2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

പെരുമ്പാവൂര്‍ ദുരന്തമെത്തും മുമ്പേ സുരക്ഷിത തീരമണഞ്ഞവരേറെ

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ഒരമ്മയും മകളും വലിയ ദുരന്തം ഏറ്റുവാങ്ങിയപ്പോള്‍ സമാനമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന ബേബിയും രാധയും ഷീജയുമൊക്കെ ഇന്നു സുരക്ഷിതരാണ്. അതിനവര്‍ യു.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും നന്ദി പറയുന്നു.

ബേബിയെ തിരുവനന്തപുരം നഗരത്തില്‍ പലരും കണ്ടിട്ടുണ്ടാവും. വിധവയും വികലാംഗയുമായ ബേബി പതിനൊന്നുകാരിയായ മകളേയും അരയ്ക്കു താഴെ തളര്‍ന്ന അമ്മയേയും കൊണ്ട് തലചായ്ക്കനൊരിടം തേടി പല വാതിലുകളിലും മുട്ടി. ഒരു സുമനസ് നല്‍കിയ ഭൂമിയില്‍ താല്‍കാലിക ഷെഡിലായി പിന്നീട് താമസം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ആ മകളെ നെഞ്ചോട് ചേര്‍ത്ത് അമ്മയോടൊപ്പം ബേബി ഉറങ്ങാതെ രാത്രികള്‍ കഴിച്ചു കൂട്ടി. പകല്‍ ഭിക്ഷാടനം. ഒരു കൊച്ചു വീടിനായി മുട്ടാത്ത ഇടങ്ങളില്ല. വിഷയം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതോടെ അവര്‍ക്ക് പുതുജീവിതം ലഭിച്ചു. കുണ്ടമണ്‍കടവ് പാലത്തിന് സമീപം വീടുവയ്ക്കാനുള്ള സ്ഥലം അനുവദിച്ചു. പിന്നീട് വീടായി. അടച്ചുറപ്പുള്ള നല്ല ഒന്നാന്തരമൊരു കൊച്ചു വീട്.
ഇന്ന് ബേബി ആ വീട്ടില്‍ മകളോടും അമ്മയോടുമൊപ്പം സുരക്ഷിതരായി കഴിയുന്നു. വയനാട് വെങ്ങപ്പള്ളി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലാണ് രാധയുടെ വീട്. അച്ഛനും ഭര്‍ത്താവും മരിച്ചതോടെയാണ് കുടുംബ ഭാരം രാധയുടെ ചുമലിലായത്. അമ്മ മാതുവിനും മകള്‍ സജിനിക്കുമൊപ്പം പ്ലാസ്റ്റിക് പൊതിഞ്ഞ കുടിലിലായിരുന്നു താമസം. വീട്ടുവേലക്കാരിയായ രാധയ്ക്ക് അഞ്ച് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും വീട് സ്വപ്നം മാത്രമായിരുന്നു. സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്തതു കാരണം വീട് വയ്ക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല. ഇതിനിടയിലാണ് രാധയുടെ ദുരിത ജീവിതം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരുലക്ഷം രൂപ അപ്പോള്‍ തന്നെ അനുവദിച്ചു. തുടര്‍ന്ന് നടത്തിയ ഇടപെടലുകളിലൂടെ ഇന്ന് രാധയ്‌ക്കൊരു വീടുണ്ട്. മകളുടെ ചികിത്സ തുടങ്ങിയതോടെ അസുഖം ഭേദമായി തുടങ്ങി.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശൂരനാട് വടക്കാണ് ഷീജയും ഭര്‍ത്താവ്് സൈനുദീനും, രണ്ട് ആണ്‍കുട്ടികളും മൂന്ന് വര്‍ഷം മുമ്പ് വരെ ഒരു ഷെഡില്‍ ജീവിച്ചിരുന്നു. കണ്ടാല്‍ കാലിത്തൊഴുത്തും തോറ്റുപോകും. ആസ്തമ രോഗം സൈനുദ്ദീന്റെ ആരോഗ്യത്തെ തളര്‍ത്തി. പട്ടിണിയുടെ നാളുകള്‍. മക്കളുടെ വിദ്യാഭ്യാസവും മുടങ്ങി. ഇതിനിടയില്‍ സൈനുദീനും ഷീജയും അപകടത്തില്‍പ്പെട്ടു. നട്ടെല്ലിനേറ്റ ക്ഷതം ഷീജയേയും രോഗിയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ആകെ ആശ്രയം. അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങണമെന്ന ഷീജയുടെ ആഗ്രഹം നീണ്ടുപോയി. ഇന്ദിര ആവാസ് യോജന പാര്‍പ്പിട പദ്ധതിയുടെ പട്ടികയിലും ഇ.എം.എസ്. ഭവന പദ്ധതിയിലും ഉണ്ടായിരുന്നെങ്കിലും സാങ്കേതിക തടസങ്ങള്‍ വിലങ്ങുതടിയായി. അവസാന അത്താണിയായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ ഐ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അങ്ങനെ ഷീജയ്ക്കും വീടു ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.