2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പെട്ടി ഓട്ടോകള്‍ കിട്ടാനില്ല; ആക്രിക്കച്ചവടക്കാര്‍ പ്രതിസന്ധിയില്‍

ഒലവക്കോട്: സംസ്ഥാനത്ത് സ്‌ക്രാപ്പ് വ്യാപാരമേഖലയും പ്രതിസന്ധിയിലാവുകയാണ്. പെട്ടിഓട്ടോയിലും ഉന്തുവണ്ടികളിലും പഴയസാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ പച്ചക്കറി സീസണ്‍ കച്ചവടത്തിനിറങ്ങിയതാണ് കാരണം. പ്രതിദിനം ആറ് മുതല്‍ 10വരെ പെട്ടിഓട്ടോകള്‍ സ്‌ക്രാപ്പുമായി വരുന്നിടത്ത് ഇപ്പോള്‍ പേരിനുപോലുമില്ലാത്ത സ്ഥിതിയാണെന്നാണ് സ്‌ക്രാപ്പ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പതിവിനു വിപരീതമായി പച്ചക്കറി ലോഡിന്റെ വരവും ഇരട്ടിയായിരിക്കുകയാണ്.
പച്ചക്കറിമാര്‍ക്കറ്റില്‍ കൂടുതല്‍ പച്ചക്കറി എത്തുന്നതിനാല്‍ വിലയും നന്നേകുറവാണ്. സബോള പൊതുവിപണിയില്‍ 20 രൂപയുള്ളപ്പോള്‍ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 15-16 രൂപയാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടിഓട്ടോകളില്‍ കയറിപ്പോകുന്ന പച്ചക്കറി ഗ്രാമീണമേഖകളിലൂടെയും കവലകളില്‍ കൂമ്പാരം കൂട്ടിയിട്ടും വില്‍ക്കുന്നവരുണ്ട്.
മൂന്നുകിലോ സബോളയ്ക്ക് 50 രൂപയും നാല് കിലോ തക്കാളിയ്ക്ക് 50 രൂപയുമായാണ് വ്യാപകമായി വില്‍ക്കുന്നത്. ഇത്തരത്തില്‍ പച്ചക്കറി കച്ചവടത്തില്‍ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന ദിനത്തില്‍ നേരത്തെ സ്‌ക്രാപ്പ് വ്യാപാരികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. പേപ്പറിന് 10-11 രൂപയും 18-20 രൂപയുമാണ് സ്‌ക്രാപ്പ് വ്യാപാരികള്‍ എടുക്കുന്നത്.
ഇത്തരത്തില്‍ ശേഖരിക്കുന്ന സ്‌ക്രാപ്പ് ഐറ്റങ്ങള്‍ തമിഴ്‌നാട്ടിലേയ്ക്കും കഞ്ചിക്കോട്ടെ വ്യവസായ മേഖലയ്ക്കുമാണ് കൊണ്ടുപോകുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍, പഴയപാത്രങ്ങള്‍ എന്നിവ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലേയ്ക്കും പേപ്പര്‍ (പഴയപാത്രം, നോട്ട് ബുക്ക് )എന്നിവ പേപ്പര്‍കവര്‍ നിര്‍മാണശാലകളിലേയ്ക്കും ഇരുമ്പ്, തകരം എന്നിവ കഞ്ചിക്കോട്ടെയും തമിഴ്‌നാട്ടിലെയും ഇരുമ്പ് ഉരുക്ക് നിര്‍മാണശാലകളിലേയ്ക്കുമാണ് പോകുന്നത്.
ജി.എസ്.ടി വന്നതോടെ പല സ്‌ക്രാപ്പ് വ്യാപാരസ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. പഴയ പത്രക്കെട്ടുകള്‍ നേരിട്ട് കയറ്റിഅയക്കാന്‍ പറ്റാത്ത ചെറുകിടവ്യാപാരികള്‍ ഏജന്‍സികളുടെ വാഹനങ്ങളിലാണ് കയറ്റി വിടാറുള്ളത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണമാത്രമാണ് ഇത്തരത്തില്‍ ലോഡ് കയറ്റി പോവുക എന്നതും വിലയിലുണ്ടാകുന്ന ഏറ്റകുറച്ചിലും വ്യാപാരികള്‍ക്കു ദുരിതം വിതയയ്ക്കുന്നു. പഴയ ടിവിഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ ആര്‍ക്കും വേണ്ടാതായതോടെ എടുക്കാന്‍പോലും മടിക്കുന്ന സ്ഥിതിയാണ്.
പഴയസാധനങ്ങള്‍ പ്രതിദിനമെത്തുന്ന വരവ് കുറഞ്ഞതോടെ വ്യാപാരം പകുതിയില്ലാതായിരിക്കുകയാണ്. ഒരു പെട്ടിവണ്ടിയില്‍ കുറഞ്ഞത് 2000-3000 രൂപയുടെ സാധനങ്ങളുണ്ടെന്നിരിക്കെ ഇവയുടെ വരവ് കുറഞ്ഞതോടെ പ്രതിദിനം 20,000 മുതല്‍ 30,000 രൂപയുടെ കച്ചവടം കുറഞ്ഞതായി പറയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും ഇതര സാഹചര്യങ്ങളും വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാവുമ്പോള്‍ ചെറുകിടകച്ചവടക്കാരുടെ ഇത്തരം കൂടുമാറ്റം സ്‌ക്രാപ്പ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.