2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പുഞ്ചക്കൊല്ലി കോളനിയിലെത്തിയ മാവോയിസ്റ്റുകളില്‍ രണ്ടു പേരെ ആദിവാസികള്‍ തിരിച്ചറിഞ്ഞു

നിലമ്പൂര്‍: വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. വയനാട് സ്വദേശി സോമന്‍, കര്‍ണാടക സ്വദേശി വിക്രംഗൗഡ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പൊലിസ് ഫോട്ടോ കാണിച്ചുകൊടുത്തതോടെയാണ് ഇവരെ ആദിവാസികള്‍ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രിയോടെയാണ് തോക്കു ധാരികളായ രണ്ടു സ്ത്രീകള്‍ ഉള്‍പെടെ പത്തംഗസംഘം കോളനിയിലെത്തിയത്. ആറുപേര്‍ കോളനിയിലും ബാക്കിയുള്ളവര്‍ പുറത്ത് വനത്തിനു സമീപവുമാണ് നിലയുറപ്പിച്ചത്. മാവോയിസ്റ്റുകള്‍ക്ക് അനുകൂല മുദ്രവാക്യം മുഴക്കി വനത്തില്‍ നിന്നും കോളനിക്ക് സമീപത്തെ കോരംപുഴ കടന്നാണ് ഇവരെത്തിയത്. തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് അറിയിച്ച് കോളനിയിലെ വീടു കയറിയിറങ്ങി.

കോളനിയിലെ ഗിരിജന്‍ സൊസൈറ്റിയുടെ കെട്ടിടത്തിന് മുന്‍വശത്തെ സോളാര്‍ ലൈറ്റിന് സമീപം കോളനിക്കാരെ വിളിച്ചുകൂട്ടിയിരുന്നു. സംഘത്തിലെ ഒരാള്‍ മാത്രമാണ് മലയാളം സംസാരിച്ചിരുന്നത്. മറ്റുള്ളവര്‍ തമിഴും കന്നഡയുമാണ് സംസാരിച്ചിരുന്നത്. ആദിവാസികളുടെ അവകാശങ്ങളും ഇവരുടെ ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നതിനെക്കുറിച്ചും കോളനിയിലെ അടിസ്ഥാന പ്രശ്‌നങ്ങളും ഇവര്‍ ചര്‍ച്ച ചെയ്തു. ലഘുലേഖകളും വിതരണം ചെയ്തു. കോളനി വീടുകളിലും ഗിരിജന്‍ സൊസൈറ്റിയുടെ കെട്ടിടത്തിലും വോട്ട് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകളും പതിച്ചു. കോളനി വീടുകളില്‍ നിന്നുംഅരിയും മറ്റു ഭക്ഷ്യസാധനങ്ങളും ശേഖരിച്ച് വീണ്ടും വരുമെന്ന് അറിയിച്ചാണ് മടങ്ങിയത്.

വിവരം അറിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ തണ്ടര്‍ബോള്‍ട്ട് സംഘം കോളനിയിലെത്തി. മാവോയിസ്റ്റുകള്‍ പതിച്ച പോസ്റ്ററുകള്‍ കീറി ക്കളയുകയും പകരം ഇവരുടെ ചിത്രങ്ങളോടുകൂടിയ പോസ്റ്ററുകളും പൊലിസ് പതിച്ചു. സമീപ കോളനികളിലും പൊലിസ് പരിശോധന നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.