2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പുല്‍മേടുകളില്‍ തീപിടിത്തം; വിശ്രമമില്ലാതെ ഫയര്‍ഫോഴ്‌സ്

വിഴിഞ്ഞം: വേനല്‍ കനത്തു പുല്‍മേടുകളില്‍ തീപിടിത്തം പതിവായതോടെ വിശ്രമമില്ലാതെ ഫയര്‍ഫോഴ്‌സ് അധികൃതര്‍. അടിക്കടിയുണ്ടാകുന്ന തീപിടിത്തം പ്രദേശവാസികളെയും ആശങ്കയിലാക്കുന്നു. മതില്‍കെട്ടി തിരിച്ചിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ പുരയിടത്തിനു സമീപത്തെ നിരവധി വീടുകളും വേനല്‍കാലത്ത് അപകട ഭീഷണിയിലാണെന്നു ഫയര്‍ഫോഴ്‌സ് അധികൃതര്‍. കോവളം, വിഴിഞ്ഞം, തിരുവല്ലം, പൂങ്കുളം പ്രദേശങ്ങളില്‍ തീപിടിത്തങ്ങള്‍ പതിവായതോടെ വിശ്രമമില്ലാതെ ജോലിയെടുക്കുകയാണു അഗ്നിരക്ഷാ അംഗങ്ങള്‍.
പ്രദേശത്തെ വനവാസ മേഖലകളിലെ തരിശായിക്കിടക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ഭൂമികളില്‍ കാടുവളര്‍ന്നതും മാലിന്യവും ചവറും കുന്നുകൂട്ടിയിടുന്നതും കാരണം തീ പിടിത്തമുണ്ടായാല്‍ ആളിപ്പടരുന്ന അവസ്ഥയാണ്. ഇതാണു പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തീരദേശത്തെ പലയിടങ്ങളിലും ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. വെള്ളിയാഴ്ചയും മേഖലയില്‍ രണ്ടിടത്താണു തീപടര്‍ന്നത്. ഉടമസ്ഥര്‍ സ്ഥലത്തില്ലാതെ കാടു കയറിക്കിടക്കുന്ന സ്ഥലങ്ങളിലെ കാട് വൃത്തിയാക്കാന്‍ ഉടമസ്ഥരോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ തയാറായില്ലെങ്കില്‍ വേനല്‍ തീരുന്നതു വരെ തീപിടിത്തം പതിവാകുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നു.
പൂങ്കുളം വണ്ടിത്തടം നികുഞ്ചം റോഡിനു സമീപം കഴിഞ്ഞദിവസം ഉച്ചയോടെ പടര്‍ന്ന തീയില്‍നിന്ന് രക്ഷനേടാന്‍ സമീപത്തെ വീട്ടുകാര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. മതില്‍ കെട്ടിത്തിരിച്ച വസ്തുവില്‍ ഉണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും സമീപത്തെ തെങ്ങുകളിലേക്ക് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആളിക്കത്തിയ തെങ്ങുകളിലെ തീ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് ഏറെ പാടുപെടേണ്ടിയും വന്നു.
വൈകിട്ടോടെയാണു വിഴിഞ്ഞം തിയറ്റര്‍ ജങ്ഷനു സമീപം കൈരളി നഗറില്‍ തീപിടിത്തമുണ്ടായത്. തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ടായിരുന്നെങ്കിലും ഫയര്‍ഫോഴ്‌സിന്റെ അവസരോചിതമായ ഇടപെടല്‍ ഇവിടെയും അപകടം ഒഴിവാക്കി. മുന്‍വര്‍ഷങ്ങളെക്കാള്‍ ചൂടു വര്‍ധിച്ചതിനാല്‍ കാടുമൂടിയ വസ്തുക്കള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.