടുന്നു. ബൗളിങ് നിര പരാജയപ്പെടുമ്പോള്‍ ബാറ്റിങ് നിര മെച്ചപ്പെടുന്നു എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ. സ്ഥിരതയുള്ള പ്രകടനം നടത്താന്‍ കഴിയാത്ത അവസ്ഥയാണ് തോല്‍വിക്ക് പ്രധാന കാരണം. നാലാം ടെസ്റ്റില്‍ ജഡേജയെ ടീമിലുള്‍പ്പെടുത്തി ബൗളിങ്ങ് നിരയെ മെച്ചപ്പെടുത്തിരുന്നു. പക്ഷെ നാലാം ടെസ്റ്റില്‍ ബാറ്റിങ്ങ് നിരയാണ് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് എടുത്ത 423 റണ്‍സ് ഇന്ത്യക്ക് അനായാസം മറികടക്കാമായിരുന്നെങ്കിലും വിലപ്പെട്ട വിക്കറ്റുകള്‍ തുടക്കത്തിലെ കളഞ്ഞ് കുളിച്ചത് പരാജയത്തിലേക്കുള്ള വഴിതുറന്നു. ഇന്ത്യക്ക് മികച്ചൊരു ക്യാപ്റ്റന്‍ ഇല്ലാ എന്ന പോരായ്മയും മുഴച്ച് കാണുന്നുണ്ട്.
ആസ്‌ത്രേലിയന്‍ ക്രിക്കറ്റ്താരം ആദം ഗില്‍ക്രിസ്റ്റ് ഇക്കാര്യമാണ് പറഞ്ഞത്. ധോണിക്ക് പകരക്കാരനെ കണ്ടെത്താനാകാത്തതാണ് ഇന്ത്യയുടെ പരാജയത്തിന്റെ മുഖ്യ കാരണമെന്നായിരുന്നു ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടത്. സെവാഗ്, ഗാംഗുലി, സച്ചിന്‍, ധോണി എന്നിവര്‍ക്ക് ഒരിക്കലും പകരക്കാരനെ കണ്ടെത്താനാവില്ല. ഷെയിന്‍ വോണിന് പകരക്കാരനായി ആരും ഇതുവരെ ഓസിസ് ടീമിലെത്തിയിട്ടില്ല. അതുപോലെ തന്നെയാണ് ഇന്ത്യന്‍ ടീമന്റെ അവസ്ഥയെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ആശ്വസിക്കാന്‍ വക നല്‍കി ഹനുമാ വിഹാരി ഏറെ വിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ഹനുമാ വിഹാരിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കരുണ്‍ നായരെ ഒഴിവാക്കി വിഹാരിയെ ടീമിലെടുത്തതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. പക്ഷെ ആരോപണങ്ങളുടെ മുനയൊടിക്കുന്ന രീതിയിലായിരുന്നു വിഹാരിയുടെ ബാറ്റിങ്ങ്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി മിന്നി നിന്ന താരം അഞ്ചാം ടെസ്റ്റില്‍ മികച്ച ബൗളിങ്ങും പുറത്തെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 9.3 ഓവര്‍ എറിഞ്ഞ വിഹാരി 37 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. വരും കാലങ്ങളില്‍ ഇന്ത്യക്ക് എവിടെ വേണമെങ്കിലും ഉപയോഗിക്കാനാവുന്ന താരമെന്ന പേരും സ്വന്തമാക്കിയാണ് വിഹാരി തന്റെ അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കിയത്.

 

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പേസ് നിരക്ക് മുന്‍പില്‍ മുട്ടുമടക്കി ഇന്ത്യയുടെ ബാറ്റിങ് നിര. അഞ്ചാം ടെസ്റ്റിലും ഇന്ത്യ ദയനീയ പരാജയം സമ്മതിച്ചതോടെ പരമ്പര 4-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ 423 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 345 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

പിടിച്ച് നിന്ന് സമനിലയെങ്കിലും വാങ്ങാന്‍ ഇന്ത്യന്‍ ബാറ്റിങ് നിര കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 332 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 292 റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 423 റണ്‍സ് അടിച്ചു കൂട്ടി. ഇന്ത്യക്ക് എളുപ്പത്തില്‍ റണ്‍സ് മറികടക്കാമായിരുന്നെങ്കിലും മുന്‍നിര തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു കളിയുടെ നാലാം ദിവസം ഇന്ത്യ. അഞ്ചാം ദിവസമാണ് ബാറ്റിങ് നിരക്ക് അല്‍പമെങ്കിലും ജീവന്‍ വെച്ചത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ലോകേഷ് രാഹുലും റിഷഭ് പന്തും മാത്രമാണ് ബാറ്റിങ് നിരയില്‍ മികച്ചു നിന്നത്. 224 പന്ത് നേരിട്ട രാഹുല്‍ 149 റണ്‍സ് നേടി. 146 പന്ത് നേരിട്ട റിഷഭ് 114 റണ്‍സും സ്വന്തമാക്കിയാണ് പവലിയനിലേക്ക് മടങ്ങിയത്. പക്ഷെ ശിഖാര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര,വിരാട് കോഹ്‌ലി, ഹനുമാ വിഹാരി എന്നിവര്‍ ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങ് നിരയുടെ കൃത്യമായ ഇടപെടല്‍ കാരണമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 423ല്‍ ഒകുക്കാനായത്. ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, മുഹമ്മദ് ശമി എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തിയത്. ഇന്ത്യന്‍ ബാറ്റിങ് നിര പൂര്‍ണമായി പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് അഞ്ചാം ടെസ്റ്റിലും തോല്‍വി വഴങ്ങേണ്ടി വന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.