2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

പുതിയ ക്വാറികള്‍ക്ക് കേന്ദ്രാനുമതി ഇല്ല

ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഏത് തരത്തിലുള്ള ഖനവും അനുവദിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്റെ വിവരങ്ങള്‍ കേരളം കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പുനര്‍ വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുനര്‍ വിജ്ഞാപനത്തിന് അനുമതി നല്‍കിയത്. കേരളമാവശ്യപ്പെട്ട മാറ്റങ്ങള്‍ പുനര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിയമ മന്ത്രാലയത്തില്‍നിന്ന് ഉപദേശം തേടുമെന്നും വിവരമുണ്ട്.
കേരളവും കര്‍ണാടകവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പശ്ചിമ ഘട്ടത്തിലെ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് മൂന്നാമതും കരടു വിജ്ഞാപനമിറക്കിയ ശേഷമാണ് പുനര്‍ വിജ്ഞാപനം വേണ്ടി വരുമെന്ന നിലപാടിലേക്ക് ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയം എത്തിയത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിത ലോല പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമാണ് പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുന്നോട്ടുവച്ചത്.
പുനര്‍ വിജ്ഞാപനത്തില്‍ പരിസ്ഥിതിലോല പ്രദേശമുള്‍പ്പെടുന്ന 4,452 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും മന്ത്രാലയ വിദഗ്ധ സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
തീരുമാനം നടപ്പിലായാല്‍ പരിസ്ഥിതി ലോല പ്രദേശ പരിധിയിലെ 123 വില്ലേജുകള്‍ 94 ആയി ചുരുങ്ങിയേക്കും. പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനം ഇറക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമ തടസം ചൂണ്ടിക്കാട്ടിയാല്‍ മന്ത്രാലയം സുപ്രിംകോടതിയെ സമീപിച്ചേക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.