
കൊല്ലം: പ്രളയത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവച്ചിരുന്ന പുനലൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ ഇന്ന് മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം ഡിവിഷനില്‍ നിരവധി പാസഞ്ചര്‍ ട്രെയിനുകളുടെ ഓട്ടമാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ വെള്ളം ഇറങ്ങിയതിന് ശേഷം മറ്റ് പല ട്രെയിന്‍ സര്‍വിസുകളും പുന:രാരംഭിച്ചെങ്കിലും പുനലൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ സര്‍വിസ് പുന:രാരംഭിക്കാനുള്ള തീരുമാനം എടുത്തിരുന്നില്ല.
ഈ ട്രെയിന്‍ സര്‍വിസ് ഇല്ലാത്തതു കാരണം കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ നിരവധി ആളുകള്‍ക്ക് കഴിയാതെ വന്നിരുന്നു.
നിര്‍ത്തലാക്കിയ പുനലൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ സര്‍വിസ് പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികളും നിവേദനങ്ങളുമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് ലഭിച്ചു കൊണ്ടിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ അനന്തരാമനുമായി ഫോണില്‍ സംസാരിക്കുകയും പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ നാളെ മുതല്‍ ഓടിത്തുടങ്ങണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.