2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പേരുമാറ്റം

ഷിഫാ സക്തര്‍

അബൂദബിയില്‍ പരസ്യകമ്പനിയിലെ ഗ്രാഫിക് ഡിസൈനറാണ് സത്യനാഥന്‍. അയാളും കുടുംബവും അവിടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നീണ്ട കാലത്തിനുശേഷം നാളെ കുടുംബസമേതം നാട്ടിലേക്കു മടങ്ങുകയാണ്. ആറു വയസുള്ള മകള്‍ നിഹാര ഇതുവരെ കേരളം കണ്ടിട്ടില്ല.
ഇവിടെ അയാള്‍ക്കു വെറുത്തുകഴിഞ്ഞിരുന്നു. മരുഭൂമിയുടെ നിറംമങ്ങിയ കാഴ്ചകള്‍ അസ്വസ്ഥത പടര്‍ത്തുന്നു. എന്നാല്‍ നാടിനെക്കുറിച്ചുള്ള ഓര്‍മകളെല്ലാം അയാളില്‍ ഗൃഹാതുരത്വം നിറച്ചു.
പുഴയോരത്തെ കാല്‍പന്തു കളിയും അതു കഴിഞ്ഞുള്ള നീരാട്ടും സന്ധ്യാസമയത്ത് ഭൂതത്താന്‍കുന്നിനു മുകളില്‍ കാറ്റുകൊണ്ടുള്ള ഇരിപ്പും അയാള്‍ നിഹാരയോടു ഇടക്കിടെ വിവരിക്കും. അപ്പോഴെല്ലാം അവള്‍ ‘എപ്പഴാ നമ്മള് പുഴയില് പോണത്. ഭൂതത്താന്‍ കുന്നിലെന്നേം കൊണ്ടോവോ’ തുടങ്ങിയ പതിവു ചോദ്യങ്ങള്‍ ആവര്‍ത്തിക്കും.
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ സമയം ഉച്ച കഴിഞ്ഞു. ഭൂമിയില്‍ നിന്നും ചൂട് ആവിയായി ഉയര്‍ന്നുപൊങ്ങുന്നു.
‘നാട്ടില് ചൂടില്ലാന്ന് അച്ഛന്‍ പറഞ്ഞിട്ട് ഭയങ്കര ചൂടാണല്ലോ’.
‘ഇത്രയൊന്നും ചൂടില്ലായിരുന്നു മുന്‍പ്’.
പിറ്റേന്ന് വൈകുന്നേരം അയാള്‍ നിഹാരയെ പുഴ കാണിക്കാന്‍ കൊണ്ടുപോയി. ഇടവഴികള്‍ക്കു പകരം ടാറിട്ട നിരത്തുകള്‍ ചുട്ടു പഴുത്തു കിടന്നു.
പുഴക്കരയിലെത്തിയപ്പോള്‍ അയാള്‍ സ്തബ്ധനായി. ഒരു തുള്ളി വെള്ളംപോലുമില്ലാതെ പുഴ വറ്റിവരണ്ടിരിക്കുന്നു. ശവക്കല്ലറകള്‍ക്കു മുകളില്‍ നാട്ടിയ മീസാന്‍ കല്ലുകള്‍ പോലെ നിശ്ചിത അകലത്തില്‍ ഗോള്‍ പോസ്റ്റുകള്‍. മണലും പാറക്കൂട്ടങ്ങളുമായി മരുഭൂമിയുടെ അതേ കാഴ്ചകള്‍.
‘അച്ഛാ പുഴയെവിടെ’
നിഹാരയുടെ ചോദ്യം അയാള്‍ കേട്ടില്ലെന്ന് നടിച്ചു. അയാള്‍ പിന്നെ മകളെയുംകൊണ്ട് ഭൂതത്താന്‍കുന്നിലേക്കു നടന്നു.
എത്രശ്രമിച്ചിട്ടും ഭൂതത്താന്‍കുന്ന് കാണുന്നില്ല.
‘അച്ഛാ നെല്‍ചെടി കണ്ടണ്ടണ്ടില്ലല്ലോ?’
തിരിച്ചുമടങ്ങുമ്പോള്‍ നിഹാര പറഞ്ഞു.
‘ഇവിടുണ്ടായിരുന്നു മോളേ..’. സത്യനാഥന്‍ റോഡിന്റെ വശങ്ങളിലേക്കു വിരല്‍ ചൂണ്ടി. വയലുകള്‍ക്കെല്ലാം ഭൂതത്താന്‍കുന്നിന്റെ നിറമായിരുന്നല്ലോ.
പിറ്റേന്നു നിഹാര പറഞ്ഞു.
‘ഞാനിനി അച്ഛന്റെ കൂടെ എങ്ങും വര്ണില്ല. പൊഴേം വയലും ഭൂതത്താന്‍കുന്നും ഒന്നും അച്ഛന്‍ കാണിച്ചുതന്നില്ല. നുണ പറഞ്ഞു പറ്റിച്ചു. നുണ പറയുന്ന സത്യനാഥന്‍’.
പെട്ടെന്ന് തന്റെ പേര് ഗസറ്റ് വിജ്ഞാപനം കൊടുത്തു മാറ്റണമെന്ന് അയാള്‍ക്കു തോന്നി. സ്വന്തം പേര് മാത്രമല്ല പുഴയുടെയും പാടത്തിന്റെയും കുന്നിന്റെയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News