2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പുണ്യ ഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും ഇ-വള തയാറാകുന്നു

അബ്ദുസ്സലാം കൂടരഞ്ഞി

 

മക്ക: വിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് ഇ വള തയാറാകുന്നു. തീര്‍ഥാടകരുടെ നീക്കവും മറ്റു കാര്യങ്ങളും നേരിട്ട് അറിയാവുന്ന തരത്തില്‍ ജി.പി.എസ് സംവിധാനത്തോടെയാണ് ഇ വള തയാറാക്കുന്നതെന്ന് നാഷണല്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റി സി.ഇ.ഒ മുഹമ്മദ് ബിന്‍ ബാദി പറഞ്ഞു. തങ്ങളുടെ ഇത്തരം ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി വാച്ച് നിര്‍മിക്കാന്‍ ചൈനീസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.പി.എസ് സംവിധാനമടക്കമുള്ള വിവിധ സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്ന വളയില്‍ തീര്‍ഥാടകന്റെ പ്രാഥമിക വിവരങ്ങള്‍, താമസ കേന്ദ്രം, മാപ്പ്, തുടങ്ങിയവ ഉള്‍കൊള്ളുന്നതായിരിക്കും. വിവിധ സ്ഥലങ്ങളിയില്‍ വെച്ച് വഴിയറിയാതെ കുടുങ്ങുകയോ മറ്റോ ആയാല്‍ താമസ സ്ഥലങ്ങളിലെക്ക് എത്തിച്ചേരാനും അടിയന്തിര ഘട്ടങ്ങളില്‍ ഇവരുടെ സ്ഥലങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നതാണ് സംവിധാനം.
കൂടാതെ, മക്ക, മദീന എന്നിവിടങ്ങളിലെ ആശുപത്രികള്‍, മെഡിക്കല്‍ കേന്ദ്രങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള വഴികളും ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കണ്ടെത്താനാകും. ഈ വാച്ച് ഉപയോഗിച്ച് സഊദി അടിയന്തിര നമ്പറിലേക്ക് ബന്ധപ്പെടാനും കഴിയുമെന്നതിനാല്‍ ഏത് അടിയന്തിര ഘട്ടങ്ങളിലും സഹായകരമായി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിസ്‌കാര സമയങ്ങള്‍, ഖിബ്‌ല ദിശ എന്നിവയും ഉള്‍കൊള്ളുന്നതിനാല്‍ ഏത് സ്ഥലത്ത് വെച്ചും യഥാ സമയം പ്രാര്‍ഥനകള്‍ നടത്താനും ഇത് ഉപകരിക്കും.

തീര്‍ഥാടകരുടെ ലഗേജ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൂടി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനായി പ്രത്യേകം കമ്പനികള്‍ രൂപീകരിക്കാനാണ് പദ്ധതി. തീര്‍ഥാടകര്‍ വിമാനമിറങ്ങിയ കേന്ദ്രത്തില്‍ നിന്നും ലഗേസുകള്‍ സ്വീകരിച്ച് താമസസ്ഥലത്തേക്ക് എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News