2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പുനലൂര്‍ തൂക്കുപാലം അപകടാവസ്ഥയില്‍

.
കൊല്ലം: ശാപമോക്ഷത്തില്‍ നിന്ന് മുക്തി നേടാതെ പുനലൂര്‍ തൂക്കുപാലം. പുനര്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനം 2016ല്‍ കഴിഞ്ഞിട്ടും ബാക്കി പ്രവൃത്തികള്‍ മന്ദഗതിയിലാണ്. പാലത്തിന്റെ നിലവിലെ അവസ്ഥ ഇപ്പോള്‍ ദയനീയമാണ്.
പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും മാസങ്ങളായി പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. സന്ദര്‍ശകര്‍ ഏറ്റവുമധികം എത്തുന്ന സീസണിലേക്ക് പ്രവേശിക്കുമ്പോഴാണ് പണികള്‍ നിലച്ചത്. തൂക്കുപാലത്തിന്റെ ഇരുവശങ്ങളിലുള്ള ഇരുമ്പ്‌വല സ്ഥാപിക്കുന്ന ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായത്. അതേസമയം, ചായം പൂശാതിരുന്നതിനാല്‍ ഈ ഇരുമ്പുവല തുരുമ്പിച്ചു തുടങ്ങിയിട്ടുണ്ട്. പാലത്തില്‍ പാകിയിട്ടുള്ള പലകകളില്‍ പലതും ദ്രവിച്ചു. ഇവ ഉറപ്പിച്ചിട്ടുള്ള നട്ടുകളും ബോള്‍ട്ടുകളും ഇളകി. ഇവ ഉറപ്പിച്ചില്ലെങ്കില്‍ വന്‍ അപകടത്തിന് കാരണമാകും. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 18.90 ലക്ഷം രൂപ പുരാവസ്തു വകുപ്പില്‍ നിന്ന് അനുവദിച്ചിരുന്നു. കൈവരിയില്‍ ഇരുമ്പുവല സ്ഥാപിക്കല്‍, കമാനങ്ങള്‍ മിനുക്കല്‍, ചായം പൂശല്‍, വൈദ്യുതീകരണം, സുരക്ഷാ ജീവനക്കാരുടെ കാബിന്റെ പൂര്‍ത്തീകരണം, പാലത്തില്‍ പാകിയിട്ടുള്ള പലകകളില്‍ ദ്രവിച്ചവ മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു പ്രവൃത്തികള്‍. കുട്ടികളടക്കം നിരവധിപേര്‍ ദിനംപ്രതി ഇവിടേക്ക് സന്ദര്‍ശനത്തിനായി എത്തിന്നുണ്ട്.
ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ഹെന്‍ട്രിയുടെ കാലഘട്ടത്തില്‍, കല്ലടയാറിന് കുറുകേ 1877ലാണ് തൂക്കുപാലം നിര്‍മിച്ചത്. 400 അടി നീളവും 20 അടി വീതിയുമാണ് പാലത്തിനുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 114.610 ക്യുബിക് മീറ്റര്‍ കമ്പകതടി ഉപയോഗിച്ച് 1.35 കോടി രൂപ ചിലവില്‍ തൂക്കുപാലം പുനര്‍നിര്‍മിച്ച് ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് താറുമാറായി കിടന്ന പുനലൂര്‍ തൂക്കുപാലം ഒടുവില്‍ ഒന്നരവര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്.
കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ വനംമന്ത്രിയായിരുന്നപ്പോള്‍ തൂക്കുപാലത്തിന്റെ നിര്‍മാണത്തിന് കമ്പകത്തടികള്‍ കണ്ടെത്തിയതാണ് പാലത്തിന്റെ നവീകരണത്തിന് വഴിത്തിരിവായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വനത്തില്‍ വീണുകിടന്ന കമ്പകത്തടികള്‍ മുറിച്ച് വനം ഡിപ്പോകളിലെത്തിച്ചത്. കമ്പകത്തടികളുടെ അഭാവത്തെ തുടര്‍ന്ന് നവീകരണം തടസപ്പെട്ട തൂക്കുപാലത്തിന് കമ്പകത്തടികള്‍ ലഭിച്ചതോടെ പുതുജീവന്‍ പകരുകയായിരുന്നു.
നവീകരണം വീണ്ടും മന്ദഗതിയിലായതിനെത്തുടര്‍ന്ന് സാംസ്‌കാരിക സമിതി ഇടപ്പെട്ട് നടത്തിയ ശ്രമങ്ങളാണ് ബന്ധപ്പെട്ടവരുടെ കണ്ണുതുറപ്പിച്ചത്. എം.എ നിഷാദ്, എം.കെ നസീര്‍, ബി. രാധാമണി സംസ്‌കാരിക സമിതിക്കുവേണ്ടി സമരരംഗത്ത് ഇറങ്ങുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് തൂക്കുപാലത്തിന്റെ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അധികാരികള്‍ കണ്ണുതുറന്നില്ലെങ്കില്‍ ഇത് വന്‍ അപകടത്തിന് വഴിയൊരുക്കാന്‍ സാധ്യതയേറെയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.