2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

പെഹ്‌ലൂഖാന്‍ കേസ്: ആള്‍ക്കൂട്ട മര്‍ദനം വ്യാപിക്കാന്‍ ഇടയാക്കുമെന്ന് അഭിഭാഷകന്‍

 

ജയ്പൂര്‍: കാലിക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ പെഹ്‌ലൂഖാന്‍ എന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗോരക്ഷാ ഗുണ്ടകളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ട സംഭവം രാജ്യത്ത് വലിയ ചലനങ്ങളുണ്ടാക്കുമെന്ന് പെഹ്‌ലൂഖാന്റെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍. കേസില്‍ കുറ്റാരോപിതരായ ആറ് പ്രതികളെയും ആള്‍വാര്‍ ജില്ലാ കോടതി വെറുതെ വിട്ടത് ഇത്തരം കേസുകള്‍ രാജ്യത്ത് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
കോടതിവിധി രാജ്യത്തുടനീളം വലിയ ദുരന്തമായിരിക്കും ഉണ്ടാക്കുക. ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ് ആള്‍വാര്‍ കോടതിയുടെ വിധി. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള ധാരണകൂടി കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്നും അഭിഭാഷകനായ അഖ്താര്‍ ഹുസൈന്‍ പറഞ്ഞു. കോടതി വിധിയെ പെഹ് ലൂഖാന്റെ കുടുംബം രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം കേസുകളില്‍ പൊലിസ് നടത്തുന്ന ഇടപെടലുകള്‍ ഗൗരവത്തോടെയല്ല. ഇത് യഥാര്‍ഥ പ്രതികള്‍ കുറ്റവിമുക്തരാകാന്‍ ഇടയാക്കുന്നതാണ്.
പെഹ്‌ലൂഖാന്‍ കേസില്‍ അന്വേഷണ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ പലതരത്തിലാണ് ഇടപെട്ടത്. ഖാനെ മര്‍ദിക്കുന്നതിന്റെ ദൃശ്യം അടങ്ങിയ വിഡിയോ കൃത്യമായി ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ തയാറായില്ല എന്നതുതന്നെ വലിയ വീഴ്ചയാണ്.
ഏറെ വൈകി ലഭിച്ച വിഡിയോയിലെ ദൃശ്യങ്ങളാകട്ടെ ഫോറന്‍സിക് ലബോറട്ടറി വേണ്ട വിധത്തില്‍ പരിശോധിക്കാനും തയാറായില്ല. ഇത് വിഡിയോയെ അനുവദനീയമായ തെളിവായി സ്വീകരിക്കാന്‍ കോടതിയെ പ്രരിപ്പിച്ചില്ല. പൊലിസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്-അഖ്താര്‍ ഹുസൈന്‍ പറഞ്ഞു.
ദൃക്‌സാക്ഷികളായ നാലുപേരുടെ മൊഴികള്‍ വിശ്വാസയോഗ്യമായി കോടതി പരിശോധിക്കാതിരുന്നതിന് കാരണവും പൊലിസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ്. രാജ്യം ഉറ്റുനോക്കിയ ഒരു കേസില്‍ പൊലിസ് എന്തുകൊണ്ടാണ് അനായസമായി ഇതിനെ കൈകാര്യം ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.