2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

പേ പിടിച്ച് തലസ്ഥാനം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നഗരത്തിലെ ചില പ്രദേശങ്ങളില്‍ നായകള്‍ക്കു പേ വിഷബാധയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരി പേപിടിച്ച നായകള്‍ക്കു പിന്നാലെ. പലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജില്ലയില്‍ മാലിന്യ നീക്കം നിലച്ചതും നായകളിലെ പേവിഷ പ്രതിരോധ, വന്ധ്യംകരണ പദ്ധതികള്‍ ഇല്ലാതായതുമാണ് ഇതിനു കാരണം.
കോര്‍പറേഷന്‍ പ്രദേശങ്ങളായ കുറവന്‍കോണം, നന്തന്‍കോട് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ നയകളിലെ പരിശോധനയിലാണ് പേ വിഷബാധ കണ്ടെത്തിയത്. തെരഞ്ഞെടുപ്പായതോടെ മാലിന്യ നീക്കം നിലച്ചതിനെ തുടര്‍ന്നു തെരുവുകളില്‍ ഇവയുടെ എണ്ണം കൂടി. നേരത്തെ നഗരസഭയുമായി ചേര്‍ന്നു നായകളിലെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും നടത്തിയിരുന്ന ഹൈദരാബാദ് ആസ്ഥാനമായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ആ പദ്ധതി നിര്‍ത്തിവച്ചു. പദ്ധതിക്കായി നല്‍കിയ തുക കുറവാണെന്ന കാരണം പറഞ്ഞായിരുന്നു ഇത്. ഇപ്പോള്‍ സ്വന്തം നിലയ്ക്കു നായകളെ പിടികൂടുന്നുണ്ടെങ്കിലും അതു ഫലപ്രദമല്ലെന്നു നഗരസഭതന്നെ സമ്മതിക്കുന്നു.
പുതിയ പദ്ധതിക്ക് അംഗീകാരം കിട്ടിയിട്ടു മാത്രമേ വന്ധ്യംകരണ പദ്ധതി തുടങ്ങാനാകൂവെന്നാണ് കോര്‍പറേഷന്റെ നിലപാട്. ജനുവരിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ജില്ലയില്‍ 2,715 പേര്‍ക്കു പരുക്കേറ്റിരുന്നു. ഫെബ്രുവരിയില്‍ 2,149 പേരും മാര്‍ച്ചില്‍ 2,216 പേരും ആക്രമണത്തിനിരയായി. കഴിഞ്ഞ മാസം 1,369 പേരാണ് ആശുപത്രികളില്‍ പേവിഷ പ്രതിരോധ ചികിത്സയ്ക്കായി എത്തിയത്. ഈ മാസം ഇതുവരെ 458 പേര്‍ക്കു കടിയേറ്റിട്ടുണ്ട്.
സര്‍ക്കാരിന്റെ സാമ്പത്തികസഹായ പദ്ധതിയിലുള്‍പ്പെടുത്തി നായകള്‍ക്കുമുള്ള വാക്‌സിനേഷന്‍ പദ്ധതിയും ലൈസന്‍സ് നല്‍കുന്ന നടപടിയും സ്വീകരിക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ടെന്നു മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. ഇതില്‍തന്നെ നായകളുടെ വന്ധ്യംകരണം നടത്താനുള്ള മൊബൈല്‍ ഓപറേഷന്‍ തിയറ്ററുമുണ്ടാകും. രണ്ടു കോടി രൂപയുടേതാണു പദ്ധതി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.