2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കും

 

തൊടുപുഴ: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ സ്ഥിരം തൊഴിലാളികളുടെ മക്കള്‍ക്ക് വര്‍ഷം 4000 രൂപവീതം ടീബോര്‍ഡ് വിദ്യാഭ്യാസ സഹായം നല്‍കും. ഇടുക്കിയിലെ പീരുമേട് കമ്പനിയുടെ ചീന്തലാര്‍ ,ലോണ്‍ട്രി, എംഎംജെ പ്ലാന്റേഷന്റെ ബോണാമി, കോട്ടമല എന്നീ തോട്ടങ്ങളിലെ തൊഴിലാളികളുടെ കുട്ടികള്‍ക്കാണ് ധനസഹായം.
ഒന്നാംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദംവരെ പഠനം നടത്തുന്ന കുട്ടികള്‍ക്ക് ഈവര്‍ഷംമുതല്‍ സ്റ്റൈപ്പന്‍ഡ് നല്‍കും. ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. അടുത്ത മൂന്നുവര്‍ഷം ധനസഹായം നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. എസ്എസ് എല്‍സി്ക്കു മുകളിലുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ടീബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഇതിനു പുറമേയാണ് 4000 രൂപ സ്റ്റൈപ്പന്‍ഡ് നല്‍കുന്നത്. 2000 ലധികം കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ടീബോര്‍ഡിന്റെ പദ്ധതി.കുട്ടികളുടെ അധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവസഹിതം അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ സഹകരണത്തോടെ ടീ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ 19-ന് പീരുമേട് ടീകമ്പനി പുതുക്കടയിലും 20-ന് എംഎംജെ പ്ലാന്റേഷന്‍, 22-ന് ബോണക്കാട് എന്നിവിടങ്ങളില്‍ സിറ്റിംഗ് നടത്തുമെന്ന് ടീബോര്‍ഡ് അംഗങ്ങളായ പി. മോഹനന്‍, എം.പി. ഭാര്‍ഗവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
സിറ്റിംഗില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ടീബോര്‍ഡിന്റെ സബ് റീജണല്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. തൊഴിലാളികള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറും അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.