2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പെയിന്റടിയില്‍ അഴിമതി: ബെഹ്‌റക്കെതിരേ അന്വേഷണത്തിന് സെന്‍കുമാര്‍

പൊലിസ് ആസ്ഥാനത്ത് ചേരിപ്പോര് രൂക്ഷം

സെന്‍കുമാറിനെതിരേ പരാതിയുമായി ജൂനിയര്‍ സൂപ്രണ്ട്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമയുദ്ധത്തിലൂടെ പൊലിസ് മേധാവിയായ സെന്‍കുമാറിനെതിരേ പൊലിസ് തലപ്പത്ത് കലാപക്കൊടി. മുന്‍മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവുകള്‍ ഇഴകീറി പരിശോധിച്ച് അനധികൃത ഉത്തരവുകള്‍ റദ്ദ് ചെയ്യുന്നതിനു പിന്നാലെ ലോക്‌നാഥ് ബെഹ്‌റക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടതും പൊലിസ് ആസ്ഥാനത്ത് അഴിച്ചുപണി നടത്തിയതുമാണ് സെന്‍കുമാര്‍വിരുദ്ധ ചേരിയെ പ്രകോപിപ്പിച്ചത്. പൊലിസ് സ്‌റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ ഉത്തരവില്‍ അഴിമതിയുണ്ടെന്ന സൂചനയെ തുടര്‍ന്ന് സെന്‍കുമാര്‍ സ്ഥാനമേറ്റ ഉടന്‍ ഉത്തരവ് പിന്‍വലിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ പൊലിസ് സ്‌റ്റേഷനുകള്‍ക്കു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ജില്ലാ പൊലിസ് മേധാവികള്‍ക്ക് അയച്ച ഉത്തരവിലുണ്ടായിരുന്നത്. ഉത്തരവ് പിന്‍വലിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ വിശ്വാസിനും ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും ഇന്നലെ ബെഹ്‌റ വിശദീകരണം നല്‍കി. പെയിന്റ് ഏതാണെന്നു കണ്ടെത്താന്‍ കമ്പനിയുടെ പേര് സൂചിപ്പിച്ചതേ ഉള്ളൂവെന്നും, സെന്‍കുമാര്‍ ഡി.ജി.പിയായിരുന്നപ്പോഴാണ് പൊലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ പെയിന്റ് മാറ്റുന്ന പദ്ധതി ആവിഷ്‌കരിച്ചതെന്നും ബെഹ്‌റയുടെ വിശദീകരണക്കുറിപ്പിലുണ്ട്.
ഓഡിറ്റിങ്ങില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ പത്തനംതിട്ടയിലെ ജൂനിയര്‍ സൂപ്രണ്ടിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ട്. 14 വര്‍ഷത്തോളം സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്ത കോണ്‍സ്റ്റബിളിനെ ബെഹ്‌റ ഈയിടെ അവിടെ നിന്നു മാറ്റിയ ഉത്തരവും സെന്‍കുമാര്‍ റദ്ദാക്കി. നിയമസഭയില്‍ പൊലിസിന്റെ ലെയ്‌സണ്‍ ജോലി ചെയ്തിരുന്ന ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയ ബെഹ്‌റയുടെ ഉത്തരവും െറദ്ദാക്കി.
പൊലിസ് ആസ്ഥാനത്തെ അതീവ രഹസ്യവകുപ്പായ ടി ബ്രാഞ്ചിന്റെ മേധാവിയായിരുന്ന ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥാനത്ത് നിന്നു നീക്കിയതാണു പൊടുന്നനെ സേനയില്‍ പൊട്ടിത്തെറിക്കു കാരണമായത്. ബീനയെ ടി ബ്രാഞ്ചില്‍ നിന്നു യു ബ്രാഞ്ചിലേക്കും മറ്റൊരു ജൂനിയര്‍ സൂപ്രണ്ട് സജീവ് ചന്ദ്രനെ ടി ബ്രാഞ്ചിലേക്കും ജൂനിയര്‍ സൂപ്രണ്ട് ഗീതയെ എന്‍ ബ്രാഞ്ചില്‍ നിന്ന് യു ബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു. എന്നാല്‍ ബീന പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ബീനയ്ക്കു പകരം നിയമിച്ച സജീവ് ചന്ദ്രനും പുതിയ സ്ഥാനം ഏറ്റെടുത്തില്ല. തുടര്‍ന്ന് എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ സെന്‍കുമാര്‍ ടി ബ്രാഞ്ചില്‍ നിയമിച്ചു. പകരം ബീനയെ പേരൂര്‍ക്കട എസ്.എ.പിയിലേക്കു മാറ്റി.
സെന്‍കുമാറിനെ സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയ സമയത്ത് പുറ്റിങ്ങല്‍, ജിഷ കേസ് എന്നിവ സംബന്ധിച്ച രേഖകള്‍ വിവരാവകാശപ്രകാരം ആരോ ചോദിച്ചെന്നും അതു നല്‍കാന്‍ വിസമ്മതിച്ചതുമാണു ബീനയെ മാറ്റാനുള്ള കാരണമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. സെന്‍കുമാറിനെതിരേ ബീന ഇന്നലെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കി. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമാണ് ബീന പരാതിയുമായി ചീഫ് സെക്രട്ടറിക്ക് അടുത്തെത്തിയതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.