2018 June 25 Monday
വിശുദ്ധ ഖുര്‍ആന്‍ ഞാന്‍ പരിശോധിച്ചു. അതില്‍ കുഫ്ര്‍ കഴിഞ്ഞാല്‍ പലിശയോളം പാപമുള്ളതായി മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.
ഇമാം മാലിക് (റ)

പുറമ്പോക്കു കുടുംബങ്ങളിലെ 92 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നു

 

കൊച്ചി: എറണാകുളത്ത് ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ പുറമ്പോക്കുകളില്‍ താമസിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ 92 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായി ഡി.വൈ.എഫ്.ഐ സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങുന്നു. ജനകീയ പങ്കാളിത്തത്തോടെ ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഡി.വൈ.എഫ്.ഐ കര്‍മപരിപാടി തയ്യാറാക്കിയിരിക്കുന്നത്.
ഇതിനായുള്ള ജനകീയ സമിതിയുടെ രൂപീകരണം നാളെ രാവിലെ 10.30ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. പ്രൊഫ. എം.കെ സാനുമാഷ്, ജസ്റ്റിസ് കെ.കെ ദിനേശന്‍, ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ്, ജനറല്‍ കണ്‍വീനര്‍ എം സ്വരാജ് എം.എല്‍.എ, എസ് ശര്‍മ എം.എല്‍.എ, സി.എന്‍ മോഹനന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആന്റണി ജോണ്‍ എം.എല്‍.എ, കെ.ജെ മാക്‌സി എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 92 വിദ്യാര്‍ഥികളില്‍ 60 പേര്‍ പെണ്‍കുട്ടികളും 32 ആണ്‍കുട്ടികളുമാണ്. നാല് ബി ടെക് ബിരുദധാരികളും മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന എട്ട് വിദ്യാര്‍ഥികളും ആറ് പി.ജി വിദ്യാര്‍ഥികളും 15 ഡിഗ്രി വിദ്യാര്‍ഥികളുമുണ്ട്. ഇവര്‍ക്ക് ഉപരിപഠന സൗകര്യം ലഭ്യമാക്കും. കുട്ടികളുടെ പഠനത്തിനാവശ്യമായ ഫണ്ട് ജനകീയമായി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി വിവിധ തലങ്ങളില്‍ ജനകീയ സമിതികള്‍ക്ക് രൂപം നല്‍കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ടാകും ജനകീയ സമിതികള്‍ പ്രവര്‍ത്തിക്കുക. സഹായങ്ങള്‍ സമാഹരിക്കുന്നതിനായി പ്രത്യേക ബാങ്ക് എക്കൗണ്ട് തുടങ്ങും. ഫണ്ട് സമാഹരണവും വിനിയോഗവും ജനകീയ ഓഡിറ്റിങ്ങിന് വിധേയമാക്കുകയും വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ് പറഞ്ഞു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സി.എസ്.ഇ.എസ്) എന്ന ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെ ബ്ലോക്ക് തലങ്ങളില്‍ പരിശീലനം നല്‍കിയ ഡി.വൈ.എഫ്.ഐ വാളണ്ടിയര്‍മാര്‍ പുറമ്പോക്കുകളില്‍ താമസിക്കുന്ന 1297 വീടുകളില്‍ സര്‍വെ നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദരിദ്രരില്‍ ദരിദ്രരായ 88 കുടുംബങ്ങളിലെ കുട്ടികളെയാണ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.