2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

പൊതുമാപ്പ്: രാജ്യം വിട്ട 12,000 ലേറെ പേര്‍ പുതിയ വിസകളില്‍ തിരിച്ചെത്തി

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ട 12,000 ലേറെ പേര്‍ പുതിയ വിസകളില്‍ രാജ്യത്ത് തിരിച്ചെത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കൂട്ടത്തില്‍ സ്വദേശങ്ങളിലേക്ക് മടങ്ങി ഒരാഴ്ചക്കകം പുതിയ വിസകളില്‍ വീണ്ടും സഊദിയിലെത്തിയവരുമുണ്ട്.

പിഴയും പ്രവേശന വിലക്കും മറ്റു ശിക്ഷകളും കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകര്‍ക്ക് അവസരം നല്‍കിയ പൊതുമാപ്പ് മാര്‍ച്ച് 29 നാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ ശനിയാഴ്ച വരെ 5,72,488 പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.

ആദ്യം 90 ദിവസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ശവ്വാല്‍ ഒന്നു മുതല്‍ ഇത് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

നിയമ ലംഘകരെ സ്വീകരിക്കുന്നതിന് എല്ലാ പ്രവിശ്യകളിലുമായി 50 ലേറെ കേന്ദ്രങ്ങള്‍ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം നിശ്ചിത സമയത്തിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്തവര്‍ വീണ്ടും നിയമ ലംഘകരായി മാറും.

ഇവര്‍ക്കെതിരെ പിഴകളും ഫീസുകളും തടവും പ്രവേശന വിലക്കും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

മൂന്നര മാസത്തിനിടെ മദീനയില്‍ 38,924 ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ ഫൈനല്‍ എക്‌സിറ്റ് നേടിയതായി മദീന പ്രവിശ്യ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ഹുവൈശ് അറിയിച്ചു.
മദീന പ്രവിശ്യയില്‍ മദീന വിദേശി നിരീക്ഷണ വകുപ്പിലും മദീന എയര്‍പോര്‍ട്ടിലും യാമ്പു വിമാനത്താവളത്തിലും യാമ്പു തുറമുഖത്തുമാണ് നിയമ ലംഘകരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ശ്രമിച്ച 41 കുറ്റവാളികളെയും പൊതുമാപ്പ് കാലത്ത് സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തിയതായി ജവാസാത്ത് മേധാവി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.