2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പൊതുമാപ്പ് തുണയായി; ഹൂറുബിലായ മലയാളികള്‍ നാടണഞ്ഞു

പൊതുമാപ്പ് ആനുകൂല്യം ലഭിക്കാതെ നൂറോളം ഇന്ത്യക്കാര്‍ ദുരിതത്തില്‍

നിസാര്‍ കലയത്ത്

ജിദ്ദ: സ്‌പോണ്‍സര്‍ ഹൂറുബാക്കിയതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ദുരിതത്തില്‍ കഴിഞ്ഞിരുന്ന നാല് മലയാളികള്‍ക്ക് പൊതുമാപ്പ് ആനുകൂല്യത്തില്‍ നാടണഞ്ഞു. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശികളായ നൗഷാദ് അലി പി കെ (30), അബ്ദുറഹ്്മാന്‍ ടി പി (38) പുലാക്കല്‍ ഹൗസില്‍ അബ്്ദുല്‍ജലീല്‍ (40) അബ്ദുല്‍ റഷീദ് (37) ഇരുവരും സഹോദരങ്ങള്‍ എന്നിവരാണ് തായിഫ് തര്‍ഹീലില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് നേടി കഴിഞ്ഞ ദിവസം നാടണഞ്ഞത്.

വലിയ പ്രതീക്ഷയോടെയാണ് നാല് പേരും മരുപ്പച്ച തേടി സഊദിയിലെത്തിയത്്. ഒരുലക്ഷത്തി എഴുപതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ വിസക്ക് നല്‍കിയാണ് ഇവര്‍ തായിഫിലെത്തിയത്. മലയാളിയായ വിസ ഏജന്റ് നല്‍കിയ മോഹന വാഗ്ദാനങ്ങളൊന്നും ഇവിടെ വന്നപ്പോള്‍ ലഭിച്ചിരുന്നില്ല. ഒന്നര മാസം കഴിഞ്ഞ് ഇവര്‍ക്ക് ഇക്കാമ ലഭിച്ചങ്കിലും ഒരു മാസം കഴിഞ്ഞപ്പോള്‍ സ്‌പോണ്‍സര്‍ ഹുറുബാക്കി. വിസ ഏജന്റ് കരാറില്‍ പറഞ്ഞ പണം സ്‌പോണ്‍സര്‍ക്ക് നല്‍കാത്തതാണ് ഇവരെ ഹൂറുബാക്കിയതെന്ന് ഇവര്‍ പറഞ്ഞു.

ഏഴ് മാസത്തോളം ജോലി ലഭിച്ചിരുന്നില്ല. ബ്രോസ്റ്റ് , ഹോട്ടല്‍ പണിക്കായിട്ടാണ് തായിഫില്‍ എത്തിയതെങ്കിലും ആറ് മാസമേ ജോലി ലഭിച്ചുള്ളു. ഹൂറൂബ് മാറ്റാന്‍ ശ്രമിച്ചങ്കിലും ഫലം കണ്ടില്ല. തായിഫ് കെ.എം.സി.സിയുടെ സൗജന്യ സേവന കേന്ദ്രത്തില്‍ നിന്നും മുഹമ്മദ് സാലിയാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകുവാനുള്ള യാത്ര രേഖകള്‍ പൂര്‍ത്തിയാക്കി നല്‍കിയത്. പ്രതിസന്ധിഘട്ടത്തില്‍ നാട്ടില്‍ പോകുന്നതിനും വിസ ഏജന്റ് സഹായിച്ചല്ലന്ന് ഇവര്‍ പരിതപിച്ചു.

അതേ സമയം വിവിധ കേസുകളില്‍ പൊലിസ് അന്വേഷിക്കുന്ന മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ സഊദിയിയുടെ വിവിധ പ്രവിശ്യകളില്‍ ദുരിതത്തിലായിരിക്കുകയാണ്. ഇവര്‍ക്ക് മത്‌ലൂബ് ഗണത്തില്‍ പെടുന്നവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ബാധകമല്ലെന്ന് നേരത്തെ തന്നെ സഊദി ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എംബസി ഇടപെട്ട് നാടണയാനുള്ള വഴി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മത്തലൂബ് ആയി കിടക്കുന്ന പ്രവാസികള്‍.

ഇവരില്‍ ഭൂരിപക്ഷം കേസുകളും വ്യാജമായി കെട്ടിച്ചമച്ചതാണെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. നിരവധി പേര്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേസില്‍ പെട്ട് വലയുകയാണ്. സ്്‌പോണ്‍സര്‍മാരുണ്ടായ പിണക്കമാണ് മിക്കതും കേസില്‍ അവസാനിക്കുന്നത്. അതോടെ ഇവര്‍ മത്തലൂബ് ഗണത്തില്‍ പെടുകയും ചെയ്യും. ഇതില്‍ അകപ്പെട്ടാല്‍ പിന്നീട് കേസ് തീര്‍പ്പാവാതെ രാജ്യം വിടുക സാധ്യമല്ല. ഇന്ത്യന്‍ എംബസ്സി സഊദി അധികൃതരുമായി ചര്‍ച്ച ചെയ്ത് ഇതിന് പരിഹാരം കാണുക മാത്രമാണ് പരിഹാരമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.