
എരുമപ്പട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ പൊതുകിണറുകള്‍ ശുചീകരിച്ച് സംരക്ഷിയ്ക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 2017-18 വര്‍ഷത്തെ പദ്ധതിയില്‍ 3,75,000 വകയിരുത്തി പഞ്ചായത്ത് ഭരണസമിതിയാണ് കിണറുകളുടെ നവീകരണം നടത്തുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ പൊതു കിണറുകള്‍ മാലിന്യം നിറഞ്ഞും പുല്ലും ചെടിയും വളര്‍ന്ന് കാട് പിടിച്ചും നശിച്ച് കൊണ്ടിരിക്കുകയാണ്. ചില കിണറുകളില്‍ ശുചിത്വമിഷന്റെ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പൊതുകിണറുകളില്‍ പലതും നാട്ടുകാര്‍ തന്നെയാണ് മാലിന്യം നിക്ഷേപിച്ച് ഉപയോഗ ശൂന്യമാക്കി മാറ്റിയത്. ഒന്‍പതാം വാര്‍ഡിലെ ചിറ്റണ്ടയിലുള്ള പൊതുകിണറില് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വന്‍തോതിലാണ് തള്ളിയിരിക്കുന്നത്. ഇത് സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സി.കെ രാജന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി എന്നിവര്‍ കിണറും പരിസരവും സന്ദര്‍ശിച്ചു. ഇതിന് ശേഷമാണ് ക്ലീന്‍ ഗ്രീന്‍ എരുമപ്പെട്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ സംരക്ഷണത്തിന് ഫണ്ട് അനുവദിച്ചത്. ചിറ്റണ്ടയിലെ രണ്ട് കിണറുകളും, കുണ്ടന്നൂര്‍ ചുങ്കം, എരുമപ്പെട്ടി മദ്റസ, എരുമപ്പെട്ടി ഉമിക്കുന്ന് എന്നീ അഞ്ച് കിണറുകളാണ് ആദ്യഘട്ടത്തില്‍ ശുചീകരണം നടത്തുന്നത്. ശുചീകരണത്തിന് ശേഷം കിണറുകള്‍ ഇരുമ്പ് നെറ്റിട്ട് സംരക്ഷിക്കും .കഴിഞ്ഞവര്‍ഷങ്ങളില്‍ കിണറുകളില്‍ ശുചീകരണം നടത്തിയിരുന്നെങ്കിലും പിന്നീടും മാലിന്യം തള്ളുന്ന അവസ്ഥയാണുള്ളതെന്നും പൊതു ജനങ്ങളുടെ സഹകരണം കിണര്‍ സംരക്ഷണത്തിന് അനിവാര്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന് അറിയിച്ചു.