2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പുരാവസ്തു ഗവേഷകരുടെ വെളിപ്പെടുത്തല്‍: ബാബരി മസ്ജിദിനടിയില്‍ ക്ഷേത്രമില്ലായിരുന്നു

#യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിനു സംഘ്പരിവാര്‍ തകര്‍ത്ത ബാബരി മസ്ജിദിനു താഴെ ക്ഷേത്രമുണ്ടായിരുന്നില്ലെന്നും ഹിന്ദുത്വവാദികളുടെ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (എ.എസ്.ഐ) രാജ്യത്തോടു കള്ളം പറയുകയായിരുന്നുവെന്നും പ്രമുഖ പുരാവസ്തു ഗവേഷകരുടെ വെളിപ്പെടുത്തല്‍.
ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്ന് അയോധ്യയില്‍ പള്ളിനിലനിന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ നിരീക്ഷകരായിരുന്ന പ്രൊഫ. സുപ്രിയ വര്‍മയും ഡോ. ജയ മേനോനും വ്യക്തമാക്കി.
ആറുമാസത്തെ ഗവേഷണത്തിനൊടുവില്‍ ബാബരി പള്ളി നിലനിന്ന ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് 2003 ഓഗസ്റ്റില്‍ പുരാവസ്തു വകുപ്പ് അലഹാബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് വകുപ്പ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ നിര്‍ണായകമായിരുന്നു വകുപ്പിന്റെ നിലപാട്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ റിപ്പോര്‍ട്ടാണ് പുരാവസ്തു വകുപ്പ് നല്‍കിയിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദ്യമേ നിശ്ചയിച്ച ‘ഫലം’ തെറ്റിദ്ധരിപ്പിക്കുന്നതിനായി പുരാവസ്തു വകുപ്പ് രാജ്യത്തോടു നുണപറയുകയായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. ഹഫിങ്ട്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 26-ാംവാര്‍ഷികത്തിന്റെ തലേദിവസം ഇരുവരുടെയും നിര്‍ണായക വെളിപ്പെടുത്തല്‍. ജവഹര്‍ലാല്‍ നെഹ്‌റു പുരാവസ്തു പഠനത്തിലെ പ്രൊഫസറാണ് സുപ്രിയ വര്‍മ. നദര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയാണ് ജയ മേനോന്‍.
2003ല്‍ പുരാവസ്തു വകുപ്പു നടത്തിയ ഖനനത്തില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തില്ല. പകരം നേരത്തെ അവിടെയുണ്ടായിരുന്ന മുസ്‌ലിം പള്ളിയുടെ അവശിഷ്ടങ്ങളാണ് ലഭിച്ചത്.
നേരത്തെ പള്ളി നിലനിന്ന ഭൂമി ഉയര്‍ത്തിക്കെട്ടി അവിടെ മുഗള്‍ ചക്രവര്‍ത്തി പള്ളി നിര്‍മിക്കുകയായിരുന്നുവെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏതു കാലത്താണ് അവിടെ ക്ഷേത്രമുണ്ടായിരുന്നതെന്നു പുരാവസ്തു വകുപ്പ് പറഞ്ഞിട്ടില്ല. അലഹാബാദ് ഹൈക്കോടതിയില്‍ വകുപ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്നു സമര്‍ഥിക്കുന്ന ഇരുവരുടെയും പ്രബന്ധം നേരത്തെ പ്രമുഖ മാസികയായ ‘ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി’യില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രത്തില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദത്തിലാണ് പുരാവസ്തു വകുപ്പ് അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇവരുടെ ആരോപണം. പുരാവസ്തു ശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്കു യോജിച്ചതല്ല അവരുടെ നടപടിയെന്നും ഇരുവരും വ്യക്തമാക്കി.
അന്നു ഖനനം നടത്തിയതിനു നേതൃത്വം നല്‍കിയ ബി.ആര്‍ മണിയെ പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ നാഷനല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായി നിയമിച്ച് പ്രത്യുപകാരവും ചെയ്തു.

പറഞ്ഞത് വലിയ കള്ളം

11, 12 നൂറ്റാണ്ടുകളിലാണ് അയോധ്യയില്‍ മുസ്‌ലിംകള്‍ വലിയൊരു സമൂഹമായി മാറിയത്. അന്നവര്‍ അവിടെ ചെറിയ പള്ളികള്‍ നിര്‍മിച്ചു. പിന്നീട് മുഗള്‍ ഭരണകാലത്ത് അതുപൊളിച്ചാവണം 1528ല്‍ ബാബര്‍ ചക്രവര്‍ത്തി വലിയ പള്ളി പണിതത്. ഖനനത്തില്‍ കണ്ടെത്തിയ പടിഞ്ഞാറന്‍ മതില്‍, 50 തൂണുകളുടെ അടിത്തറ, വാസ്തുവിദ്യ എന്നീ മൂന്നുകാര്യങ്ങള്‍ ബാബരി പള്ളിക്കു താഴെ ക്ഷേത്രമല്ല, പള്ളിയാണ് ഉണ്ടായിരുന്നതെന്നതിനു തെളിവാണ്.
പടിഞ്ഞാറന്‍ മതില്‍ നിസ്‌കരിക്കാനായി മുഖം തിരിച്ചു നില്‍ക്കുന്ന ഭാഗം (ഖിബ്‌ല) ആയി നിര്‍മിച്ചതാണ്. അതിനു ക്ഷേത്രഘടനയില്ല. ക്ഷേത്രഘടന മറ്റൊരുതരത്തിലാണ്.
തൂണുകള്‍ ക്ഷേത്രത്തിന്റെതാണെന്നാണ് പുരാവസ്തു വകുപ്പിന്റെ വാദം. എന്നാല്‍, അതു തൂണുകളായിരുന്നില്ല.
മറിച്ച് തകര്‍ന്ന കൂറ്റന്‍ കല്ലുകളായിരുന്നു. അതിനുള്ളില്‍ മണ്ണുമുണ്ടായിരുന്നു. അത് ഉറപ്പിച്ചുനിര്‍ത്തുക പോലും ചെയ്തിരുന്നില്ല. എന്നാല്‍, ഇതു ക്ഷേത്രത്തിന്റെ തൂണുകളായി റിപ്പോര്‍ട്ടില്‍ ചേര്‍ക്കുകയാണ് പുരാവസ്തുവകുപ്പ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.