2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൂയംകുട്ടി വനത്തില്‍ അതിക്രമിച്ച് കയറിയ ഒന്‍പതംഗ സംഘം അറസ്റ്റില്‍

കോതമംഗലം: വനത്തില്‍ അതിക്രമിച്ച് കയറി മദ്യലഹരിയില്‍ വന്യജീവികള്‍ക്ക് ശല്യമുണ്ടാക്കിയ ഒന്‍പത് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പൂയംകുട്ടി വനത്തിലെ കുഞ്ചിയാര്‍ ഭാഗത്ത് കുട്ടമ്പുഴ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വന പ്രദേശത്താണ് ഇവര്‍ അനുവാദമില്ലാതെ പ്രവേശിച്ചത്.
എറണാകുളം പള്ളിപ്പുറം കുഴുപ്പള്ളി സ്വദേശികളായ തേവാരിയില്‍ വീട്ടില്‍ സതീഷ് ടി. ഹരി, പടിഞ്ഞാറെ വീട്ടില്‍ മഹേഷ് ബാബു, വീരപ്പന്‍ ചിറ വീട്ടില്‍ പ്രജിത്, പ്രശാന്ത്, പഴം പള്ളി വീട്ടില്‍ ജീവന്‍, കൊല്ലങ്കോട് വീട്ടില്‍ സഞ്ജു, അറയ്ക്കപ്പറമ്പില്‍ വീട്ടില്‍ ജോയല്‍, തോട്ടപ്പള്ളി വീട്ടില്‍ ശരത് ടി.എസ്. എന്നിവരെയും ഇവര്‍ക്ക് വനത്തില്‍ പ്രവേശിക്കാന്‍ സഹായിച്ച കോതമംഗലം മാമലക്കണ്ടം ചാമപ്പാറ നിവാസിയായ കോട്ടക്കകത്ത് വീട്ടില്‍ മന്‍മുടി ഔസേഫ് എന്ന് വിളിക്കുന്ന ജോസഫ് കുര്യനെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോതമംഗലം ജെ.എഫ്.സി.എം കോടതി മുന്‍പാകെ ഹാജരാക്കി.
കുട്ടമ്പുഴ, മാമലക്കണ്ടം ഭാഗങ്ങളിലുള്ള അനധികൃത ഹോംസ്റ്റേ നടത്തിപ്പുകാരും മറ്റ് ചില വ്യക്തികളും വനത്തിലെ താമസവും വനത്തിലൂടെയുള്ള ട്രക്കിങും മറ്റും വാഗ്ദാനം ചെയ്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വന്യജീവികളുടെ നിരന്തരസാന്നിദ്ധ്യം ഉള്ള കുട്ടമ്പുഴ വനം റെയിഞ്ചിലെ പുഴകളിലും വനഭാഗങ്ങളിലും യാതൊരു വിധ ടൂറിസം പ്രവര്‍ത്തനങ്ങളും അനുവദിച്ചിട്ടില്ലാത്തതിനാല്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി പുഴ, വനഭാഗങ്ങളില്‍ പ്രവേശിച്ച് നിയമനടപടികള്‍ നേരിടാതിരിക്കുന്നതിന് ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കുട്ടമ്പുഴ റെയിഞ്ച് ഓഫിസര്‍ എസ്. രാജന്‍ അറിയിച്ചു.
പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. എസ്. ബന്‍സിലാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജറ്റിന്‍ തോമസ്, റെനി മാത്യു, വിശാല്‍ റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് പ്രതികളെ പിടികൂടിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.