2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

പെരുമണ്ണ ക്ലാരിയിലെ ഭൂമി വിള്ളല്‍; വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം

കോട്ടക്കല്‍: പെരുമണ്ണ ക്ലാരിയില്‍ ഭൂമിക്ക് വിള്ളലുണ്ടായി വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പുനരധിവാസം പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

സ്ഥലത്ത് ഭൗമശാസ്ത്ര വിദഗ്ധ സംഘം പരിശോധനക്കെത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്നു എത്തിയ ദേശീയ ഭൗമ ശാസ്ത്ര വിഭാഗത്തിലെ നാലംഗ സംഘം ഭൂമിക്ക് വിള്ളലുണ്ടാകാനുള്ള കാരണം ഭൗമപ്രതിഭാസത്തിലെ കുഴലീകൃത (ഭൂഗര്‍ഭ) മണ്ണൊലിപ്പാണെന്ന് അറിയിച്ചു. ഇതിന്റെ കാരണത്തിനെ കുറിച്ചും മറ്റും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയാലെ പൂര്‍ണമായ ഒരു തീരുമാനത്തിലെത്തുവാന്‍ കഴിയൂവെന്നും സംഘം അറിയിച്ചു.

ഭൂമിയുടെ ഉള്‍ഭാഗത്ത് മണ്ണൊലിപ്പ് നടന്ന ഭാഗത്തിന്റെ മുകളില്‍ ഭാരമുള്ള പ്രവൃത്തികള്‍ നടത്തിയാല്‍ സാധാരണ മട്ടില്‍ ഭൂമിക്ക് താങ്ങാന്‍ കഴിയാതെ പോകുകയും അടിത്തട്ടിലേക്ക് ആണ്ടു പോകുകയും ചെയ്യാറുണ്ട്. ജില്ലയില്‍ തന്നെ ചില പ്രദേശങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ റെസിറ്റിവിറ്റി ടോമോഗ്രഫി സര്‍വേയാണ് പ്രദേശത്ത് സംഘം നടത്തിയത്. 300 മീറ്ററോളം ദൂരത്തേക്ക് ഈ വിള്ളിച്ച വ്യാപിച്ചതായും കണ്ടെത്തി. മഴക്കാലത്ത് ഇവിടെ അപകടസാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും 30 മീറ്ററിലധികം ആഴം ഈ പിളര്‍പ്പിനു കാണുന്നുണ്ടെന്നും സംഘം അറിയിച്ചു.

ടെറാ മീറ്റര്‍ ഉപയോഗിച്ചാണ് സംഘം പരിശോധന നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ വിള്ളിച്ച ചെറിയ തോതില്‍ ദൃശ്യമായിരുന്നുവെങ്കിലും അന്ന് ജിയോളജി വകുപ്പധികൃതര്‍ പറഞ്ഞത് കുഴല്‍ കിണറുകള്‍ വ്യാപകമായത് മൂലമാണെന്ന വിശദീകരണത്തിനു വിരുദ്ധമായാണ് സംഘത്തിന്റെ ഇപ്പോഴത്തെ മറുപടി.
നാലു വര്‍ഷം മുന്‍പ് കണ്ട വിള്ളല്‍ നിസാരമാക്കിയിരുന്ന നാട്ടുകാര്‍, വിള്ളിച്ചക്ക് വ്യാപ്തി വര്‍ധിക്കുകയും ഇതിലേക്ക് പറമ്പില്‍ മേയുകയായിരുന്ന ആട്ടിന്‍ കുട്ടി വീണ് രക്ഷപ്പെടുത്താന്‍ കഴിയാതെ വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.