2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും

ദുരന്ത പ്രതികരണ നിധിയില്‍ നിന്നു 19 കോടിയുടെ ആശ്വാസ ധനസഹായം

എ.എസ്. അജയ്‌ദേവ്

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. വെടിക്കെട്ടപകടം മനുഷ്യ നിര്‍മിത ദുരന്തമായതിനാല്‍ കേന്ദ്ര മാനദണ്ഡപ്രകാരം ഫണ്ട് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്.
പുറ്റിങ്ങല്‍ ദുരന്തത്തെ പ്രത്യേകമായി കണ്ടു സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതു വൈകും. അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചാല്‍, ദുരന്ത നിവാരണ അതോറിറ്റിക്കു ഓരോ വര്‍ഷവും ചെലവഴിക്കാന്‍ കേന്ദ്രം നല്‍കുന്ന ദുരന്ത പ്രതികരണ നിധിയില്‍ നിന്നു പത്തു ശതമാനം തുക സംസ്ഥാനത്തിനു ചെലവഴിക്കാം. ഈ പത്തു ശതമാനം തുക ദുരന്തത്തില്‍പ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസ നിധിയായി നല്‍കാന്‍ സാധിക്കും. എന്നാല്‍, വെടിക്കെട്ടപകടത്തെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഈ തുക ചെലവഴിക്കാനാകൂ.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഈ വര്‍ഷം ദുരന്ത പ്രതികരണ നിധിയിലേക്ക് ലഭിച്ചത് 190 കോടിയാണ്.
ഇതില്‍ പത്തു ശതമാനമായ 19 കോടി രൂപയില്‍ നിന്നുമായിരിക്കും ആശ്വാസ ധനസഹായം നല്‍കുക. ചീഫ് സെക്രട്ടറി ചെയര്‍മാനും, റവന്യു, ആരോഗ്യം, ധന വകുപ്പു സെക്രട്ടറിമാര്‍ അംഗങ്ങളുമായ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്ത പ്രതികരണ നിധിയില്‍ നിന്നു തുക അനുവദിക്കേണ്ടത്.
വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂമി കുലുക്കം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളില്‍പ്പെടുന്നവര്‍ക്കു സഹായമെത്തിക്കാന്‍ എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. ഇതില്‍ നിന്നു സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രത്യേക ദുരന്തങ്ങള്‍ക്ക് ചെലവഴിക്കാന്‍ പത്തു ശതമാനം തുക വിനിയോഗിക്കാമെന്ന് രണ്ടു വര്‍ഷം മുന്‍പ് കേന്ദ്രം അനുമതി നല്‍കിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ കേന്ദ്ര പ്രകൃതി ദുരന്തപ്പട്ടികയില്‍പ്പെടാത്ത ഇടിമിന്നല്‍, കടല്‍ക്ഷോഭം, ശക്തമായ കാറ്റ് എന്നിവയെ കേരളം, സംസ്ഥാന ദുരന്തങ്ങളായി പ്രഖ്യാപിച്ചു.
കേന്ദ്ര ഫണ്ടില്‍ നിന്നു പത്തു ശതമാനം തുക ഇത്തരം ദുരന്തങ്ങളില്‍പ്പെടുന്നവരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. നിലവില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്കും, ഇടിമിന്നലേറ്റു മരിച്ചവരുടെ കുടുംബത്തിനും, ശക്തമായ കാറ്റില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കുന്നുണ്ട്.
ദുരന്ത പ്രതികരണ നിധിയില്‍ നിന്നു പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കു നാലു ലക്ഷംരൂപ വച്ചാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നര സ്‌ക്വയര്‍ കിലോമീറ്ററില്‍ കൃഷിയടക്കം മറ്റു നാശനഷ്ടങ്ങള്‍ക്കെല്ലാം ധനസഹായം വേറെയും.
പതിനഞ്ചു കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്നു വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ ദുരന്ത പ്രതികരണ നിധിയിലേക്ക് നല്‍കുന്ന തുക അതതു വര്‍ഷങ്ങളില്‍ ചെലവാക്കിയില്ലെങ്കില്‍ ആ തുക തിരിച്ചുപിടിക്കില്ല. അടുത്ത വര്‍ഷം അനുവദിക്കുന്ന തുകയോടൊപ്പം ഇരട്ടിക്കും.
ഇങ്ങനെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പക്കല്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച 180 കോടിയില്‍ 30 കോടി ബാക്കിയുണ്ട്. ഈ 30 കോടിയും ചേര്‍ത്തു നിലവില്‍ 220 കോടിയുണ്ട്. ഇതിന്റെ പത്തുശതമാനമാണ് സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങള്‍ക്കായി ചെലവഴിക്കാന്‍ അനുമതിയുള്ളത്. 109 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ബാക്കിപത്രമായ പുറ്റിങ്ങലിനെ പഴയ രീതിയിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കൂടാതെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സഹായം കാത്തിരിക്കാതെ അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര സഹായമെത്തിക്കാനും നടപടിയെടുക്കും.

പുറ്റിങ്ങല്‍ ക്ഷേത്ര ഭരണ സമിതി അംഗവും സഹോദരനും കീഴടങ്ങി

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി കീഴടങ്ങി. ക്ഷേത്ര ഭരണ സമിതി അംഗം പ്രേംലാല്‍ സഹോദരന്‍ ശ്യാംലാല്‍ എന്നിവരാണ് ക്രൈംബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങിയത്. പുറ്റിങ്ങല്‍ ക്ഷേത്ര ഭരണ സമിതി അംഗമാണ് പ്രേംലാല്‍. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു.
അതേസമയം അറസ്റ്റിലായ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. വീട്ടില്‍ നിന്നു വെടിമരുന്ന് വാങ്ങിയ ബില്ലുകളും നിരവധി രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

ദുരന്ത നിവാരണ അതോറിറ്റി ഇന്നു
റിപ്പോര്‍ട്ടു കൈമാറും

വെടിക്കെട്ടപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഇന്നു സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും, വിശദാംശങ്ങളും ഇന്നു കൈമാറും. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ ഈ ആവശ്യം എത്തിച്ച് അനുമതി നേടിയാല്‍ വരും ദിവസത്തില്‍ തന്നെ വെടിക്കെട്ടപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രഖ്യാപനം നടത്താനായില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കാനാകും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിയമം മറ്റു നിയമങ്ങള്‍ക്കെല്ലാം മുകളിലായതിനാല്‍ ദുരന്ത പ്രതികരണ നിധിയിലെ ഫണ്ടു ചെലവഴിക്കുന്നതിന് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം തടസ്സമാകില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.