2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

പൊതുതെരഞ്ഞെടുപ്പില്‍ വിധിയെഴുതി സ്വീഡിഷ് ജനത

തീവ്ര വലതു പക്ഷമായ എസ്.ഡി പാര്‍ട്ടി വിജയിക്കുമെന്ന് വിലയിരുത്തല്‍

സ്റ്റോക്ക്‌ഹോം: കുടിയേറ്റ വിരുദ്ധ വികാരം രാജ്യത്ത് പടരുന്നതിനിടെ പൊതു തെരഞ്ഞെടുപ്പില്‍ വിധിയെഴുതി സ്വീഡിഷ് ജനത. 349 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു.
പാര്‍ലമെന്റായ റിക്‌സഡക് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിന് പുറമെ പ്രാദേശിക, മുനിസിപ്പലുകളിലേക്കും ഇന്നലെയാണ് വോട്ടെടുപ്പ്. പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. 76 ലക്ഷം വോട്ടര്‍മാരില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ വനിതകളാണ്. വിദേശത്തുള്ള 161,000 പേര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്.
2014മുതല്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാണ് സ്വീഡന്‍ ഭരിക്കുന്നത്. തീവ്രവലതു പക്ഷ പാര്‍ട്ടിയായ സ്വീഡന്‍ ഡമോക്രാറ്റിക്ക് (എ.സി.ഡി)വിജയം നേടുമെന്നാണ് വിലയിരുത്തല്‍. അഭയാര്‍ഥി വിരുദ്ധ നിലപാടുകളെടുത്തതിനാല്‍ രാജ്യത്ത് സ്വീഡന്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് വന്‍ പിന്തുണയുണ്ട്.
രൂക്ഷമായ വംശീയ നിലപാടുകളാണ് ഇവര്‍ പുലര്‍ത്തുന്നത്. നാസി, തീവ്ര വലതു പക്ഷ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്തുന്ന എസ്.ഡി 2010ല്‍ ആണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എസ്.ഡിക്ക് വോട്ട് ചെയ്യുന്നത് അപകടമായിരിക്കുമെന്ന് പ്രധാനമന്ത്രി സ്റ്റെഫന്‍ ലോഫന്‍ മുന്നറിയിപ്പ് നല്‍കി. വംശീയ നിലപാടുകളാണ് അവര്‍ പുലര്‍ത്തുന്നത്. വിദ്വേഷത്തിന്റെ ശക്തികള്‍ സ്വീഡനില്‍ ശക്തമായിട്ടുണ്ട്. ഇവര്‍ക്കെതിരേ ജനം പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സര്‍ക്കാരിന്റെ അഭയാര്‍ഥി അനുകൂല നിലപാടുകളാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം. 2015ല്‍ 163,000 അഭയാര്‍ഥികളെയാണ് സ്വീഡന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ജനസംഖ്യാ ആനുപാതികമായി യൂറോപ്യന്‍ യൂനിയനില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചത് സ്വീഡനായിരുന്നു. വംശീയ നിലപാട് പുലര്‍ത്തുന്ന എസ്.ഡി പാര്‍ട്ടി അഭയാര്‍ഥികളെ സ്വീകരിച്ച നിലപാടിനെതിരേ ശക്തമായ പ്രചാരണമാണ് നടത്തിയത്.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.