2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പൂവാറന്‍തോട് ഗവ.എല്‍.പി സ്‌കൂള്‍ അസൗകര്യങ്ങള്‍ക്ക് ‘നൂറു മാര്‍ക്ക് ‘

മുക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഒരു നാടിന്റെ പ്രതീക്ഷയും ആശ്രയവുമായ പൂവാറന്‍തോട് ഗവ.എല്‍.പി സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ പൊറുതിമുട്ടുന്നു. സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറയുന്നു.
സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ക്ലാസ് റൂമുകളുമൊക്കെ സജ്ജമായെങ്കിലും മലയോര പ്രദേശമായ പൂവാറന്‍തോട് ഗവ. എല്‍.പി സ്‌കൂളില്‍ ഈ വക സൗകര്യങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ നിന്നും മറ്റു മേലാധികാരികളില്‍ നിന്നുമുള്ള ഇ മെയില്‍ മുഖേനയുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും മറ്റും യഥാസമയം കൈപ്പറ്റാനും മറുപടി നല്‍കാനും ഈ സ്‌കൂളിലെ അധ്യാപകര്‍ക്ക് വളരേയേറെ ബുദ്ധിമുട്ടാണ്. ഓരോ ദിവസവും ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം അതതു ദിവസം രണ്ട് മണിക്ക് മുന്‍പായി ബന്ധപ്പെട്ട സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ ഫോണ്‍ മുഖേന എ.ഇ.ഒ ഓഫിസില്‍ അറിയിച്ചാല്‍ മതി.
എന്നാല്‍ പൂവാറന്‍തോടില്‍ ടെലഫോണ്‍ സൗകര്യങ്ങളുടെ കുറവും ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ അഭാവവും കാരണം ഈ വക നിര്‍ദേശങ്ങളൊന്നും യഥാസമയം പാലിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ സ്‌കൂളിലെ  ഉച്ചഭക്ഷണം സംബന്ധിച്ച കണക്ക് ഓരോ ദിവസവും സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി സ്‌കൂളിലെ പ്രധാന അധ്യാപകന് ഉച്ചഭക്ഷണ ഇടവേളയില്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള കൂടരഞ്ഞി ടൗണില്‍ ദിവസവും പോയി വരേണ്ട ഗതികേടിലാണ്. ഗതാഗത സൗകര്യങ്ങളുടെ കുറവും വിദ്യാര്‍ഥികളെ വലക്കുന്നുണ്ട്.
ഈ വഴി സര്‍വിസ് നടത്തുന്ന ഏക കെ.എസ്.ആര്‍.ടി.സി ബസിനെ ആശ്രയിച്ചു വേണം കല്ലംപുല്ല്, ആനക്കല്ലുംപാറ, മേടപ്പാറ, ഒറ്റപ്ലാവ് പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. ഏതെങ്കിലും ദിവസം ബസ് ഓടിയില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ അന്നത്തെ ക്ലാസ് മുടങ്ങും. സ്വകാര്യ വാഹനങ്ങളെയും ടാക്‌സി ജീപ്പുകളെയും ആശ്രയിച്ചുള്ള ഗതാഗതം ചെലവേറിയതിനാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയാസകരമാണ്.
 ഈ പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്ത് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ റൂട്ടില്‍ അനുവദിക്കണമെന്നും സ്‌കൂളില്‍ അടിയന്തിരമായി അടിസ്ഥാന വികസനത്തിനാവശ്യമായ ഫണ്ടുകള്‍ അധികൃതര്‍ വകയിരുത്തണമെന്നും ബി.എസ്.എന്‍.എല്‍ അടക്കമുള്ള മൊബൈല്‍ ടവറുകള്‍ അടിയന്തിരമായി പൂവാറന്‍തോട്ടില്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.
 പഞ്ചായത്ത് അംഗം സണ്ണി പെരുകിലംതറപ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡെന്നിസ് ചോക്കാട്ട് അധ്യക്ഷനായി.  ഡാനിഷ് അഗസ്ത്യന്‍, കെ.എസ് ഹുനൈസ്, ആര്‍. സീമ, കെ.സി ഗ്ലിന്‍സി, ഷാഫി കോട്ടയില്‍, ടി. രാജ് ലാല്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.