2018 July 20 Friday
സത്യം കഠിനമാണ്. ആ സത്യത്തെ ഞാന്‍ വരിച്ചിരിക്കുന്നു. അതൊരിക്കലും വഞ്ചിക്കുകയില്ല.
- ടാഗോര്‍

പേരൂര്‍ കിണറ്റിന്‍മൂട് തൂക്കുപാലത്തിന്റെ ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ഇരുട്ടില്‍ തപ്പേണ്ടതില്ല: തിരുവഞ്ചൂര്‍

ബി.എസ് കുമാര്‍

ഏറ്റുമാനൂര്‍: മീനച്ചിലാറിന് കുറുകെ പേരൂര്‍ കിണറ്റിന്‍മൂട് കടവിനെയും മൈലപ്പിള്ളി കടവിനെയും ബന്ധിപ്പിച്ച് പണിത തൂക്കുപാലം പൊതുമരാമത്ത് വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കീഴിലല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
ഉടമസ്ഥാവകാശം ആര്‍ക്കെന്നതറിയാതെ ഇരുകൂട്ടരും ഇരുട്ടില്‍ തപ്പേണ്ട കാര്യമില്ലെന്നും ദുരന്തനിവാരണ അതോറിറ്റിയാണ് പാലം നിര്‍ിമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയ്ക്കായിരുന്നു നിര്‍മാണ ചുമതല.
കോട്ടയം – ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൈലപ്പിള്ളി കടവ് തൂക്ക് പാലം നിര്‍മിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. 2013 ഡിസംബറില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി പ്രസിഡന്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പാലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്.
പാലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണെന്ന് പൊതുമരാമത്ത് വകുപ്പ് വിധിയെഴുതിയപ്പോള്‍ തങ്ങളുടെ റിക്കാര്‍ഡില്‍ അങ്ങനെയൊരു പാലമില്ലെന്നായി ജില്ലാ പഞ്ചായത്ത്. ഇതോടെയാണ് പാലത്തിന്റെ അറ്റകുറ്റപണികള്‍ ആരു നടത്തുമെന്ന തര്‍ക്കം ഉടലെടുത്തത്.
പാലത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കെന്നറിയാതെ പൊതുമരാമത്ത് വകുപ്പും ജില്ലാപഞ്ചായത്തും തര്‍ക്കത്തിലായത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തര്‍ക്കത്തിന്റെയൊന്നും ആവശ്യമില്ലെന്നും അറ്റകുറ്റ പണികള്‍ക്കായി നാല് ലക്ഷം രൂപ ദുരന്തനിവാരണസമിതി അനുവദിച്ചിട്ടുണ്ടെന്നും സ്ഥലം എം.എല്‍.എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ മുപ്പത്തേഴ് പാലങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയെ ഏല്‍പ്പിച്ചിരുന്നു.
തൂക്കുപാലത്തിന്റെ ഇരുവശത്തുമുള്ള ഇരുമ്പ് കമ്പികളും കൈപിടികളും തുരുമ്പെടുത്ത് ഒടിഞ്ഞു. ഫുട്പാത്തിലെ ഇരുമ്പ് ഷീറ്റുകളുടെയും വലകളുടെയും വെല്‍ഡിംഗ് വിട്ടതും അപകടം ക്ഷണിച്ചുവരുത്തുന്നു. പാലത്തിന്റെ നവീകരണം ആവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം കോട്ടയം നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറുകയായിരുന്നു.
കിണറ്റിന്‍മൂട് – മൈലപ്പള്ളികടവില്‍ പണിത തൂക്കുപാലം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണെന്നും പാലത്തിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും കാണിച്ച് ജനുവരി 19ന് എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ മറുപടി നല്‍കി.
പരാതി തുടര്‍നടപടികള്‍ക്കായി ജില്ലാ പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. വിവരവാകാശനിയമപ്രകാരം മോന്‍സി പേരുമാലില്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പാലത്തെകുറിച്ച് തങ്ങള്‍ക്കറിവില്ലെന്ന ജില്ലാ പഞ്ചായത്തിന്റെ നിലപാടുണ്ടായത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.