2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പുനര്‍നിര്‍മാണത്തിന് കൈകോര്‍ക്കാം; ആശയങ്ങള്‍ പങ്കുവെച്ച് ‘ഇന്ത്യ ഫോര്‍ കേരള’ കോണ്‍ക്ലേവ്

തിരുവനന്തപുരം: കേരളം പുനര്‍ നിര്‍മിക്കാനുള്ള രാഷ്ട്രീയ, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, വിനോദ മേഖലകളുടെ ഐക്യദാര്‍ഢ്യത്തിന് കളമൊരുക്കി ‘ഇന്ത്യ ഫോര്‍ കേരള’ കോണ്‍ക്ലേവ്. പുതിയ കാഴ്ചപ്പാടോടെ കേരള സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ടൈംസ് നെറ്റ്‌വര്‍ക്ക് ആരംഭിച്ച #കിറശമളീൃഗലൃമഹമ എന്ന പ്രചാരണ പരിപാടിയുടെ ഓണ്‍ ഗ്രൗണ്ട് എക്സ്റ്റന്‍ഷനായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. തൈക്കാട് ടാജ് വിവാന്റയില്‍ ടൈംസ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച കോണ്‍ക്ലേവ് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. പ്രളയത്തിനു വഴങ്ങിക്കൊടുക്കാനല്ല പൊരുതി മുന്നേറാനാണ് ഞങ്ങളുടെ ദൃഢനിശ്ചയമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പ്രളയബാധിതരായ ജനങ്ങളെ നേരത്തെ ഉണ്ടായിരുന്നതിലും മെച്ചപ്പെട്ട ഒരു സാഹചര്യത്തിലേക്ക് പുനരധിവസിപ്പിക്കുന്നതില്‍ കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളും രംഗത്തുണ്ടെന്നും വിഡിയോ സന്ദേശത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മലയാളികള്‍ അവരുടെ പ്രസിദ്ധമായ ജീവിതഗുണനിലവാരം തിരികെ പിടിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു
പ്രളയത്തിനു ശേഷമുള്ള കേരളത്തില്‍ ഇപ്പോള്‍ രണ്ടു ദിശാ ലക്ഷ്യങ്ങളുള്ള പ്രവത്തനങ്ങളാണ് നടക്കുന്നതെന്ന് ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വിഡിയോ സന്ദേശത്തിലൂടെ വിശദീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുമ്പോള്‍ത്തന്നെ ഒരു പുതിയ കേരളത്തിന്റെ ഉദയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പുനര്‍ വിചിന്തനത്തിനും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഒത്തൊരുമിച്ച് നടപ്പാക്കാം എന്നതിനെക്കുറിച്ചും തുറന്ന ചര്‍ച്ചകള്‍ക്ക് വെള്ളപ്പൊക്കം വഴിവെച്ചുവെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മാണം എങ്ങനെ, കേരള സാമ്പത്തിക രംഗത്തിന്റെ ഉടച്ചു വാര്‍ക്കല്‍ സ്വാശ്രയത്വത്തിനുള്ള സഹായം, സിറ്റിസണ്‍സ് ഫോര്‍ കേരള, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം: സഹായവും തടസങ്ങളും, കേരള പുനര്‍വിചിന്തനം’ എന്നിവ ഉള്‍പ്പെടെ ചിന്തോദ്ദീപകമായ പല വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ശശി തരൂര്‍ എം.പി, ഷിബു ബേബി ജോണ്‍, പ്രശാന്ത് നായര്‍ ഐ.എ.എസ്, കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, അഡ്വ. ഹരീഷ് വാസുദേവന്‍, രാഹുല്‍ ഈശ്വര്‍, ആര്‍ക്കിടെക്ട് ജി .ശങ്കര്‍ തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ പങ്കെടുത്ത് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.