2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പെട്രോളിലും ഡീസലിലും മാത്രമല്ല, ‘പുല്ലിലും’ കാറോടും

പുതിയ ആശയവുമായി ഇന്ത്യ രംഗത്ത്

ന്യൂഡല്‍ഹി: ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ രാജ്യങ്ങള്‍ ബഹുദൂരം മുന്നിലെത്തി നില്‍ക്കവെ പുതിയൊരു ആശയവുമായി ഇന്ത്യ രംഗത്ത്. ഡീസല്‍, പെട്രോള്‍, വൈദ്യുതി എന്നിവകൊണ്ടു മാത്രമല്ല പുല്ലുകൊണ്ടും വാഹനമോടിക്കാമെന്ന ആശയവുമായാണ് ഇന്ത്യ മുന്നോട്ടുവന്നിരിക്കുന്നത്.
രാജ്യത്തെ എണ്ണ ഇറക്കുമതി വര്‍ധിച്ചതും ഇവയുടെ വില കുതിച്ചുയരുന്നതുമായ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗമായാണ് പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ ചെടിയായ മുളയെ ഇന്ധന ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണാര്‍ഥം തുടങ്ങുന്ന മുള ഇന്ധനം രാജ്യമാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. മുളയില്‍ നിന്ന് എഥനോള്‍ ഉല്‍പാദിപ്പിച്ച് അത് നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുകയാണ് ലക്ഷ്യം.
അസമിലെ പൊതുമേഖലാ കമ്പനിയായ നുമലീഗഡ് റീഫൈനറി ലിമിറ്റഡും ഫിന്നിഷ് ടെക്‌നോളജി കമ്പനിയായ ചെംബോയിസ് ഒയിയുമായി ചേര്‍ന്ന് 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിലെ മുളയുടെ മൂന്നില്‍രണ്ടുഭാഗവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണുള്ളത്. മുള സംസ്‌കരിച്ച് 60 കോടി ലിറ്റര്‍ എഥനോള്‍ ഉല്‍പാദിപ്പിക്കുകയാണ് ആദ്യ നടപടി. മുളയെ ജൈവ ഇന്ധനമാക്കി മാറ്റുന്നത് വലിയ നേട്ടത്തിന് വഴിവയ്ക്കും. ഇന്ധന സുരക്ഷയില്‍ മുളക്ക് മുന്തിയ സ്ഥാനം ലഭിക്കുകയും ചെയ്യുമെന്നും ഇത് സങ്കീര്‍ണതകളില്ലാത്ത പദ്ധതിയാണെന്നും നുമലീഗഡ് റിഫൈനറി ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ എസ്.കെ ബറുവ വ്യക്തമാക്കി.
നിലവിലെ ഇന്ധനത്തിന് ബദല്‍വരുന്നത് രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും. പരുത്തി, ഗോതമ്പ്, നെല്ല്, വൈക്കോല്‍, കരിമ്പിന്‍ ചണ്ടി, നഗരമാലിന്യം എന്നിവയില്‍ നിന്നെല്ലാം എഥനോള്‍ നിര്‍മിക്കാനാവശ്യമായ ബയോമസ് കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2022ഓടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ 10 ശതമാനം കുറവുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ സബ്‌സിഡിയോടെ 2020ല്‍ ജൈവ ഇന്ധന വിപണി 1,500 കോടി ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ പരമ്പരാഗത എണ്ണക്കമ്പനികളും ജൈവ ഇന്ധന മേഖലയില്‍ നിക്ഷേപം നടത്തുന്നുണ്ട്. ജൈവ ഇന്ധനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമാണ് അമേരിക്ക. 2009ലെ കണക്കനുസരിച്ച് 10.7 ലക്ഷം ടണ്‍ ധാന്യമാണ് അമേരിക്കയില്‍ എഥനോള്‍ ആക്കി മാറ്റുന്നത്. എന്നാല്‍, ഇന്ത്യയില്‍ ജൈവ ഇന്ധനത്തോട് ജനങ്ങള്‍ വിമുഖത കാണിക്കുകയാണ്. അതിനാല്‍ 2.1 ശതമാനത്തിന്റെ വര്‍ധനവ് കൈവരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഈ വര്‍ഷം ജൈവഇന്ധന ഉപഭോഗം അഞ്ചു ശതമാനമെങ്കിലും ആക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.