2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

പെരിങ്ങമ്മലയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് വേണ്ട; പ്രതിഷേധക്കടലായി നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം : പെരിങ്ങമ്മല മാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പെരിങ്ങമല മാലിന്യ പ്ലാന്റ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയും പരിസ്ഥിതി സംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ നിയമസഭാ മാര്‍ച്ച് പ്രതിഷേധക്കടലായി. കുട്ടികളും സ്ത്രീകളും അടക്കം ആയിരക്കണക്കിന് പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്. വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നുംആരംഭിച്ചമാര്‍ച്ച് പാളയം യുദ്ധസ്മാരകത്തിന് സമീപം ബാരിക്കേഡ്ഉപയോഗിച്ച് പൊലിസ് തടഞ്ഞു. തുടര്‍ന്നുസമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ കവി പ്രഫ. വി. മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്തു.  മാലിന്യം മനുഷ്യനിര്‍മിതമാണെന്നും പ്രകൃതി ഒരിക്കലും മാലിന്യം ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നദിയും കുളങ്ങളും പരിസ്ഥിതിയും ജീവീതവും തന്നെ ഇല്ലാതാക്കിയുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥതകരാറിലാക്കാന്‍ മാത്രമേ മാലിന്യപ്ലാന്റ് നിര്‍മാണം കൊണ്ടു സാധിക്കൂവെന്നും പ്ലാന്റ് നിര്‍മാണത്തില്‍ അധികാരികള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ് ശബരിനാഥന്‍ എം.എല്‍.എ , പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍, ലക്ഷമിക്കുട്ടിയമ്മ, സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, കെ.പി.സി.സി സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി എം.എസ് നുസൂര്‍, വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, സമരസമിതി നേതാക്കളായ നിസാര്‍ മുഹമ്മദ് സുല്‍ഫി, സംസാരിച്ചു. ഇടവം ഷാനവാസ്, സലിം പള്ളിവിള, അജിത് പെരിങ്ങമല, ഷംനാദ് തെന്നൂര്‍, മഹാസേനന്‍, ഇടവം ഖാലിദ്, അന്‍സിഫ് , ഡി.രഘുനാഥന്‍, സോഫി തോമസ്, വസന്ത നേതൃത്വം നല്‍കി.  പെരിങ്ങമലയുടെ ജൈവവൈവിധ്യം നശിപ്പിക്കരുത്, മാലിന്യംസംസ്‌കരണ പ്ലാന്റ് ഒഴിവാക്കി പെരിങ്ങമലയെ രക്ഷിക്കൂ , പശ്ചിമഘട്ടത്തെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല തുടങ്ങിയ പ്ലക്കാര്‍ഡുകളും സമരത്തില്‍ അണിനിരന്നവര്‍ ഉയര്‍ത്തി പിടിച്ചിരുന്നു.  പെരിങ്ങമലയിലെ ജില്ലാ കൃഷിത്തോട്ടത്തിലെ 15 ഏക്കര്‍ സ്ഥലത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരം 110 ദിവസം പിന്നിട്ടു. മൂന്നാം തീയതി പെരിങ്ങമലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മൂന്ന് ദിവസം കൊണ്ടാണ് നിയമസഭയ്ക്ക് മുന്നിലേക്ക് എത്തിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.