2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പുറ്റിങ്ങല്‍ ദുരന്തം: പൊലിസുകാരെ പ്രതികളാക്കിയേക്കും

ടി. അനിരുദ്ധന്‍

തിരുവനന്തപുരം: 110 പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ചു തീരുമാനമെടുത്തിട്ടുണ്ട്. ചാത്തന്നൂര്‍ എ.സി.പി, പരവൂര്‍ സി.ഐ, എസ്.ഐ എന്നിവരെ പ്രതിചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മത്സരക്കമ്പമാണ് നടക്കുന്നതെന്നു മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പൊലിസ് നിഷ്‌ക്രിയത്വം പാലിച്ചുവെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മത്സരക്കമ്പം തടയാനോ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാനോ ഇവര്‍ മുന്നോട്ടുവന്നിരുന്നില്ല. മാത്രമല്ല, സംഭവം നടക്കുന്ന സമയത്ത് കമ്പപ്പുരയില്‍നിന്നു ജനങ്ങള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിര്‍ദേശം നടപ്പാക്കാനും നടപടി സ്വീകരിച്ചിരുന്നില്ലെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാസമയം ചുമതല നിര്‍വഹിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് നേരത്തെ ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പി, പരവൂര്‍ സി.ഐ, എസ്.ഐ എന്നിവരെ സ്ഥലംമാറ്റണമെന്ന് ഏതാനും ദിവസം മുന്‍പ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തമുണ്ടായി രണ്ടു ദിവസം കഴിഞ്ഞ ഉടനെതന്നെ ഉത്തരവാദപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഡി.ജി.പി തീരുമാനമെടുത്തിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.